ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിയെ ഒരു ആഗോളനഗരമാക്കി മാറ്റുക മാത്രമല്ല ചെയ്തതെന്നും മറിച്ച് ഈ മേഖലയിലെ മനുഷ്യരുടെ ആത്മവിശ്വാസത്തെയും കഴിവുകളെയും പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ചെയ്തതെന്നും ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുള്ള അൽ ഗർഗാവി പ്രസ്താവിച്ചു. അബുദാബിയിൽനടന്ന മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറം 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് പതിറ്റാണ്ടുനീണ്ട ശൈഖ് മുഹമ്മദിന്റെ സമാനതകളില്ലാത്ത നേട്ടങ്ങളെയും ദുബായിയുടെ വികസനത്തെ നയിച്ച ഭരണതത്ത്വങ്ങളെയും സ്മരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ഒരു വിമാനത്താവളത്തിലോ ബുർജ് ഖലീഫ പോലുള്ള വൻ ടവറുകളിലോ ഏതെങ്കിലും ഒറ്റപ്പെട്ട പദ്ധതികളിലോ ഒതുങ്ങിനിൽക്കുന്നതല്ല ശൈഖ് മുഹമ്മദിന്റെ നേട്ടങ്ങളെന്ന് അൽ ഗർഗാവി ചൂണ്ടിക്കാട്ടി. നഗരത്തോടൊപ്പം ഒരു സംസ്കാരത്തെയും ആധുനിക സമൂഹത്തെയും മികച്ച മനുഷ്യവിഭവത്തെയുമാണ് അദ്ദേഹം വളർത്തിയെടുത്തത്. എണ്ണയെമാത്രം ആശ്രയിച്ചിരുന്നതും സംഘർഷങ്ങളുടെപേരിൽ അറിയപ്പെട്ടിരുന്നതുമായ ഒരു മേഖലയിൽനിന്ന്, വ്യാപാരം, വ്യോമയാനം, ടൂറിസം, സാമ്പത്തിക സാങ്കേതിക വിദ്യകൾ എന്നിവയിൽ അധിഷ്ഠിതമായ ഒരു സുദൃഢ സാമ്പത്തികവ്യവസ്ഥ പടുത്തുയർത്താൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് സാധിച്ചു.
തൊഴിലിനായോ പുതിയ അവസരങ്ങൾക്കായോ അറബ് യുവാക്കൾ പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറിയിരുന്ന പഴയ രീതിക്ക് ശൈഖ് മുഹമ്മദ് വിരാമമിട്ടു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രഗല്‌ഭരായ പ്രതിഭകളും വൻകിട കമ്പനികളും സുരക്ഷയും മികച്ച തൊഴിൽ അന്തരീക്ഷവും തേടി ദുബായിലേക്ക് ഒഴുകിയെത്തുകയാണ്. സർക്കാർ സേവനങ്ങളുടെയും പദ്ധതികളുടെയും വിജയം അളക്കേണ്ടത് ജനങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ വെച്ചായിരിക്കണമെന്ന് ശൈഖ് മുഹമ്മദ് ഉദ്യോഗസ്ഥരെ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. ജനങ്ങൾക്ക് ഈ ഭരണത്തിൽ പൂർണതൃപ്തിയുണ്ടോ എന്ന ഒരൊറ്റ ചോദ്യത്തിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ കാര്യക്ഷമത പരിശോധിച്ചിരുന്നത്.
പദ്ധതികൾ നീണ്ടുപോകുന്നതിലും ലക്ഷ്യങ്ങൾ വൈകുന്നതിലും ഒട്ടും താത്‌പര്യമില്ലാത്ത ഭരണാധികാരിയാണ് ശൈഖ് മുഹമ്മദെന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അൽ ഗർഗാവി പറഞ്ഞു. വൻകിട പദ്ധതികൾക്കു പിന്നിലെ ദയയും കാരുണ്യവുമുള്ള മനുഷ്യനെയും മന്ത്രി സദസ്സിന് പരിചയപ്പെടുത്തി. അപരിചിതനായ ഒരു കുട്ടിയുടെ ചികിത്സാകാര്യങ്ങൾ വ്യക്തിപരമായി അന്വേഷിച്ചതും വിദൂര ആഫ്രിക്കൻ ഗ്രാമത്തിലെ കുടിവെള്ള പദ്ധതിയിൽ ശ്രദ്ധപുലർത്തിയതും സ്വന്തം പുസ്തകത്തിൽ തന്റെ അന്തരിച്ച മാതാവിനായി പ്രത്യേക കുറിപ്പെഴുതി ഒപ്പിട്ടുനൽകിയതും അൽ ഗർഗാവി വൈകാരികമായി ഓർത്തെടുത്തു. ഔദ്യോഗിക റിപ്പോർട്ടുകളിൽ ഇടംപിടിക്കാത്ത ഇത്തരം അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ യഥാർഥ മഹിമ വ്യക്തമാക്കുന്നത്.
ചരിത്രം ശൈഖ് മുഹമ്മദിനെ ഓർമ്മിക്കുക അദ്ദേഹം നിർമിച്ച കെട്ടിടങ്ങളുടെ പേരിൽ മാത്രമല്ലെന്നും അറബ് ജനതയ്ക്ക് തങ്ങളുടെ കഴിവുകളിൽ തിരികെനൽകിയ അപാരമായ ആത്മവിശ്വാസത്തിന്റെ പേരിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകത്തെ ഏത് വൻശക്തികളോടും മത്സരിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന ബോധം അറബ് ലോകത്ത് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു മികച്ചനേതാവിന് നൽകാവുന്ന ഏറ്റവും വലിയ ആദരം അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെ വരുംതലമുറയ്ക്കായി തുടർച്ചയായി അധ്വാനിക്കുക എന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അൽ ഗർഗാവി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Published: 14 Oct 2026, 01:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented