സുരക്ഷയ്ക്ക് സജ്ജമായി ദുബായ് പോലീസ്

To advertise here,

സുരക്ഷാ ജീവനക്കാർക്ക് പരിശീലനം, സ്മാർട്ട് ആപ്പ് സേവനങ്ങളും

ദുബായ് : ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ബുധനാഴ്ചമുതൽ ആരംഭിക്കും. സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകളുമായി ദുബായ് പോലീസും രംഗത്തുണ്ട്. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ വാഹനസഞ്ചാരം ഉറപ്പാക്കുന്നതിനുമായി 49 സൂപ്പർവൈസർമാർക്കും പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡുകൾക്കുമായി ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് പ്രത്യേക പരിശീലന ശില്പശാലകൾ സംഘടിപ്പിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നെത്താനും ചെറിയ വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് പോലീസ് പട്രോളിങ് വാഹനങ്ങൾ നേരിട്ട് എത്തേണ്ട സാഹചര്യം ലഘൂകരിക്കുന്നതിനുമാണ് സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ട്രെയിനിങ് നൽകുന്നതെന്ന് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഇസാം ഇബ്രാഹിം അൽ അവാർ വ്യക്തമാക്കി. വിവിധ പൊതു -സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ സുരക്ഷാബോധം വർധിപ്പിക്കുന്നതിനുമാണ് ദുബായ് പോലീസ് മുൻഗണന നൽകുന്നത്.

ട്രാഫിക് വിസിലുകളും സൂചനകളും ഉപയോഗിച്ച് വാഹനങ്ങളെ ക്രമീകരിക്കുന്ന രീതി, ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട സംവിധാനങ്ങൾ, ഡ്രൈവർമാരോടും പൊതുജനങ്ങളോടും പെരുമാറേണ്ട രീതികൾ എന്നിവയിൽ ജീവനക്കാർക്ക് പ്രായോഗിക പരിശീലനം നൽകി. കൂടാതെ, ചെറിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ പ്രദേശം എങ്ങനെ നിയന്ത്രണത്തിലാക്കണമെന്നും ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് ഉപയോഗിച്ച് അപകട റിപ്പോർട്ടുകൾ വേഗത്തിൽ സമർപ്പിക്കുന്നത് എങ്ങനെയെന്നും ജീവനക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ഭാഗമായി അപകടരംഗങ്ങൾ സൃഷ്ടിച്ചുള്ള മാതൃകാ പരിശീലനവും ദുബായ് പോലീസ് പൂർത്തിയാക്കി.

അജ്മാനിൽനിന്നും റാസൽഖൈമയിൽനിന്നും നേരിട്ട് ബസ് സർവീസ്

ദുബായ് : ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ, സന്ദർശകർക്ക് കുറഞ്ഞ ചെലവിൽ എത്തിച്ചേരാനായി പൊതുഗതാഗത സൗകര്യങ്ങൾ വിപുലീകരിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). നാല് നേരിട്ടുള്ള ബസ് സർവീസുകളാണ് ആർ.ടി.എ. പുനരാരംഭിച്ചിരിക്കുന്നത്. ദുബായിലെ പ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള ബസ് യാത്രയ്ക്ക് ഒരു വശത്തേക്ക് 10 ദിർഹം മാത്രമാണ് നിരക്ക് ഈടാക്കുന്നത്. ദുബായിലെ വിവിധ ഗതാഗത കേന്ദ്രങ്ങളെയും മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് ആർ.ടി.എ. സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

അൽ റാഷിദിയ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന റൂട്ട് 102 മണിക്കൂറിലും യൂണിയൻ ബസ് സ്റ്റേഷനിൽനിന്നുള്ള റൂട്ട് 103 സർവീസ് 40 മിനിറ്റ് ഇടവേളകളിലും ലഭ്യമാണ്. കൂടാതെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽനിന്നുള്ള റൂട്ട് 104, മാൾ ഓഫ് ദ എമിറേറ്റ്സ് ബസ് സ്റ്റേഷനിൽനിന്നുള്ള റൂട്ട് 106 എന്നിവയും ഓരോ മണിക്കൂർ ഇടവിട്ട് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തും.

നോൽ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാവുന്ന ഈ സർവീസുകളിൽ മടക്കയാത്ര ഉൾപ്പെടെ 20 ദിർഹം മാത്രമേ ചെലവാകൂ. തനിയെ യാത്ര ചെയ്യുന്നവർക്കും ദമ്പതിമാർക്കും ടാക്‌സികളെ അപേക്ഷിച്ച് വലിയ തുക ലാഭിക്കാൻ ഇത് സഹായിക്കും.ദുബായിക്കു പുറമെ അജ്മാൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽനിന്നുള്ള സന്ദർശകർക്കായി പ്രത്യേക ഇന്റർസിറ്റി ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

അജ്മാനിലെ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

ഇവിടെനിന്ന് ഉച്ചയ്ക്ക് 2.15, 4.45, വൈകുന്നേരം 6.15 എന്നീ സമയങ്ങളിൽ ബസുകൾ ലഭ്യമാണ്. ഗ്ലോബൽ വില്ലേജിൽനിന്ന് അജ്മാനിലേക്ക് തിരികെ വരാൻ പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 3.45, രാത്രി 10.30, പുലർച്ചെ 12.30 സമയങ്ങളിലും വാരാന്ത്യങ്ങളിൽ പുലർച്ചെ 1.30-നും സർവീസുകൾ ഉണ്ടായിരിക്കും.

റാസൽഖൈമയിൽനിന്നുള്ള സന്ദർശകർക്കായി ആഴ്ചയിൽ മൂന്നു ദിവസമാണ് (വെള്ളി, ശനി, ഞായർ) പ്രത്യേക ബസ് സൗകര്യമുള്ളത്. വൈകുന്നേരം മൂന്നു മണിക്കും അഞ്ച് മണിക്കും പുറപ്പെടുന്ന ഈ സർവീസിന് ഒരാൾക്ക് 30 ദിർഹമാണ് ഒരു വശത്തേക്കുള്ള നിരക്ക്. തിരികെ പോകുന്ന സമയക്രമം യാത്രയ്ക്ക് മുൻപ് സ്ഥിരീകരിക്കേണ്ടതുണ്ട്.