പനമരം : ഗായകൻ ഉദിത് നാരായണന്റെ ശബ്ദസാദൃശ്യത്താൽ വേദികളെ കീഴടക്കിയ നിസാർ വയനാടിന്റെ അപ്രതീക്ഷിത വേർപാടിൽ വിങ്ങി സംഗീതപ്രേമികൾ.
ശനിയാഴ്ച രാത്രി എട്ടരയോടെ മരണവാർത്ത അറിഞ്ഞപ്പോൾ സ്വദേശമായ കമ്പളക്കാടുള്ളവർക്കും വയനാട്ടിലെ സുഹൃദ്‌വലയങ്ങൾക്കും വിശ്വസിക്കാനായില്ല. പാട്ടുകൊണ്ട് സംഗീതപ്രേമികളെ കീഴടക്കിയ നിസാർ വയനാട് എന്ന അതുല്യ കലാകാരൻ വിശാലസൗഹൃദത്തിനും ഉടമയായിരുന്നു. അന്തരിച്ച കലാകാരൻ കലാഭവൻ മണി ഉൾപ്പടെയുള്ളവരുമായും സൗഹൃദമുണ്ടായിരുന്നു.
കേരളത്തിലെ വിവിധ കലാകാരന്മാർക്കൊപ്പം വേദികൾ കൈയടക്കിയ അദ്ദേഹം ഗൾഫ് നാടുകളിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കുമുൻപാണ് നിസാർ കമ്പളക്കാടുനിന്ന് ദുബായിലേക്ക് സ്റ്റേജ് ഷോയ്ക്കായി പോയത്. എന്നാൽ, ഈ യാത്ര അദ്ദേഹത്തിന്റെ അവസാനയാത്രയായി മാറുകയായിരുന്നു. നാടൻപാട്ടിലൂടെയും ഹിന്ദിഗാനങ്ങളിലൂടെയും ജനഹൃദയം കൈയടക്കി.
ഗായകൻ ഉദിത് നാരായണനുമായി ശബ്ദസാദൃശ്യമുള്ളതിനാൽ അദ്ദേഹത്തിന്റെ പാട്ടുകൾ സ്ഥിരമായി ആലപിക്കാറുണ്ടായിരുന്നു. നാടൻപാട്ട്, മലയാളം, കന്നഡ സിനിമാ മേഖലയിലും നിസാർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കലാഭവൻ മണിക്കൊപ്പവും നിസാർ ഒട്ടേറെ സ്റ്റേജ് ഷോകളിൽ പങ്കെടുത്തു.
രണ്ടരപ്പതിറ്റാണ്ടായി കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ബൈക്കിൽ തുണിത്തരങ്ങൾ ഇൻസ്റ്റാൾമെന്റായി വിറ്റ് ഉപജീവനം നടത്തിവന്ന നിസാർ മാപ്പിള ആൽബം സോങ്ങിലൂടെയാണ് പ്രശസ്തനായി മാറുന്നത്. ‘തുള്ളിമഴയത്ത് ഒരു പുള്ളിക്കുട ചൂടി’ എന്ന ആൽബം സോങ്ങിലൂടെ അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു. പിന്നീട് ജൂനിയർ ഉദിത് നാരായണനായി വയനാട്ടിലും ഗൾഫ് നാടുകളിലും കുടക് ജില്ലയിലും ഇദ്ദേഹം പ്രശസ്തിനേടി.
‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും കന്നഡ സിനിമയിലും ഗാനമാലപിച്ച് സിനിമാ പിന്നണിഗാനരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Published: 06 Sept 2026, 01:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented