മണിമല : മണിമല, വെള്ളാവൂർ പഞ്ചായത്തുകളെ മുക്കിക്കളഞ്ഞ അതേ മണിമലയറാണോ ഇൗ ഒഴുകുന്നതെന്ന് ഇപ്പോൾ നോക്കിയാൽ തോന്നും. ഇരുകര വിഴുങ്ങി ഒഴുകിയ പുഴയിപ്പോൾ മെലിഞ്ഞു. വെറും രണ്ടാഴ്ചകൊണ്ട് ഇവിടമൊരു മണൽപ്പരപ്പായി മാറി. മൂലേപ്ലാവ് ഭാഗത്ത് കല്ലുകളും തെളിഞ്ഞു. പുഴയുടെ ജലം പിടിച്ച് നിർത്താനുള്ള ശേഷി തീരെ കുറഞ്ഞതാണ് കാരണം.

To advertise here,

മണിമലയാറ്റിലേക്കുള്ള കൈത്തോടുകളിലും നീരൊഴുക്ക് ഇല്ലാതായി. മൂലേപ്ലാവ്, ഏുറത്തുവടകര, മുണ്ടോലിക്കടവ്, കടൂർകടവ് എന്നിവിടങ്ങളിൽ ജലവിതാനം കുറഞ്ഞു. മുണ്ടോലിക്കടവിൽ ഏറെ ഭാഗത്ത് മണൽ തെളിഞ്ഞിട്ടുണ്ട്. തടയണകൾ നിർമിച്ചിട്ടുള്ള ചെറുവള്ളി, പള്ളിപ്പടി, മണിമല, മൂങ്ങാനി, ഏറത്തുവടകര, മാരൂർ കടവ്, കുളത്തൂർമൂഴി, പഴയരിക്കൽ എന്നീ ഭാഗത്ത് മാത്രമാണ് ജലവിതാനമുള്ളത്. കുളത്തൂർമൂഴി, മാരൂർ കടവ്, മൂങ്ങാനി എന്നിവിടങ്ങളിലെ തടയണകൾ കുടിവെള്ള പദ്ധതികൾക്ക് ജലം ലഭ്യമാക്കാൻ നിർമിച്ചവയാണ്. ഈ തടയണകൾ ഉള്ള ഭാഗത്ത് ചെളിയും മാലിന്യങ്ങളും മണലും നിറഞ്ഞിട്ടുള്ളതിനാൽ ശക്തമായ മഴയുണ്ടായാൽ മണിമലയാർ കരകവിയും. ആറ്റുതിട്ടലുകളിൽ കെട്ടിടങ്ങൾ ഉയർന്നതോടെ ആറ്റിലെ ജലം നിരന്ന് ഒഴുകുന്നതിന് തടസ്സമുണ്ടാകുന്നതും വെള്ളം കരയിലേക്ക് കയറുന്നതിന് കാരണമാകുന്നുണ്ട്.

 

ഇപ്പോൾ ആറ്റിലെ വെള്ളമൊഴുക്ക് ശക്തമല്ലാത്ത സാഹചര്യത്തിൽ തടയണകൾ തുറന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് ആഴം വർധിപ്പിക്കാനും ജല ശുദ്ധീകരണം നടത്തുന്നതിനും കഴിയും. ഈ സമയത്ത് തടയണകൾ തുറന്നുവിട്ടാൽ കുടിവെള്ള പദ്ധതികളുടെ ജലലഭ്യതയ്ക്ക് കുറവുണ്ടാകുകയില്ല. തടയണകൾ തുറന്നുവിട്ടശേഷം ഷട്ടർ സ്ഥാപിച്ചാൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ പഴയ രീതിയിൽ ജലവിതാനത്തിലെത്താം.

തടയണകൾ തുറന്നുവിട്ട് മാലിന്യം ഒഴിവാക്കിയാൽ വെള്ളപ്പൊക്ക ഭീഷണി കുറയും. 15 വർഷം മുൻപ് നിർമാണം പൂർത്തിയായ മാരൂർ കടവിലെ തടയണയുടെ ഷട്ടറുകൾ നിർമാണത്തിനുശേഷം നാളിതുവരെ ഉയർത്തിയിട്ടില്ല. ഈ തടയണയിൽനിന്നുള്ള വെള്ളം ഒന്നര കിലോമീറ്റർ ദൂരം കെട്ടി കിടപ്പുണ്ട്. ഈ പ്രദേശവും മണ്ണും ചെളിയും നിറഞ്ഞ നിലയിലുമാണ്.