ദുബായ് : ദുബായ്-ഷാർജ പാതയിൽ നിത്യേന യാത്രചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയആശ്വാസമേകി അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). അൽ ഇത്തിഹാദ് റോഡിൽനിന്നുള്ള യാത്രാതടസ്സങ്ങൾ ലഘൂകരിക്കാനും തിരക്കേറിയ സമയങ്ങളിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനുമായി നടപ്പിലാക്കിയ റോഡ് വികസന പദ്ധതിയിലൂടെ കാത്തിരിപ്പ് സമയത്തിൽ 15 ശതമാനംവരെ കുറവുണ്ടാകുമെന്ന് ആർ.ടി.എ. വ്യക്തമാക്കി.

To advertise here,

 

അൽ ഇത്തിഹാദ് റോഡിൽനിന്ന് അബു ഹെയിൽ, സ്വലാഹുദ്ദീൻ സ്ട്രീറ്റുകളിലേക്ക് തിരിയുന്ന ഭാഗത്താണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഇവിടുത്തെ സമാന്തര പാർക്കിങ് ഇടങ്ങളും റോഡിന് നടുവിലെ ഡിവൈഡറിന്റെ ഒരു ഭാഗവും പ്രയോജനപ്പെടുത്തി സ്വലാഹുദ്ദീൻ സ്ട്രീറ്റിലേക്ക് തിരിയാനായി പുതിയൊരു ലെഫ്റ്റ്-ടേൺ ലൈൻ നിർമിച്ചു. പുതിയ ലൈനിലെ വാഹനങ്ങളുടെ എണ്ണത്തിന് അനുസൃതമായി ഇവിടുത്തെ ട്രാഫിക് സിഗ്‌നലുകളുടെ സമയക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനുപുറമേ, ഇന്റർസെക്ഷന് ചുറ്റുമുള്ള കോൺക്രീറ്റ് ബാരിയറുകളിൽ മാറ്റം വരുത്തുകയും പുതിയ പേവ്മെന്റുകൾ നിർമിക്കുകയും ചെയ്തു. റോഡ് വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച പാർക്കിങ് ഏരിയകൾക്ക് പകരമായി അബു ഹെയിൽ സ്ട്രീറ്റിൽ പുതിയ പാർക്കിങ് സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള പാർക്കിങ് മേഖലകളിൽ പുതിയ തെരുവുവിളക്കുകളും സ്ഥാപിച്ചു. അൽ ഇത്തിഹാദ് റോഡിൽനിന്ന് പ്രാദേശിക റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെയും പുറത്തേക്കു പോകുന്ന ഭാഗത്തെയും വാഹനഗതാഗതം കൂടുതൽ സുഗമമാക്കാൻ ഈ പരിഷ്‌കാരങ്ങൾ സഹായിക്കും.

 

ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പ്രധാന പാതയാണ് അൽ ഇത്തിഹാദ് റോഡ്. ദേരയിലെ പ്രധാന റോഡുകളായ അബു ഹെയിൽ സ്ട്രീറ്റ്, സ്വലാഹുദ്ദീൻ സ്ട്രീറ്റ്, അൽ ഖുദ്‌സ് സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന അൽ ഖിയാദ ഇന്റർസെക്ഷനിലെ ഈ നവീകരണം മേഖലയിലെ മൊത്തത്തിലുള്ള ഗതാഗത ശേഷി വർധിപ്പിക്കും.