അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളിലായി കോടികൾ ചെലവിട്ട് നിർമിക്കും, അത്യാധുനിക ടൂറിസം പദ്ധതികൾ
ദുബായ് : സുസ്ഥിരതയ്ക്കും പാരമ്പര്യത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് രാജ്യത്തെ വിനോദസഞ്ചാര മേഖലകളിൽ വൻ നിക്ഷേപങ്ങളുമായി യു.എ.ഇ. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളിലായി കോടികൾ ചെലവിട്ട് നിർമിക്കുന്ന അത്യാധുനിക ടൂറിസം പദ്ധതികൾ പ്രഖ്യാപിക്കപ്പെടുകയും നിർമാണ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തതോടെ, ആഗോള സഞ്ചാരികളുടെ പ്രധാന കേന്ദ്രമെന്ന പദവി യു.എ.ഇ. കൂടുതൽ ഊട്ടിയുറപ്പിച്ചു.
170 കോടി യു.എസ്. ഡോളർ ചെലവിൽ സ്ഫിയർ അബുദാബി’
അബുദാബിയിലെ പ്രശസ്തമായ യാസ് ഐലൻഡിൽ 170 കോടി യു.എസ്. ഡോളർ ചെലവിൽ ‘സ്ഫിയർ അബുദാബി’ നിർമിക്കുന്നതിനുള്ള പ്രഖ്യാപനം ഈ വർഷം മേയ് മാസത്തിൽ നടന്നിരുന്നു. അമേരിക്കയ്ക്ക് പുറത്ത് ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഈ അത്യാധുനിക വിനോദകേന്ദ്രം യാസ് മാളിനും സീവേൾഡിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരേസമയം 20,000 പേർക്ക് പ്രവേശിക്കാവുന്ന ഈ സമുച്ചയം ആഗോള സംഗീതപരിപാടികൾക്കും കായിക മാമാങ്കങ്ങൾക്കും കോൺഫറൻസുകൾക്കും വേദിയാകും.
ഇതിനുപുറമേ, ‘അബുദാബി ടൂറിസം സ്ട്രാറ്റജി 2030’ ന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യാസ് ഐലൻഡിന്റെ വികസനത്തിനായി 1,200 കോടിയിലധികം ദിർഹത്തിന്റെ നിക്ഷേപമാണ് പ്രമുഖ വികസന കമ്പനിയായ ‘മിറാൽ’ പ്രഖ്യാപിച്ചിരിക്കുന്നത്. വിനോദ പാർക്കുകളുടെ നവീകരണവും പുതിയ ഇമ്മേഴ്സീവ് റൈഡുകളും ഇതിൽ ഉൾപ്പെടുന്നു.
ദുബായുടെ പ്രകൃതിഭംഗിയറിയാൻ അൽ ലയാൻ ഒയാസിസ്
ദുബായുടെ പ്രകൃതിഭംഗി ഉയർത്തിക്കാട്ടുന്ന പ്രകൃതി സൗഹൃദ വിനോദ കേന്ദ്രമായ ‘അൽ ലയാൻ ഒയാസിസ്’ പദ്ധതിക്ക് ഫെബ്രുവരിയിൽ അംഗീകാരം ലഭിച്ചു. പത്ത് ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ 2.5 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കൂറ്റൻ തടാകമുണ്ട്. നടപ്പാതകൾ, സൈക്ലിങ് ട്രാക്കുകൾ, ഔട്ട്‌ഡോർ സിനിമാ തിയേറ്റർ, 100 കാരവാനുകൾക്ക് ക്യാമ്പ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഇവിടെ സജ്ജീകരിക്കും.
സുഖീം ബീച്ച് പുനർനിർമാണം
കൂടാതെ, ദുബായിലെ പ്രസിദ്ധമായ ഉം സുഖീം ബീച്ച് 50 കോടി ദിർഹം ചെലവിൽ അത്യാധുനിക വിനോദകേന്ദ്രമായി പുനർനിർമിക്കാനുള്ള മാസ്റ്റർ പ്ലാനും ദുബായ് ഭരണകൂടം തയാറാക്കിയിട്ടുണ്ട്. ബീച്ചിന്റെ വാർഷിക സന്ദർശകശേഷി 60 ലക്ഷമായി ഉയർത്തുന്ന ഈ പദ്ധതിയിൽ 38 മീറ്റർ ഉയരമുള്ള ഒബ്സർവേഷൻ ടവറും രണ്ട് കിലോമീറ്റർ നീളമുള്ള തീരദേശ സംരക്ഷണഭിത്തിയുമുണ്ടാകും. കൃത്രിമബുദ്ധിയും സ്മാർട്ട് സാങ്കേതികവിദ്യകളും ഉപയോഗിച്ചായിരിക്കും ഇവിടുത്തെ സൗകര്യങ്ങൾ നിയന്ത്രിക്കുക.
അബു അൽ കെയ്‌സാൻ കടലോര ഗ്രാമം’
ഷാർജയിലെ തീരദേശനഗരമായ ഖോർഫക്കാനിൽ 70 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ‘അബു അൽ കെയ്‌സാൻ മറൈൻ വില്ലേജ്’ നിർമാണത്തിന് ഈ വർഷം തറക്കല്ലിട്ടിരുന്നു. ഇസ്‌ലാമിക വാസ്തുവിദ്യയും പാരമ്പര്യത്തനിമയും സമന്വയിപ്പിച്ച് പാറയിടുക്കുകൾക്കിടയിൽ നിർമിക്കുന്ന ഈ കടലോര ഗ്രാമത്തിൽ പ്രകൃതിദത്ത തുറമുഖം, ബൊളിവാർഡ്, ബീച്ച്, പ്രകൃതിദത്ത ഹരിതമേഖലകൾ, മോസ്‌ക്, ഹോട്ടലുകൾ എന്നിവ ഉൾപ്പെടും. സമുദ്രജീവികൾക്കും പ്രകൃതിക്കും കോട്ടംതട്ടാത്ത രീതിയിലാണ് പദ്ധതിയുടെ രൂപകല്പന.
ഇതിനുപുറമേ, 70 കോടി ദിർഹം ചെലവിൽ നിർമിച്ച വിപുലമായ ‘ഖോർഫക്കാൻ റിസോർട്ട്’ പദ്ധതിയും ഈ വർഷം പ്രവർത്തനസജ്ജമായി. 573 പാർപ്പിട യൂണിറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഹരിത പാർക്കുകൾ, നീന്തൽക്കുളങ്ങൾ, സ്വകാര്യ ബീച്ച് എന്നിവ ഉൾപ്പെടുന്നതാണ് ഈ സമുച്ചയം.
റാസൽഖൈമയുടെ പാരമ്പര്യ പൈതൃകം നിലനിർത്തിക്കൊണ്ട് ‘അൽ റാംസ് വാട്ടർഫ്രണ്ട്’, ‘അൽ റാംസ് ബൊളിവാർഡ്’ എന്നിവയുടെ വികസന പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്. 2,000 മീറ്റർ നീളത്തിൽ നിർമിക്കുന്ന വാട്ടർഫ്രണ്ടിൽ വിശാലമായ നടപ്പാതകൾ, സൈക്ലിങ്-ജോഗിങ് ട്രാക്കുകൾ, കമ്യൂണിറ്റി പാർക്കുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ ഒരുക്കും. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സഞ്ചാരികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിന്റെ ഭാഗമായാണ് എമിറേറ്റുകളിലുടനീളം നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്.
Published: 27 Sept 2026, 01:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented