ഷാർജ: എഞ്ചിൻ ഓഫ് ചെയ്യാതെ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനം മോഷ്ടിച്ച പ്രതിയെ സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പിടികൂടി ഷാർജ പോലീസ്. തിരികെ ലഭിച്ച വാഹനം പോലീസ് ഉടമയ്ക്ക് കൈമാറി. സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനം മോഷണം പോയതായി കാണിച്ച് ഒരു യുവതി നൽകിയ അടിയന്തര സന്ദേശത്തെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഷാർജ പോലീസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ വിവര ലഭിച്ച ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. ആധുനിക സംവിധാനങ്ങളും കൃത്യമായ ഫീൽഡ് തെരച്ചിലും ഉപയോഗിച്ച് രണ്ട് മണിക്കൂറിനുള്ളിൽ വാഹനത്തിന്റെ സ്ഥാനം കണ്ടെത്താനും പ്രതിയെ വലയിലാക്കാനും പോലീസിന് സാധിച്ചു. അറസ്റ്റിലായ പ്രതിക്കെതിരെ തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനായി കേസ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
കടകൾ, പെട്രോൾ പമ്പുകൾ, എ.ടി.എമ്മുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം ഉപേക്ഷിച്ചു പോകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഷാർജ പോലീസ് ഓർമ്മിപ്പിച്ചു. ഇത്തരം അശ്രദ്ധകൾ അവസരമാക്കുന്ന തട്ടിപ്പുകാരും കള്ളന്മാരും പെട്ടെന്ന് തന്നെ വാഹനങ്ങളുമായി കടന്നു കളയാൻ സാധ്യതയുണ്ട്. കൂടാതെ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം റോഡരികിൽ ഉപേക്ഷിക്കുന്നത് യു.എ.ഇ ഗതാഗത നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും അധികൃതർ വ്യക്തമാക്കി.
കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും വാഹനം നിർത്തി പുറത്തിറങ്ങുമ്പോൾ എഞ്ചിൻ പൂർണ്ണമായും ഓഫ് ചെയ്യുക, എല്ലാ ഡോറുകളും ലോക്ക് ആണെന്ന് ഉറപ്പുവരുത്തുക, വിലപിടിപ്പുള്ള വസ്തുക്കൾ വാഹനത്തിനുള്ളിൽ പരസ്യമായി വെക്കാതിരിക്കുക തുടങ്ങിയ അടിസ്ഥാന സുരക്ഷാ നിർദ്ദേശങ്ങൾ വാഹന ഉടമകൾ പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും, മറ്റ് അന്വേഷണങ്ങൾക്കും അടിയന്തരമല്ലാത്ത കാര്യങ്ങൾക്കുമായി 901 എന്ന നമ്പറിലും പോലീസിനെ ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Published: 26 Sept 2026, 07:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented