അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക ജർമൻ സന്ദർശനത്തോടനുബന്ധിച്ച് മ്യൂണിക്കിൽ യു.എ.ഇ. - ജർമനി ബിസിനസ് ഫോറം സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും ഒട്ടേറെ ഉന്നത വ്യവസായ പ്രമുഖരും നിക്ഷേപകരും ഫോറത്തിൽ പങ്കെടുത്തു. യു.എ.ഇ. യും ജർമനിയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖല വഹിക്കുന്ന നിർണായക പങ്കിനെ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

To advertise here,

 

മുൻഗണനാ മേഖലകളിൽ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും നിലവിലുള്ള പങ്കാളിത്തങ്ങൾ വിപുലീകരിക്കുന്നതിനും ഇരുരാജ്യങ്ങൾ തമ്മിലുള്ള നിക്ഷേപബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും യു.എ.ഇ. പ്രസിഡന്റ് പറഞ്ഞു. ഫോറത്തിൽ വെച്ച് വിവിധ മേഖലകളിലായി 30 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഊർജ അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്‌സ്, ഗതാഗതം, വ്യോമയാനം, ഭക്ഷ്യസുരക്ഷ, കൃഷി, ഉപഭോക്തൃ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലാണ് ധാരണപത്രങ്ങൾ. മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് രണ്ട് ജർമൻ കമ്പനികളുമായി ബിസിനസ് ഫോറത്തിൽ വെച്ച് ധാരണ പത്രം ഒപ്പുവെച്ചു.

 

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ധാരണപ്രകാരം ജർമനിയിൽ നിന്നുള്ള വിവിധ ഭക്ഷ്യോത്പ്പങ്ങൾ ലുലു ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും. ബിസിനസ് ഫോറത്തിൽ ഉന്നത ഉദ്യോഗസ്ഥർ, ജർമനി, യു.എ.ഇ. എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖർ എന്നിവർ സംബന്ധിച്ചു.