അബുദാബി : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബിയിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സന്ദർശിച്ചു. സാദിയത്ത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മ്യൂസിയങ്ങളിൽ നിക്ഷേപിക്കുന്നത് മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഭാവി തലമുറകളിൽ അവബോധം വളർത്തുന്നതിനും ഭൂതകാലത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിക്കുന്നതിനും മ്യൂസിയം നിർണായക സംഭാവനകൾ നൽകുന്നുണ്ട്. യു.എ.ഇ.യുടെ മ്യൂസിയം മേഖല അഭിവൃദ്ധി പ്രാപിക്കുകയാണ്. സാംസ്കാരിക മേഖലകളെ പിന്തുണയ്ക്കുക, രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുക, വികസന യാത്രകൾ രേഖപ്പെടുത്തുക, പൂർവികരുടെ പാരമ്പര്യം സംരക്ഷിക്കുക എന്നിവയിലും പ്രചോദനാത്മകമായാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള ഭൂമിയുടെ ചരിത്ര അവശേഷിപ്പുകൾ അദ്ദേഹം നടന്നുകണ്ടു.
നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ സവിശേഷതകളെക്കുറിച്ച് അധികൃതർ അദ്ദേഹത്തിന് വിശദീകരിച്ച് നൽകി. മ്യൂസിയത്തിലെ ഫോസിലുകൾ, സംവേദനാത്മക പ്രദർശനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവ അദ്ദേഹം വീക്ഷിച്ചു. പ്രപഞ്ചത്തിന്റെ 1380 കോടി വർഷത്തെ ചരിത്രത്തിലേക്കുള്ള തിരനോട്ടമാണ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം വാഗ്ദാനം ചെയ്യുന്നത്.
വൈദഗ്ധ്യം വർധിപ്പിക്കാനും ഗവേഷണത്തിനുള്ള പുതിയ ചക്രവാളങ്ങൾ വികസിപ്പിക്കാനും വ്യത്യസ്തമായ പ്രദർശനങ്ങളിലൂടെയും പരിപാടികളിലൂടെയും ഭൂമിയുടെ ചരിത്രവും പരിണാമ ഘട്ടങ്ങളും മനസ്സിലാക്കാൻ ആളുകൾക്ക് അവസരം നൽകാനുമാണ് മ്യൂസിയം ലക്ഷ്യമിടുന്നത്. ഗവേഷണത്തെയും നവീകരണത്തെയും പിന്തുണയ്ക്കുന്നതിനൊപ്പം ശാസ്ത്രീയ അറിവുകളും മ്യൂസിയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആഗോള സാംസ്കാരിക, ശാസ്ത്രീയ ഭൂപടത്തിൽ യു.എ.ഇ.യെ അടയാളപ്പെടുത്തുന്നതിന് 35000 ചതുരശ്രമീറ്ററിലേറെ വിസ്തീർണത്തിലാണിത് ഒരുക്കിയിട്ടുള്ളത്.
Published: 13 Sept 2026, 02:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented