10 വർഷത്തെ കരാറിൽ ഒപ്പുവെച്ച് ആർ.ടി.എ.
ദുബായ് : ദുബായ് മെട്രോ റെഡ് ലൈനിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ 'ഓൺപാസീവ്' ഇനിമുതൽ 'ഗാർമിൻ' എന്ന പേരിൽ അറിയപ്പെടും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ആഗോള ടെക്‌നോളജി ഭീമന്മാരായ ഗാർമിനുമായി 10 വർഷത്തെ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.
ഗാർമിന്റെ യു.എ.ഇ.യിലെ ഔദ്യോഗിക വിതരണക്കാരായ എ.എം.ഐ.ടി. റീട്ടെയിൽ വഴിയാണ് കരാർ നിലവിൽ വന്നത്. അൽ ഖൂസിനും അൽ സഫയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ 2010-ൽ 'നൂർ ബാങ്ക്' എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.
പിന്നീട് 2020 നവംബറിൽ 'അൽ സഫ' എന്നും 2023 ജനുവരിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓൺപാസീവ് നാമകരണ അവകാശം സ്വന്തമാക്കിയതോടെ 'ഓൺപാസീവ് മെട്രോ സ്റ്റേഷൻ' എന്നും പേരുമാറ്റി. ഇതിനുശേഷമാണ് ഇപ്പോൾ ഗാർമിൻ എന്ന പുതിയ പേര് സ്വീകരിക്കുന്നത്. രണ്ട് മാസത്തിനിടയിൽ പേരുമാറ്റവുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പൂർത്തിയാകും.
ദുബായ് മെട്രോയുടെ നാമകരണ അവകാശ പദ്ധതി ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകളെ ആകർഷിക്കുന്നതിൽ വൻ വിജയമാണെന്ന് ആർ.ടി.എ. റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മൊഹ്‌സെൻ കൽബത്ത് പറഞ്ഞു. 2009-ൽ ആർ.ടി.എ. ആരംഭിച്ച ഈ സംരംഭം ആഗോളതലത്തിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയായിരുന്നു.
മെട്രോയിലൂടെ കമ്പനികൾക്ക് തങ്ങളുടെ ബ്രാൻഡ് മൂല്യം വധിപ്പിക്കാനും ദുബായിലെ സാമ്പത്തിക വളർച്ചയുടെ ഭാഗമാകാനും വലിയ അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിലെ അത്യാധുനിക ഗതാഗത ശൃംഖലയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ഗാർമിൻ സി.ഇ.ഒ ക്ലിഫ്റ്റൺ പെംബിൾ പ്രതികരിച്ചു.
സ്റ്റേഷന്റെ പേരുമാറ്റത്തിന്റെ ഭാഗമായി മെട്രോയ്ക്കുള്ളിലെയും പുറത്തെയും ദിശാസൂചക ബോർഡുകൾ, ആർ.ടി.എ.യുടെ ഡിജിറ്റൽ സ്മാർട്ട് സംവിധാനങ്ങൾ, മൊബൈൽ ആപ്പുകൾ എന്നിവയിലെല്ലാം വരും ദിവസങ്ങളിൽ പുതിയ പേര് രേഖപ്പെടുത്തും. കൂടാതെ ട്രെയിനുകൾക്കുള്ളിലെ അനൗൺസ്മെന്റുകളിലും മാറ്റം വരുത്തും.മാറ്റത്തിന്റെ ഘട്ടത്തിൽ യാത്രക്കാർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകാൻ ആർ.ടി.എ. ടീമുകൾ സ്റ്റേഷനുകളിലുണ്ടാകും.
Published: 08 Sept 2026, 01:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented