അബുദാബി : ഐക്യരാഷ്ട്രസഭയുടെ 2026-ലെ ആഗോള ജല ഉച്ചകോടിക്ക് അബുദാബി വേദിയാകുന്നു. ഡിസംബർ എട്ട് മുതൽ 10 വരെ സെനഗലുമായി സഹകരിച്ചാണ് യു.എ.ഇ ഈ പ്രമുഖ അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. യു.എ.ഇ. വിദേശകാര്യ മന്ത്രാലയവും നാഷണൽ മീഡിയ അതോറിറ്റിയും സംയുക്തമായി ഉച്ചകോടിയുടെ തയാറെടുപ്പുകൾ വിശദീകരിച്ചു. സുസ്ഥിര ജലപരിപാലനം, എല്ലാവർക്കും കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും ഉറപ്പാക്കൽ, ആഗോള ജലസുരക്ഷ ശക്തമാക്കൽ എന്നിവയിൽ പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഉച്ചകോടി നേതൃത്വം നൽകും. അന്താരാഷ്ട്ര വാഗ്ദാനങ്ങൾ കേവലം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുക്കാതെ പ്രായോഗിക നടപടികളാക്കി മാറ്റുകയാണ് 2026-ലെ ജല ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ സഹമന്ത്രി അബ്ദുള്ള ബലഅലാ വ്യക്തമാക്കി. ധനകാര്യം, സാങ്കേതികവിദ്യ, നൂതന ആശയങ്ങൾ എന്നിവ സംയോജിപ്പിച്ച് ജലമേഖലയിൽ ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരും. സെനഗലുമായി ചേർന്നുള്ള ഈ പ്രവർത്തനം ബഹുരാഷ്ട്ര സഹകരണത്തിനുള്ള യു.എ.ഇ.യുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. വരുംതലമുറയ്ക്കായി ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിൽ ഈ ഉച്ചകോടി വലിയൊരു വഴിത്തിരിവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ഗവേഷകർ, സിവിൽ സൊസൈറ്റി എന്നിവരെ ഒരുമിച്ച് അണിനിരത്തി അനുഭവങ്ങളും അറിവുകളും പങ്കുവെക്കാനുള്ള മികച്ച വേദിയായി അബുദാബി ഉച്ചകോടി മാറും. യു.എ.ഇ.യുടെ അന്താരാഷ്ട്ര പദവിക്ക് അനുയോജ്യമായ രീതിയിൽ ഉച്ചകോടിയുടെ വിവരങ്ങൾ ആഗോളതലത്തിൽ എത്തിക്കുന്നതിന് വിപുലമായ മാധ്യമ പദ്ധതികൾ ആവിഷ്കരിച്ചതായി നാഷണൽ മീഡിയ അതോറിറ്റി വൈസ് പ്രസിഡന്റും സെക്രട്ടറി ജനറലുമായ മുഹമ്മദ് സയീദ് അൽ ഷെഹ്ഹി പറഞ്ഞു.
Published: 08 Sept 2026, 01:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented