മുന്നിൽ ഇന്ത്യക്കാർ

To advertise here,

ദുബായ് : ഈ വർഷം ആദ്യ ഒൻപത് മാസത്തിൽ 5.04 കോടി യാത്രക്കാരെ സ്വീകരിച്ചതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 28.1 ശതമാനം കുറഞ്ഞിട്ടുണ്ട്. പ്രാദേശിക സംഘർഷങ്ങളാണ് പ്രധാന കാരണം.

2026-ലെ മൂന്നാംപാദത്തിൽ 1.88 കോടി ആളുകളാണ് വിമാനത്താവളംവഴി യാത്ര ചെയ്തത്. വേനലവധി യാത്രകളിലെ വർധനയാണ് ഇതിൽ പ്രതിഫലിച്ചത്. ഓഗസ്റ്റിൽ മാത്രമായി 66 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. എന്നാൽ, കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 22.1 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ഈ കാലയളവിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത് ഇന്ത്യയിൽ നിന്നാണ്-26 ലക്ഷം. സൗദി അറേബ്യ (14 ലക്ഷം), യു.കെ. (13 ലക്ഷം), പാകിസ്താൻ (എട്ട് ലക്ഷം), അമേരിക്ക (6,40,000), ജർമനി (4,80,000) എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലായുണ്ട്. രണ്ടാം പാദത്തിലെ 1.3 കോടി ഉൾപ്പെടെ ആദ്യ ആറുമാസത്തെ മൊത്തം യാത്രക്കാരുടെ എണ്ണം 3.15 കോടിയായി ഉയർന്നു. ഏപ്രിൽ (35 ലക്ഷം), മേയ് (45 ലക്ഷം), ജൂൺ (50 ലക്ഷം) എന്നീ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ജൂലായ് മുതൽ സെപ്റ്റംബർ വരെ 1.88 കോടി യാത്രക്കാരും സഞ്ചരിച്ചിട്ടുണ്ട്.

ഈ വർഷം മൊത്തം യാത്രക്കാരുടെ എണ്ണം ഏഴു കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് എയർപോർട്സ് ചീഫ് എക്സിക്യുട്ടീവ് പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. വിവിധ നഗരങ്ങളിലേക്കുള്ള സേവനങ്ങൾ വ്യാപിക്കുന്നതിലൂടെ എമിറേറ്റിന്റെ വ്യോമയാന ശൃംഖല കൂടുതൽ ശക്തമാവുകയാണ്.

നിലവിൽ 101 രാജ്യങ്ങളിലെ 235 നഗരങ്ങളെ ബന്ധിപ്പിക്കുന്ന 57 വിമാനക്കമ്പനികൾ എമിറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് എയർവേസ്, റോയൽ എയർ മറോക്, സൺഎക്സ്പ്രസ്സ് തുടങ്ങിയ വിമാനക്കമ്പനികൾ ഈ മാസമാദ്യം മുതൽ സർവീസുകൾ പുനരാരംഭിച്ചിട്ടുമുണ്ട്.

വരും ആഴ്ചകളിൽ കൂടുതൽ വിമാനക്കമ്പനികൾകൂടി പ്രവർത്തനങ്ങൾ പുനരാരംഭിക്കും. എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, അന്താരാഷ്ട്ര പരിപാടികൾ എന്നിവ സജീവമാകുന്നതോടെ ശൈത്യകാലങ്ങളിൽ സന്ദർശകരുടെ എണ്ണം സാധാരണയായി കുത്തനെ ഉയരാറുണ്ട്. വരും മാസങ്ങളിൽ എമിറേറ്റിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും. ജനുവരി മുതൽ സെപ്റ്റംബർ വരെ മൊത്തം 2,43,000 വിമാന സർവീസുകൾ രേഖപ്പെടുത്തി.

മുൻവർഷത്തെ അപേക്ഷിച്ച് ഇത് 27.6 ശതമാനം കുറവാണ്. ചരക്ക് നീക്കത്തിലും 23.2 ശതമാനം കുറവുണ്ടായി. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളാണ് വിമാനത്താവളത്തിൽ ഉപയോഗിക്കുന്നതെന്നും പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.