മണ്ണന്തല : കോട്ടമുകൾ കുറുംകുളം-ചെഞ്ചേരി റോഡ് പൊട്ടിപ്പൊളിഞ്ഞു. ടാറും മെറ്റിലും ഇളകി വലിയ കുഴികൾ രൂപപ്പെട്ട റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിലച്ചമട്ടാണ്.

To advertise here,

നേരത്തെ പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡിൽ ജല അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തതോടെ റോഡിലൂടെ ഇരുചക്രവാഹനങ്ങൾപോലും പോകാതെയായി.

അശാസ്ത്രീയ നിർമാണം

റോഡിനു നടുവിലൂടെയെടുത്ത കുഴിയിൽ പേരിനുമാത്രമാണ്‌ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നത്. മഴക്കാലമായതോടെ അതും വെള്ളം കൊണ്ടുപോയി. ഇപ്പോൾ റോഡിനു നടുവിൽ വലിയ കുഴികളാണ്. ഈ കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്.

റോഡിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതിലും അറ്റകുറ്റപ്പണികൾ നടത്തിയതിലും അപാകമുണ്ടെന്നും ഇതുകാരണമാണ് റോഡ് പൊട്ടിപ്പൊളിയാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. രണ്ടു വർഷത്തോളമായി റോഡ് പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട്. നാലാഞ്ചിറയിൽനിന്ന് ശ്രീകാര്യത്തേക്കു പോകാനുള്ള എളുപ്പവഴികൂടിയാണിത്.

വിദ്യാർഥികളും ദുരിതത്തിൽ

അധികാരികളോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിലൂടെയുള്ള ഗതാഗതം ദുസ്സഹമായതോടെ സ്കൂൾ ബസുകൾ ഇവിടേക്ക് വരാതെയായി. സ്ഥലവാസികൾ അവരുടെ ഇരുചക്രവാഹനങ്ങളിലോ കാൽനടയായോ ആണ് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്.

കൂടാതെ ഓട്ടംവിളിച്ചാൽ ഓട്ടോറിക്ഷകൾ ഇവിടേക്ക് വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്തെ പ്രധാന ജനവാസമേഖലയായിട്ടും റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. അധികാരികൾ ഇടപെട്ട് എത്രയുംപെട്ടെന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് ടാർ ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.