മണ്ഡലകാലമെത്തി; ക്ഷേത്രങ്ങൾ ഭക്തിനിർഭരം

To advertise here,

ചെന്നൈ : ശബരിമല മണ്ഡല കാലത്തിന് തുടക്കമായതോടെ ചെന്നൈയിലെയും പരിസര പ്രദേശങ്ങളിലെയും അയ്യപ്പ ക്ഷേത്രങ്ങൾ ഭക്തരെക്കൊണ്ടു നിറഞ്ഞു. ആദ്യദിനം ആയിരക്കണക്കിന് ഭക്തരാണ് വിവിധ ക്ഷേത്രങ്ങളിലായി മാലധാരണം നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ അയ്യപ്പ ഭക്തരുടെ മാലധാരണം തുടങ്ങിയിരുന്നു.

ചെന്നൈയിലെ അയ്യപ്പ ക്ഷേത്രങ്ങളിൽ ഭക്തർക്ക് മാലധാരണത്തിനും കെട്ടുനിറയ്ക്കുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ശബരിമലയിലെ പൂജാ സമ്പ്രദായങ്ങളാണ് ചെന്നൈയിലെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളും പിന്തുടരുന്നത്. മഹാലിംഗപുരം അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 3000-ലധികം പേർ മാലയിട്ടു. രാവിലെ ആറിന് തുടങ്ങിയ ചടങ്ങുകൾ രാത്രിവരെ നീണ്ടു നിന്നു. മാലയും മുണ്ടും തോർത്തും ഇരുമുടി സഞ്ചിയും പൂജാസാമഗ്രികളുമൊക്കെ ക്ഷേത്രത്തിൽനിന്നുതന്നെ നൽകി.

നെയ്യഭിഷേകം, ചന്ദനക്കാപ്പ്, അരവണ ഉൾപ്പെടെയുള്ള പൂജകളും പ്രസാദവും നൽകുന്നുണ്ട്. അയ്യപ്പഭക്തർക്ക് എല്ലാ ദിവസവും ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും അന്നദാനവും നൽകുന്നുണ്ട്.

അണ്ണാനഗർ അയ്യപ്പ ക്ഷേത്രത്തിലും 3000ത്തിലേറെ ഭക്തർ മാലധാരണം നടത്തി. 2000 അഷ്ടോത്തര അർച്ചനകളും ഉണ്ടായിരുന്നു. പുലർച്ചെ നാലിന്‌ ഗണപതി ഹോമത്തിനും അഭിഷേകത്തിനും ശേഷമാണ് മാലധാരണം തുടിയത്. മാലയും മുണ്ടും തോർത്തും പൂജാസാമഗ്രികളുമൊക്കെ ക്ഷേത്രത്തിൽനിന്നു നൽകി. ജനുവരി 14 വരെ ഭക്തർക്ക് പ്രഭാത- ഉച്ച ഭക്ഷണവും നൽകും. എഗ്മൂർ അയ്യപ്പക്ഷേത്രത്തിലും 500-ഓളം ഭക്തർ മാലയിട്ടു. രാവിലെ അഞ്ചു മുതൽ തുടങ്ങി രാത്രിവരെ മാലധാരണ ചടങ്ങുകൾ നീണ്ടു. വൈകീട്ട് പുഷ്പാഭിഷേകവും അന്നദാനവും ഉണ്ടായിരുന്നു. കെട്ട നിറയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. കെ.കെ. നഗർ അയ്യപ്പൻ-ഗോശാലകൃഷ്ണൻ ക്ഷേത്രത്തിലും 2600 ലധികം ഭക്തർ മാലയിട്ടു. പുലർച്ചെ 5.30 മുതൽ ചടങ്ങുകൾ തുടങ്ങി. പ്രത്യേക പൂജകളും അന്നദാനവും ഉണ്ടായിരുന്നു. റെഡ്ഹിൽസ് അയ്യപ്പ ക്ഷേത്രത്തിലും നൂറുകണക്കിന് ഭക്തർ മാലയിട്ടു.

ആവഡി ബി.വി. പുരം അയ്യപ്പ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ മാലധാരണ ചടങ്ങുകൾ തുടങ്ങി. ഒട്ടേറെ പേർ മാല ധരിച്ചു. പെരമ്പൂർ അയ്യപ്പക്ഷേത്രത്തിൽ പുലർച്ചെ നട തുറന്ന ശേഷം അഭിഷേകത്തിന് ശേഷം മാലധാരണം തുടങ്ങി. അന്നദാനവും പ്രസാദ വിതരണവും നടന്നു. രാജാ അണ്ണാമലൈപുരം അയ്യപ്പൻ ക്ഷേത്രം, അയനാവരം അയ്യപ്പ ക്ഷേത്രം, മണലി പുതുനഗർ ധർമശാസ്താ ക്ഷേത്രം, ആദംപാക്കം അയ്യപ്പൻ - ഗുരുവായൂരപ്പൻ ക്ഷേത്രം, ആവഡി എച്ച്.വി.എഫ്. എസ്റ്റേറ്റ് അയ്യപ്പ ക്ഷേത്രം, അമ്പത്തൂർ അയ്യപ്പക്ഷേത്രം, മടിപ്പാക്കം അയ്യപ്പക്ഷേത്രം, സേലയൂർ ഗുരവായൂരപ്പൻ ക്ഷേത്രം ചിൻമയ നഗർ അയ്യപ്പക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ആയിരക്കണക്കിനു ഭക്തർ മാല ധരിച്ചു.