ദുബായ് : യു.എ.ഇയിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും വൻകിട വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ട്രാഫിക് നിയമങ്ങളിൽ ഹെവി വാഹന ഡ്രൈവർമാർക്കായി കർശനമായ ആറുസുരക്ഷാ നിബന്ധനകൾ ഉൾപ്പെടുത്തി. 2024-ലെ 14-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിന്റെ എക്സിക്യുട്ടീവ് റെഗുലേഷനുകൾ ഉൾക്കൊള്ളുന്ന 2026-ലെ 174-ാം നമ്പർ മന്ത്രിസഭാ തീരുമാനത്തിലാണ് ഈ നിർണായക പരിഷ്കാരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ചട്ടത്തിലെ ആർട്ടിക്കിൾ 34 പ്രകാരം, രാജ്യത്തെ നഗരപരിധികൾക്കുള്ളിൽ ഹെവി ട്രക്കുകളും ഹെവി ബസുകളും പരസ്പരം ഓവർടേക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്. നഗരത്തിന് പുറത്തുള്ള ഹൈവേകളിൽ മറ്റ് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത സാഹചര്യങ്ങളിൽ മാത്രമേ ഇവയ്ക്ക് ഓവർടേക്കിങ് അനുവദിക്കുകയുള്ളൂ. കൂടാതെ, ഹെവി വാഹനങ്ങൾക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ലെയ്നുകളിൽനിന്ന് പുറത്തേക്ക് പോകുന്നതിനും കർശനവിലക്കുണ്ട്. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 31 പ്രകാരം ഹെവി വാഹന ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ട ആറ് പ്രധാന കടമകളാണ് നിർവചിച്ചിട്ടുള്ളത്. ഡ്രൈവർമാർ എല്ലായ്പോഴും റോഡിന്റെ വലതുവശത്തെ ലെയ്നിലൂടെ മാത്രമേ വാഹനം ഓടിക്കാവൂ എന്നും, അത്യാവശ്യ ഘട്ടങ്ങളിലോ അനുവദനീയമായ ഓവർടേക്കിങ്ങിനോ മാത്രമേ ലെയ്ൻ മാറാൻ പാടുള്ളൂ എന്നും നിയമം നിഷ്കർഷിക്കുന്നു.
ലൈസൻസിങ് അതോറിറ്റി അംഗീകരിച്ചിട്ടുള്ള പരമാവധി ഭാരപരിധിയോ ഉയരപരിധിയോ യാതൊരു കാരണവശാലും ലംഘിക്കാൻ പാടില്ല. വാഹന ഉടമയുടെ ജീവനക്കാരെയും ചരക്ക് കയറ്റിറക്ക് തൊഴിലാളികളെയും ഒഴികെ മറ്റ് യാത്രക്കാരെ ഹെവി വാഹനങ്ങളിൽ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. ഈ തൊഴിലാളികൾക്ക് വാഹനത്തിനുള്ളിൽ പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരിക്കുകയും വേണം. ചരക്ക് ഗതാഗതത്തിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൽ കയറ്റുന്ന ചരക്കുകൾ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതോ ആകരുത്. മണൽ പോലുള്ള പൊടിപടലങ്ങളുയരുന്ന വസ്തുക്കൾ കാറ്റിൽ പറന്നുപോകാതിരിക്കാൻ നിർബന്ധമായും ടാർപോളിൻ ഉപയോഗിച്ച് മൂടിയിരിക്കണം.
കൂടാതെ, വാഹനത്തിന്റെ നിശ്ചിത അളവുകൾക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ ചരക്കുകൾ കയറ്റുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. ആർട്ടിക്കിൾ 29 പ്രകാരം, ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഹെവി വാഹനങ്ങൾക്കും ബസുകൾക്കും നിരോധനമുള്ള റോഡുകൾ, ലെയ്നുകൾ, സമയക്രമങ്ങൾ എന്നിവ നിശ്ചയിക്കാൻ ട്രാഫിക് അതോറിറ്റികൾക്ക് പൂർണ അധികാരമുണ്ടായിരിക്കും. ഹെവി വാഹനങ്ങൾ, ടാക്സികൾ, ബസുകൾ, ഭാരമേറിയ യന്ത്രസാമഗ്രികൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കുന്നവരുടെ കാഴ്ചശക്തി സംബന്ധിച്ച മാനദണ്ഡങ്ങളും ആർട്ടിക്കിൾ 62-ൽ കർശനമാക്കിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനായി അപേക്ഷിക്കുമ്പോൾ യു.എ.ഇ.ക്ക് പുറത്തുനിന്നുള്ള അംഗീകൃത നേത്രപരിശോധനാ റിപ്പോർട്ടുകൾ സ്വീകരിക്കാനും പുതിയ ചട്ടം അനുമതി നൽകുന്നുണ്ട്.
Published: 16 Nov 2026, 01:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented