ദുബായ് : ദുബായ് ക്രീക്കിൽ മുങ്ങിത്താഴ്ന്ന വ്യക്തിയുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ സൗദി അറേബ്യൻ പൗരന് ദുബായ് പോലീസിന്റെ ആദരം. മികച്ച സാമൂഹിക പ്രതിജ്ഞാബദ്ധതയും ധീരതയും പ്രകടിപ്പിച്ച സൗദി പൗരനായ അബ്ദുൽറസാഖ് ബിൻ സആൽ ബിൻ ജബർ അൽ റുവൈലിയെയാണ് ദുബായ് പോലീസ് പോർട്ട്‌സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ അൽ സുവൈദി ആദരിച്ചത്.
അപകടത്തിൽപ്പെട്ട വ്യക്തിയെ കണ്ട് സമയം പാഴാക്കാതെ ഉടനടി പ്രവർത്തിച്ച അബ്ദുൽറസാഖ് അൽ റുവൈലിയുടെ മാനുഷിക മൂല്യങ്ങളെയും ധൈര്യത്തെയും ബ്രിഗേഡിയർ ഹസ്സൻ സുഹൈൽ അൽ സുവൈദി പ്രശംസിച്ചു.
ജീവൻ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ഈ നീക്കം സമൂഹത്തിലുള്ള ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വത്തെയാണ് എടുത്തുകാണിക്കുന്നത്. രാജ്യത്തെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിൽ പൊതുജനങ്ങൾ പോലീസിന്റെ സജീവ പങ്കാളികളാണെന്ന ബോധ്യം ഇത്തരം പ്രവൃത്തികളിലൂടെ വ്യക്തമാകുന്നുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പോർട്ട്‌സ് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അബ്ദുൽറസാഖ് അൽ റുവൈലിക്ക് ദുബായ് പോലീസിന്റെ ഔദ്യോഗിക പ്രശംസാപത്രവും ഉപഹാരവും കൈമാറി. ദുബായ് പോലീസും പൊതുജനങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നല്ല കാര്യങ്ങൾ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പോലീസ് ഇത്തരമൊരു ആദരം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബായ് പോലീസിന്റെ ആദരവിന് അബ്ദുൽറസാഖ് അൽ റുവൈലി നന്ദി രേഖപ്പെടുത്തി. മുങ്ങിത്താഴ്ന്നയാളെ രക്ഷിക്കാൻ കഴിഞ്ഞത് ഒരു മനുഷ്യനെന്ന നിലയിലുള്ള തന്റെ കടമ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സുരക്ഷയും പൊതുസേവനങ്ങളും മികച്ച രീതിയിൽ ഉറപ്പാക്കുന്ന ദുബായ് പോലീസിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Published: 04 Sept 2026, 01:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented