കലാരംഗത്തെ പ്രമുഖൻ അറസ്റ്റിൽ
വിസയുമായി ബന്ധപ്പെട്ട ഇടപാടുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും അംഗീകൃത ചാനലുകളിലൂടെയും മാത്രം നടത്തണം
ദുബായ് : സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ ഫ്രീലാൻസ് വിസ വിൽപ്പനയ്ക്കെതിരേ ദുബായിൽ ശക്തമായ നടപടി. ഇത്തരത്തിൽ വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് ജോലി തേടുന്നവരെ കബളിപ്പിച്ച് പണം കൈപ്പറ്റിയ കേസിൽ സ്വന്തം രാജ്യത്തെ അറിയപ്പെട്ടിരുന്ന ഗായകനും സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറുമായ വ്യക്തിയെ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.-ദുബായ്), ദുബായ് പോലീസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
40 പേരെ ലക്ഷ്യമിട്ട തട്ടിപ്പിൽ ഓരോരുത്തരിൽനിന്നും 7,000 മുതൽ 9,000 ദിർഹം വരെ ഇയാൾ ഈടാക്കിയതായി അധികൃതർ വ്യക്തമാക്കി. ജോലി ലഭിക്കാനും മെച്ചപ്പെട്ട ജീവിതം തേടിയും യു.എ.ഇ.യിലെത്താൻ ശ്രമിക്കുന്നവരുടെ ആവശ്യങ്ങൾ മുതലെടുത്തായിരുന്നു വ്യാജ ഫ്രീലാൻസ് വിസകളുടെ വിൽപ്പന. വിസയും താമസാനുമതിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ ജി.ഡി.ആർ.എഫ്.എ. ദുബായ് നടത്തിവരുന്ന നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഭാഗമായാണ് അറസ്റ്റ്.
ഒരു വ്യക്തിയുടെ കൈവശം വ്യാജ രേഖ കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. തുടർന്ന് നടത്തിയ പരിശോധനയിലും അന്വേഷണത്തിലും വ്യാജ രേഖയുടെ ഉറവിടവും അതിന് പിന്നിൽ പ്രവർത്തിച്ചവരും കണ്ടെത്തുകയായിരുന്നു. വ്യാജ രേഖ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരിലേക്കും അന്വേഷണം നീണ്ടു. ബന്ധപ്പെട്ടവർക്കെതിരേ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
കേസിൽ അറസ്റ്റിലായ വ്യക്തിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
തട്ടിപ്പിന്റെ വേരുകൾ സ്വന്തം രാജ്യത്ത്
ഇത്തരം വിസത്തട്ടിപ്പുകൾ പലപ്പോഴും യു.എ.ഇ. യിലെത്തുന്നതിന് മുൻപുതന്നെ ബന്ധപ്പെട്ടവരുടെ സ്വന്തം രാജ്യത്ത് ആരംഭിക്കുന്നതാണെന്ന് ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. തട്ടിപ്പ് നടത്തുന്നവരും അതിന് ഇരയാകുന്നവരും തമ്മിലുള്ള ഇടപെടലുകൾ പലപ്പോഴും യു.എ.ഇ.യിലെത്തുന്നതിന് മുമ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിസ, സന്ദർശനം, താമസം എന്നിവ സംബന്ധിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്താൻ ജി.ഡി.ആർ.എഫ്.എ ദുബായ് ഇലക്‌േട്രാണിക്, ഫീൽഡ് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ദുബായ് പോലീസ് തുടങ്ങിയ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപിച്ചാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ. ദുബായിലെ വയലേറ്റേഴ്‌സ് ആൻഡ് ഫോറിനേഴ്‌സ് ഫോളോ-അപ്പ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജീഫ് അൽ സാബി പറഞ്ഞു
നിയമലംഘകരെ കണ്ടെത്താൻ എ.ഐ.
താമസ, സന്ദർശന നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതിക പദ്ധതി ജി.ഡി.ആർ.എഫ്.എ. ദുബായ് പൂർത്തിയാക്കിയതായും അൽ മർറി അറിയിച്ചു.
നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ സംവിധാനത്തിന് വ്യക്തികളെ തടഞ്ഞുനിർത്തുകയോ നേരിട്ട് ഇടപെടുകയോ ചെയ്യാതെ തന്നെ നിയമലംഘകരെ തിരിച്ചറിയാനും അവരുടെ യു.എ.ഇ.യിലെ താമസം നിയമപരമാണോ എന്ന് പരിശോധിക്കാനും സഹായിക്കാനാകും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ.യിലേക്ക് തൊഴിൽ ആവശ്യത്തിനോ സന്ദർശനത്തിനോ എത്താൻ ആഗ്രഹിക്കുന്നവർ വിസയുമായി ബന്ധപ്പെട്ട ഇടപാടുകൾ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകളിലൂടെയും അംഗീകൃത ചാനലുകളിലൂടെയും മാത്രം നടത്തണമെന്ന് അൽ മർറി ആവശ്യപ്പെട്ടു. വിസ നടപടിക്രമങ്ങളും ആവശ്യമായ രേഖകളും അംഗീകൃത നിരക്കുകളും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
അംഗീകൃത വിസ നിരക്കുകൾ നിശ്ചിതമാണെന്നും അവ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ എല്ലാവർക്കും പരിശോധിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തൊഴിലാളികളെ യു.എ.ഇ.യിലേക്ക് അയക്കുന്ന ചില രാജ്യങ്ങളിലെയും സന്ദർശകരെ അയക്കുന്ന ചില രാജ്യങ്ങളിലെയും ഓഫീസുകളും കമ്പനികളും ഔദ്യോഗിക നിരക്കിന്റെ ഇരട്ടിയോ അതിലധികമോ തുക അനധികൃതമായി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തട്ടിപ്പുകൾ 8005111-ൽ അറിയിക്കാം
: തൊഴിൽ വിസ, ഫ്രീലാൻസ് വിസ, സന്ദർശന വിസ, താമസാനുമതി എന്നിവ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ ലഭിക്കുന്ന സംശയാസ്പദമായ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ജി.ഡി.ആർ.എഫ്.എ. മുന്നറിയിപ്പ് നൽകി. ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ടോൾഫ്രീ നമ്പറായ 800 5111 ലൂടെയും ജി.ഡി.ആർ.എഫ്.എയുടെ വിവിധ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും വിവരമറിയിക്കണമെന്ന് ലെഫ്. ജനറൽ മുഹമ്മദ് അൽ മർറി വ്യക്തമാക്കി.
വിസയോ താമസാനുമതിയോ സംബന്ധിച്ച ഏതെങ്കിലും വാഗ്ദാനങ്ങൾ സ്വീകരിക്കുന്നതിനു മുൻപ് അതിന്റെ ഉറവിടം പരിശോധിക്കണം. വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ പണം നൽകുകയോ ചെയ്യുന്നതിന് മുൻപ് സേവനം ഔദ്യോഗികവും അംഗീകൃതവുമാണെന്ന് ഉറപ്പാക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു. വ്യാജ വാഗ്ദാനങ്ങൾക്കും സാമൂഹിക മാധ്യമ പരസ്യങ്ങൾക്കും പകരം ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കുകയാണ് തട്ടിപ്പിൽനിന്ന് രക്ഷപ്പെടാനുള്ള സുരക്ഷിത മാർഗമെന്ന് അധികൃതർ വ്യക്തമാക്കി.
Published: 04 Sept 2026, 01:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented