ഷാര്‍ജ: അര നൂറ്റാണ്ട് നീണ്ട സംഗീത സപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല,ജീവിതം തന്നെയെന്ന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞന്‍ ഇളയരാജ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സമ്പൂര്‍ണമായി സംഗീതത്തില്‍ ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 43-ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 'മഹാ സംഗീതജ്ഞന്റെ യാത്ര - ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ കൈയടിയുടെ ആനന്ദം
തമിഴ്‌നാട്ടിലെ വിദൂര ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തോട് ബാല്യകാലം മുതല്‍ താല്‍പര്യം ഉണ്ടായിരുന്നു. ചേട്ടന്‍ ഭാസ്‌കരന്‍ പ്രദേശത്തെ വിവിധ പരിപാടികളില്‍ പാടുമായിരുന്നു, വീട്ടില്‍ ഹാര്‍മോണിയം ഉണ്ടായിരുന്നെങ്കിലും തൊടാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല.തൊട്ടാല്‍ ചുട്ട അടി കിട്ടുമായിരുന്നു.എന്നിട്ടും ചേട്ടന്‍ അറിയാതെ ഹാര്‍മോണിയം വായിക്കാന്‍ പഠിച്ചു. കമ്പത്ത് നടന്ന ഒരു കച്ചേരിയില്‍ സ്ഥിരമായി ഹാര്‍മോണിയം വായിച്ചിരുന്ന ആള്‍ വന്നില്ല.അന്നാണ് പൊതുവേദിയില്‍ ആദ്യമായി ഒരു സംഗീതോപകരണം വായിക്കുന്നത്. അന്ന് സദസ്സില്‍ നിന്ന് ലഭിച്ച കൈയടികളാണ് തനിക്ക് ആദ്യമായി ലഭിച്ച അനുമോദനമെന്ന് ഇളയരാജ പറഞ്ഞുതീരുമ്പോഴേക്ക് കൈയടികളുടെ ആരവം ഉയര്‍ത്തി ബോള്‍ റൂമിലെ ആസ്വാദകര്‍. പിന്നീട് സ്വര്‍ണ മെഡലോടെ ഗിറ്റാര്‍ പഠനവും പൂര്‍ത്തിയാക്കി. 1976 ഇല്‍ ആദ്യ സിനിമയായ 'അന്നക്കിളിക്ക്' സംഗീതം നല്‍കുന്നതിന് മുന്‍പ് രാജ്കുമാര്‍ നായകനായ ഒരു കന്നഡ സിനിമക്ക് വേണ്ടി സഹ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ച അനുഭവം ഇളയരാജ പങ്കുവെച്ചു. സംഗീത സംവിധായകന്‍ 10 വ്യത്യസ്തമായ ഈണങ്ങള്‍ ഒരുക്കി. അവയുടെ നോട്ട്സ് തയ്യാറാക്കാന്‍ ഇളയരാജയോട് ആവശ്യപ്പെട്ടു. നോട്ട്സ് തയ്യാറാക്കാന്‍ അറിയില്ലെന്ന് ഇളയരാജ മറുപടിയും നല്‍കി. പിന്നീട് ഈണങ്ങള്‍ കേള്‍ക്കുന്നതിന് സംവിധായകനും നിര്‍മാതാവും എത്തിയപ്പോള്‍ നേരത്തെ ഹൃദിസ്ഥമാക്കിയ പത്ത് ഈണങ്ങളും ഒന്നിന് പുറകെ ഒന്നായി അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു ഇളയരാജ.
വര്‍ഷത്തില്‍ 58 സിനിമകള്‍ ഓരോന്നിലും ചുരുങ്ങിയത് ആറ് പാട്ടുകള്‍
വര്‍ഷത്തില്‍ 58 സിനിമകള്‍ക്ക് വരെ സംഗീതം നല്‍കിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. മൂന്ന് തിയറ്ററുകളിലായി ഒരേ ദിവസം മൂന്ന് സിനിമകള്‍ക്ക് സംഗീതം നല്‍കിയ അപൂര്‍വ അനുഭവം പങ്കുവെച്ചപ്പോള്‍ അത്ഭുതത്തില്‍ നിറഞ്ഞു സദസ്സ്. പഞ്ചു അരുണാചലം നിര്‍മിച്ച കാക്കിച്ചട്ടൈ എന്ന കമലഹാസന്‍ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ പടത്തിന് വേണ്ടിയല്ലാതെ ആറ് പാട്ടുകള്‍ക്ക് കൂടി അദ്ദേഹം ഈണം നല്‍കി. വേറെ സിനിമ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കാമെന്ന് രാജ പറയുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ പാട്ടുകളും ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. അങ്ങനെയാണ് 'വൈദേഹി കാത്തിരുന്താള്‍' എന്ന വിജയകാന്ത്-രേവതി ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പിറവിയെടുക്കുന്നത്. ' രാസാത്തി ഉന്നൈ കാണാതെ നെഞ്ച്', 'അഴക് മലരാട്' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും പ്രിയ ഗാനങ്ങളായി തുടരുന്നു.
പാട്ടെഴുത്തിന്റെ വഴിയില്‍
മണിരത്‌നം സംവിധാനം ചെയ്ത ' ഇദയകോവില്‍' എന്ന ചിത്രത്തില്‍ പ്രണയവും ഭക്തിയും ഒരു പോലെ പാട്ടില്‍ വരേണ്ട കഥാ സന്ദര്‍ഭമുണ്ടായിരുന്നു.എത്ര ശ്രമിച്ചിട്ടും ഗാന രചന ശരിയാവുന്നില്ല. അവിടെയാണ് തന്റെ ആദ്യ പാട്ടെഴുത്ത് സംഭവിച്ചതെന്ന് ഇളയരാജ വെളിപ്പെടുത്തി. 'ഇദയം ഒരു കോവില്‍' എന്ന് തുടങ്ങുന്ന പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമെ തമിഴ് ഭക്തി ഗാന ശാഖയായ തിരുവമ്പാവൈ രീതിയിലുള്ള കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു.
സിംഫണിയെക്കുറിച്ച്
വ്യത്യസ്തവും സങ്കീര്‍ണവുമായ അടരുകള്‍ ഉള്ള സംഗീത ശില്പമാണ് സിംഫണിയെന്നും അതേക്കുറിച്ച് വിശദീകരിക്കുക എളുപ്പമല്ലെന്നും ഇളയരാജ പറഞ്ഞു. ഇതില്‍ നിരവധി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഓരോന്നിനും വെവ്വേറെ നോട്ടുകളും ഉണ്ട്. ചെറിയ പിഴവ് സംഭവിച്ചാല്‍ മതി സിംഫണിയുടെ അടിസ്ഥാന ഘടന തകരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിംഫണികള്‍ മുഴുവന്‍ കേട്ട് തീര്‍ക്കാന്‍ നൂറ് ജന്മങ്ങള്‍ തികയാതെ വരുമെന്നും ഇളയരാജ അഭിപ്രായപ്പെട്ടു.
ദളപതി എന്ന ചിത്രത്തിലെ 'സുന്ദരി കണ്ണാല്‍ ഒരു സേതി' എന്ന് തുടങ്ങുന്ന ഗാനത്തില്‍ സിംഫണിയുടെ ചില അനുഭവ തലങ്ങള്‍ കാണാമെന്നും ഇളയരാജ പറഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ ഉള്ള ഗാനങ്ങള്‍ക്ക് ഈണം പകരുമ്പോള്‍ അവിടങ്ങളിലെ സംസ്‌കാരത്തെക്കുറിച്ച് അറിയുന്നത് നല്ലതാണെന്നും എന്നാല്‍ ഈണം നൈസര്‍ഗികമായാണ് മനസ്സില്‍ നിറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ കര്‍ണാടിക് സംഗീതജ്ഞന്‍ സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നല്‍കിയത്. ഇരുവരും ചേര്‍ന്ന് ചില ഗാനങ്ങള്‍ ആലപിച്ചത് ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി. മലയാളി പെണ്‍കുട്ടി അമൃത 'പുന്നഗൈ മന്നന്‍' എന്ന ചിത്രത്തിലെ 'ഏതേതോ' എന്ന ഗാനം ഇളയരാജക്ക് മുന്നില്‍ ആലപിച്ചു. ചെറുപ്പക്കാരെ വെല്ലുന്ന ഊര്‍ജസ്വലതയോടെ എങ്ങനെ സംവദിക്കാന്‍ സാധിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകന്‍ ആസിഫ് മീരാന്റെ ചോദ്യത്തിന് ' അത് താന്‍ രാജ' എന്ന മാസ് മറുപടി നല്‍കിയാണ് സംഗീത ചക്രവര്‍ത്തി സംഭാഷണം അവസാനിപ്പിച്ചത്.
Content Highlights: musician ilayaraja in sharjah international book festival
Published: 09 Nov 2024, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented