ഷാര്‍ജ: കേരളത്തിന്റെ പ്രാചീനചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഒരു ബൗദ്ധസംസ്‌കൃതിയുടെ ഉന്മൂലനത്തിന്റെ കഥയാണ് കെ.വി. മോഹന്‍കുമാറിന്റെ 'ഉല' എന്ന നോവലിന്റെ പ്രമേയം.
ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ 35-ാമത്തെ പുസ്തകമായ ഈ നോവല്‍ മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കൂടുതല്‍ വിറ്റഴിയുന്ന ശീര്‍ഷകങ്ങളില്‍ 'ഉല' യും ഉള്‍പ്പെടും. ആര്യാധിനിവേശത്തിനുശേഷം എ.ഡി. പത്താം നൂറ്റാണ്ടുവരെ കരപ്പുറം എന്ന പ്രദേശത്ത് നിലനിന്ന ബൗദ്ധസംസ്‌കൃതി നോവലിന്റെ പ്രമേയമാകുന്നു.
വടക്ക് അരയൂര് മുതല്‍ തെക്ക് ചീമൂതവാതം (ശ്രീമൂലവാസം) വരെ നെടുനീളത്തില്‍ കിടക്കുന്ന കാക്കാത്തുരുത്ത്, വടക്കുന്തുരുത്ത്, തെക്കുംതുരുത്ത്, എടത്തുരുത്ത് തുടങ്ങിയ തുരുത്തുകള്‍ ബ്രാഹ്‌മണാധിപത്യത്തിനുകീഴില്‍ അകപ്പെടുന്നതാണ് നോവലില്‍ ചിത്രീകരിക്കുന്നത്.
നിയോഗി, മസൂദി, നരന്‍, വില്വന്‍, ഇളവെയിലി, കൊണാങ്കിമൂപ്പന്‍, വൈദ്യനച്ചന്‍, ആതിച്ചഗുരു, മാരന്‍, പവനന്‍, ഔത എന്നീ കഥാപാത്രങ്ങളിലൂടെയാണ് 'ഉല' യുടെ കഥപറയുന്നത്.
ചരിത്രത്തെ നേരിട്ട് പ്രമേയവത്കരിക്കാതെ കഥാപാത്രങ്ങളും സംഭവങ്ങളും ആലേഖനം ചെയ്യുകയാണ് കെ.വി. മോഹന്‍കുമാര്‍. പലദേശങ്ങളും ദേശമൊഴികളും നോവലിലെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകുന്നു.
മസൂദി എന്ന കഥാപാത്രവും ബാഗ്ദാദില്‍ ജനിച്ച സത്യാന്വേഷിയായ സഞ്ചാരി സുലൈമാന്റെ യാത്രാക്കുറിപ്പുകളുംപ്രാചീന അറബ് ചരിത്രവും ഓര്‍മിപ്പിക്കുന്നു. അസമത്വങ്ങളും വിഭാഗീയതകളും നിലനിന്ന തിന്മയുടെ കാലത്തെ തുറന്നുകാട്ടുന്നുണ്ട് നോവലില്‍. അതിനെതിരേ എഴുത്തുകാരന്റെ പ്രതിരോധമാണ് 'ഉല' യെന്നും വിലയിരുത്താം.
സമൂഹത്തിന്റെ കീഴാളവര്‍ഗമാണ് ഭൂമിയുടെ യഥാര്‍ഥ അവകാശികളെന്നും നോവലിസ്റ്റ് പറയുന്നുണ്ട്.
Content Highlights: kv mohankumar novel ula available in sharjah international book fair
Published: 09 Nov 2024, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented