ഇന്ത്യൻ സാങ്കേതിക വിദ്യ-സ്റ്റാർട്ടപ്പ് സംരംഭകരെ യു.എ.ഇയിലെ പ്രമുഖ ബിസിനസ് നെറ്റ് വർക്കുമായി ബന്ധിപ്പിക്കുന്നതിനായി 'ഡെസ്റ്റിനേഷൻ എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ' പദ്ധതി പ്രഖ്യാപിച്ച് ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ബിസിനസ് ഹബ്ബായ സെൻട്രൽ. 'എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ 2026'ന്റെ ഇക്കോസിസ്റ്റം പങ്കാളികളായ സെൻട്രൽ പ്രഖ്യാപിച്ച ഈ സംരംഭത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭകർക്ക് ദുബായിൽ ഒരാഴ്ച നീളുന്ന ബിസിനസ് അവസരങ്ങൾ ലഭ്യമാക്കും.

പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ അഞ്ച് ഐ.ടി നഗരങ്ങളായ ചെന്നൈ, ബെംഗളൂരു, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സെൻട്രൽ റോഡ്ഷോകൾ സംഘടിപ്പിക്കും. കേരള സർക്കാരിന്റെ ഇൻഫോപാർക്ക്, സൈബർപാർക്ക്, ടെക്നോപാർക്ക് എന്നിവയ്ക്ക് പുറമെ കർണാടക ഡിജിറ്റൽ ഇക്കോണമി മിഷൻ, ഹൈലൈറ്റ് ബിസിനസ് പാർക്ക്, കഫീറ്റ്, ജി-ടെക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നത്. സ്റ്റാർട്ടപ്പ് തമിഴ്നാടുമായുള്ള പങ്കാളിത്തവും പരിഗണനയിലുണ്ട്.

വെറുമൊരു പ്രദർശനത്തിൽ പങ്കെടുക്കുന്നതിനപ്പുറം ദുബായിലെ ഉപഭോക്താക്കൾ, നിക്ഷേപകർ എന്നിവരുമായി സംരംഭകർക്ക് നേരിട്ട് ചർച്ച നടത്താനുള്ള അവസരമാണ് ഇതിലൂടെയൊരുങ്ങുന്നത്. സെൻട്രലിന്റെ ആതിഥേയത്വത്തിൽ ദുബായിലെത്തുന്ന 100 സംരംഭകർക്ക് ലോകപ്രശസ്തമായ ജൈടെക്‌സ് ഗ്ലോബൽ, എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ മേളകളിൽ പങ്കെടുക്കാനും സെൻട്രൽ കേന്ദ്രമാക്കി പ്രവർത്തനം വ്യാപിപ്പിക്കാനും സാധിക്കുമെന്ന് സെൻട്രൽ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്‌മത്തുള്ള വ്യക്തമാക്കി.

മൂന്നാം വാർഷികത്തിലേക്ക് കടക്കുന്ന സെൻട്രൽ ദുബായിൽ രണ്ട് പുതിയ ബിസിനസ് കേന്ദ്രങ്ങൾ കൂടി തുറന്ന് പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. റോഡ്ഷോയോടനുബന്ധിച്ച് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന 60 സെക്കൻഡ് പിച്ചെസ് മത്സരത്തിലെ വിജയിക്ക് എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ 2026 മേളയിൽ സ്വന്തം സംരംഭം ആഗോള തലത്തിൽ അവതരിപ്പിക്കാനുള്ള പവിലിയൻ സൗകര്യവും അനുവദിച്ചു.

To advertise here,