റാസൽഖൈമ: 'ഹീലിങ് ഹജർ' എന്ന പേരിൽ ഒരുക്കിയ ശുചീകരണ യാത്ര ശ്രദ്ധേയമായി. ഗ്രീൻവേ അഡ്വഞ്ചേഴ്‌സ് സംഘടിപ്പിക്കുകയും സാസ്റ്റൺ പിന്തുണ നൽകുകയും ചെയ്ത ഈ ഉദ്യമത്തിൽ യുഎഇയിലെ വിവിധ ഹൈക്കിങ് കൂട്ടായ്മകളിൽ നിന്നുള്ള മലയാളികളടക്കമുള്ള അമ്പതോളം പ്രകൃതിസ്‌നേഹികളാണ് പങ്കുചേർന്നത്. വെളിച്ചം വീഴും മുൻപേ, പുലർച്ചെ 5.15-ന് ഷൗക്കയിൽ ആരംഭിച്ച ഈ സ്‌നേഹയാത്ര അവസാനിക്കുമ്പോൾ മലനിരകൾക്ക് ആശ്വാസമായി വലിയൊരു അളവ് മാലിന്യങ്ങളാണ് അവിടെനിന്ന് നീക്കം ചെയ്തത്.

To advertise here,

ഈ ഭൂമി നമ്മുടെ വീടാണെന്നും വീട് വൃത്തിയായി സൂക്ഷിക്കുമ്പോഴാണ് അതിന്റെ സൗന്ദര്യം നിലനിൽക്കുന്നതെന്നുമുള്ള, സംഘാടകരിലൊരാളായ നസാർ ഹുസൈന്റെ വാക്കുകളിൽ പ്രകൃതിയോടുള്ള ആഴമേറിയ കരുതൽ പ്രകടമാണ്. വെറുമൊരു വിനോദയാത്ര എന്നതിനപ്പുറം, വരുംതലമുറയ്ക്ക് കൈമാറേണ്ട പൈതൃകമാണ് ഈ മലനിരകളെന്ന തിരിച്ചറിവ് ഓരോ പങ്കാളിയിലും ഉണ്ടായിരുന്നു. ഷൗക്കയിലെ തദ്ദേശവാസികൾ കൂടി ഈ ഉദ്യമത്തിൽ കൈകോർത്തതോടെ മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും സുന്ദരമായ സമാഗമമായി അത് മാറി. മുതിർന്നവർക്കൊപ്പം തന്നെ ആവേശത്തോടെ മലകയറാൻ കുട്ടികളും ഉണ്ടായിരുന്നു എന്നത് ഈ സംരംഭത്തിന്റെ മാറ്റ് കൂട്ടി.

ഏഴാം വയസ്സിൽ തന്നെ മൊറോക്കോയിലെ അതിശൈത്യമുള്ള തബുകൽ പർവതനിരകൾ കീഴടക്കിയ ഇയാ കൃഷ് എന്ന കൊച്ചു മിടുക്കിയും ഇവർക്കൊപ്പം മലകയറി മാലിന്യങ്ങൾ ശേഖരിച്ചു. നാളെയുടെ കാവലാളാകാൻ ഇത്ര ചെറുപ്പത്തിലേ പ്രകൃതിയെ തൊട്ടറിയുന്ന ഇത്തരം കുരുന്നുകളാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ ഊർജം. വിവിധ ഹൈക്കിങ് ക്ലബ്ബുകളുടെ (എഫ്സി, ദുബായ് വാക്കീസ്, റാക് മംസ്, ഹൈക് റാക് ആസ്-1, അഡ്വെഞ്ചർ നെക്സ്റ്റ്, ഹിന്ദ് ഹൈക്കേഴ്‌സ്) അകമഴിഞ്ഞ പിന്തുണയോടെ നടന്ന ഈ യാത്ര വെറുമൊരു തുടക്കം മാത്രമാണെന്ന് സംഘാടകർ വിശ്വസിക്കുന്നു. പ്രകൃതിക്കായി ഇനിയും നിരവധി യാത്രകൾ ബാക്കിയുണ്ടെന്ന ശുഭപ്രതീക്ഷയോടെയാണ് ആ സ്‌നേഹസംഘം ഷൗക്കയോട് യാത്ര പറഞ്ഞത്.