ദുബായ്: എം.എസ്.എസ് ദുബായുടെ ആഭിമുഖ്യത്തിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന
പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുമായി സഹകരിച്ച് പ്രവാസി ഇന്ത്യക്കാരായ യു.എ.ഇ. നിവാസികൾക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിച്ചു പോയവർക്കുമായി നീതി മേള സംഘടിപ്പിക്കുന്നു. നീതി മേളയുടെ ബ്രോഷർ കേരള ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് പിൽസ് അംഗവും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ പി ടി ഷിജീഷിന് നൽകി പ്രകാശനം ചെയ്തു. പിൽസ് ചെയർമാൻ അഡ്വ.ഷാനവാസ് കാട്ടകത്ത് അധ്യക്ഷത വഹിച്ചു. ഫാമിലി കൗൺസിലർ സി.എ റസാഖ്, എം.എസ്.എസ് ദുബായ് ട്രഷറർ അബ്ദുൽ മുത്തലീഫ്, ഹൈക്കോടതി അഭിഭാഷകരായ അഡ്വ ബീന പ്രസാദ്, അഡ്വ.ജോർജ് എന്നിവർ പങ്കെടുത്തു.
അടുത്തമാസം 18 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ ദുബായ് റാഷിദിയ പേസ് സ്‌കൂളിലാണ് നീതി മേള നടക്കുക. യു.എ.ഇ. 2026 കുടുംബ വർഷമായി ആചരിക്കുന്നതിനാൽ 'കുടുംബ നീതി മേള' എന്ന പേരിലാണ് ഈ വർഷം നീതി മേള സംഘടിപ്പിക്കുന്നത്. കുടുംബ നിയമ പ്രശ്‌നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക നിയമ വിഷയങ്ങൾ,വിവാഹം, വിവാഹ മോചന കേസുകൾ, ജീവനാംശം, വയോജന-ബാല പീഡന കേസുകൾ തുടങ്ങിയവക്കായിരിക്കും പ്രാമുഖ്യം നൽകുക. അതിനായി ഈ മേഖലയിൽ പ്രഗൽഭ്യമുള്ള അഭിഭാഷകരും, ഫാമിലി കൗൺസിലർമാരും വിദഗ്ധരും നേതൃത്വം നൽകും. കൂടാതെ, കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതുപോലെ പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങൾക്കും നീതി മേളയിലൂടെ പരിഹാര നിർദേശങ്ങൾ ലഭ്യമാവും. അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ടു പരിഹാരങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.
പാസ്‌പോർട്ട്, എംബസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിസ, റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹനാപകട സംബന്ധമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ,സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങൾ, എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ-സിവിൽ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതി മേളയിലൂടെ പരാതികൾ സമർപ്പിക്കാം.
നീതിമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി പിൽസ് ചെയർമാൻ അഡ്വ.ഷാനവാസ്, എം.എസ്.എസ് ദുബായ് പ്രസിഡന്റ് ഫയാസ് അഹ്‌മദ്, പിൽസ് യു.എ.ഇ. പ്രസിഡന്റ് കെ.കെ അഷ്റഫ് എന്നിവർ രക്ഷാധികാരികളും മോഹൻ.എസ്.വെങ്കിട്ട് (ചെയർമാൻ), അഡ്വ.മുഹമ്മദ് സാജിദ് (ജന.കൺവീനർ), അഡ്വ.അസീസ് തോലേരി (അഭിഭാഷക പാനൽ), അഡ്വ.ഗിരിജ (കൗൺസിലർമാർ) സജിൽ ഷൗക്കത്ത് , നിഷാജ് ശാഹുൽ , ദീപു യു.എസ്, മുത്തലീഫ്, ബിജു പാപ്പച്ചൻ, അക്ബർ, അരുൺ സുന്ദർ രാജ്, മുജീബ്, ഹുസൈൻ തുടങ്ങിയവർ കോർഡിനേറ്റർമാറുമായി വിപുലമായ ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കുടുംബ നീതിമേളയുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്നും, നിയമ പ്രശ്‌നങ്ങളിൽ പെട്ടു മാനസികമായി തളർന്നു കഴിയുന്ന എല്ലാവരെയും നീതി മേളയുമായി ബന്ധിപ്പിക്കണമെന്നും സംഘാടക സമിതി യു.എ.ഇയിലെ മുഴുവൻ സാംസ്‌കാരിക സംഘടനകളോടും അഭ്യർഥിച്ചു.

To advertise here,