ദുബായ്: ദുബായ് വേള്‍ഡ് കപ്പ് 2025 ന്റെ ലോഗോ പതിപ്പിച്ച പ്രത്യേക സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി ദുബായ് താമസ - കുടിയേറ്റ വകുപ്പ്. ഏപ്രില്‍ 3 മുതല്‍ 9 വരെ ദുബായ് വിമാനത്താവളങ്ങള്‍ വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും പാസ്പോര്‍ട്ടുകളില്‍ ഈ സ്റ്റാമ്പ് പതിപ്പിക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യമേറിയതുമായ കുതിരപ്പന്തയ മത്സരങ്ങളിലൊന്നായ ദുബായ് വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രതീകമാണ് ഈ സ്മരണിക സ്റ്റാമ്പ്. ഇത് സന്ദര്‍ശകരുടെ പാസ്പോര്‍ട്ടുകളില്‍ ഒരു ശാശ്വതമായ ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു .

To advertise here,

അതിനിടയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക പാസ്പോര്‍ട്ട് നിയന്ത്രണ ടീമുകളെ നിയോഗിച്ച് ചാമ്പ്യന്‍ഷിപ്പ് പങ്കാളികളുടെ പ്രവേശന നടപടികള്‍ സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിപാടികള്‍ക്ക് പിന്തുണ നല്‍കാനും, യാത്രക്കാര്‍ക്ക് സവിശേഷമായ സ്വാഗതാനുഭവം നല്‍കാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം.

കായിക-സാംസ്‌കാരിക പരിപാടികളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഈ സംരംഭം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ദേശീയ-അന്തര്‍ദേശീയ പരിപാടികള്‍ക്ക് പിന്തുണ നല്‍കാനുള്ള ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് സ്റ്റാമ്പ്  പുറത്തിറക്കിയതെന്ന്  ജി.ഡി.ആര്‍.എഫ്.എ-ദുബായ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബായ് വേള്‍ഡ് കപ്പ് പോലുള്ള ലോകോത്തര ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലെ രാജ്യത്തിന്റെ അഭിമാനത്തെയും യു.എ.ഇയുടെ അസാധാരണമായ ആതിഥ്യമര്യാദയെയും ഈ പ്രതീകാത്മക സംരംഭം എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ദുബായ് എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കിയ ദുബായ് വേള്‍ഡ് കപ്പ് 2025- പാസ്‌പോര്‍ട്ട് സ്റ്റാമ്പ്