കാഞ്ഞങ്ങാട്: അന്ന് വിദ്യാഭ്യാസവകുപ്പ് വേണ്ടെന്ന് പറഞ്ഞതാണ് റെഡ്‌ക്രോസിന്റെ ഈ സ്റ്റാമ്പുകൾ. വർഷം പത്ത് കഴിഞ്ഞു. പൊടിതട്ടിയെടുത്ത് അത് വീണ്ടും വിദ്യാഭ്യാസകാര്യാലയങ്ങളിൽ വില്പനയ്ക്കെത്തി. ലക്ഷ്യം ഒന്നരക്കോടി രൂപയിലേറെ പിരിച്ചെടുക്കൽ. ഉപജില്ലാ വിദ്യാഭ്യാസകാര്യാലയങ്ങൾ 5000 സ്റ്റാമ്പുകളും വിദ്യാഭ്യാസ ജില്ലാ കാര്യാലയങ്ങൾ 10,000 സ്റ്റാമ്പുകളും വില്ക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
സർക്കാർ ഉത്തരവിന്റെ പകർപ്പും സ്റ്റാമ്പുകളും റെഡ്‌ക്രോസ് സൊസൈറ്റി നേരിട്ട് വിദ്യാഭ്യാസ കാര്യാലയങ്ങളിലെത്തിക്കുകയാണ്. പ്രഥമാധ്യാപകർ സ്‌കൂൾ സംബന്ധമായ ആവശ്യങ്ങൾക്ക് വിദ്യാഭ്യാസകാര്യാലയങ്ങളിലെത്തുമ്പോൾ സ്റ്റാമ്പുകൾ നിർബന്ധിച്ച് കൊടുക്കുകയാണ്. ഒരു സ്റ്റാമ്പിന്റെ വില 10 രൂപ. 50 മുതൽ 500 സ്റ്റാമ്പുകൾവരെ നൽകുന്നു, സ്‌കൂളിലെ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച്. അതേസമയം ഇതു വിദ്യാർഥികൾക്ക് നൽകരുതെന്ന നിർദേശവുമുണ്ട്. പിന്നെങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യത്തിന് എങ്ങനെയെങ്കിലും ‘അഡ്ജസ്റ്റ്’ ചെയ്യൂവെന്ന മറുപടിയും.
സർക്കാർ ഉത്തരവിന്റെ പകർപ്പുകൂടി സ്റ്റാമ്പിനൊപ്പം അയക്കുന്നതിനാൽ വിറ്റുകൊടുക്കാതിരിക്കാനാകില്ലല്ലോയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സർക്കാർ അനുമതിയോടെ 2015-ലാണ് റെഡ്‌ക്രോസ് സൊസൈറ്റി 30 ലക്ഷം സ്റ്റാമ്പ് അച്ചടിച്ചത്. രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായതിനാൽ വിദ്യാഭ്യാസവകുപ്പിൽ വില്പന നടന്നില്ല. 15,74,782 സ്റ്റാമ്പുകൾ ബാക്കിയായി. ഇത് റെഡ്‌ക്രോസ് സൊസൈറ്റിയുടെ സംസ്ഥാനകാര്യാലയത്തിൽ കെട്ടിക്കിടക്കുകയായിരുന്നു.
സൊസൈറ്റിയുടെ സാമ്പത്തികനഷ്ടം ഒഴിവാക്കാൻ ഈ സ്റ്റാമ്പുകൾ വില്ക്കണമെന്ന നിർദേശമാണ് സർക്കാർ നൽകിയിട്ടുള്ളത്. റെഡ്‌ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന കാര്യാലയത്തിന്റെ ദൈനംദിന ചെലവുകൾക്ക് ഫണ്ട് ആവശ്യമാണെന്നും അതിനാണ് സ്റ്റാമ്പ് വില്പനയെന്നും സർക്കാർ പറയുന്നു. സൊസൈറ്റിയുടെ നിത്യച്ചെലവിന് സ്‌കൂൾ അധ്യാപകരാണോ പണം നൽകേണ്ടതെന്ന ചോദ്യമാണ് അധ്യാപകസംഘടനകളുടേത്. പ്രഥമാധ്യാപകർ സ്റ്റാമ്പുമായെത്തുമ്പോൾ അതിന്റെ വിഹിതം നൽകാൻ അതുകൊണ്ടുതന്നെ, അധ്യാപകർ തയ്യാറാകാത്ത പ്രശ്‌നവുമുണ്ട്.
Content Highlights: stamp again sale after ten years for educational department
Published: 16 Aug 2025, 06:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented