കുട്ടിക്കാലത്ത് മിഠായിക്കടലാസുകളോ മയിൽപ്പീലിയോ പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചുവെക്കാത്തവർ നമ്മളിൽ കുറവായിരിക്കും. ഈ ശീലം വളർന്നു വലുതാകുമ്പോഴാണ് അതൊരു അടിപൊളി ഹോബിയായി മാറുന്നത്. വെറുമൊരു വിനോദം എന്നതിലുപരി, അറിവ് വർധിപ്പിക്കാനും മനസ്സിന് സന്തോഷം നൽകാനും ഭാവിയിലൊരു നിക്ഷേപമാകാനും ഈ ശേഖരണങ്ങൾ നമ്മളെ സഹായിക്കും. ലോകത്തിലെ ജനപ്രിയമായ ചില ശേഖരണ ഹോബികളെ പരിചയപ്പെടാം.
ഹോബികളുടെ രാജാവ്: ഫിലാറ്റലി
തപാൽ സ്റ്റാമ്പുകൾ ശേഖരിക്കുന്ന വിനോദമാണ് ഫിലാറ്റലി. ലോകത്തിലെ ഏറ്റവും പഴയതും പ്രശസ്തവുമായ ഹോബിയായതുകൊണ്ട് ഇതിനെ 'കിംഗ് ഓഫ് ഹോബീസ്' എന്ന് വിളിക്കുന്നു. ഓരോ രാജ്യത്തെയും ചരിത്രം, പ്രകൃതി, പ്രമുഖ വ്യക്തികൾ, സംസ്‌കാരം എന്നിവയെല്ലാം ചെറിയൊരു സ്റ്റാമ്പിലൂടെ നമുക്ക് വായിച്ചെടുക്കാം. പ്രിന്റിംഗിലെ ഒരു അബദ്ധം കാരണം വിമാനത്തിന്റെ ചിത്രം തലതിരിഞ്ഞുപോയ, 1918-ൽ അമേരിക്കയിലിറങ്ങിയ 'ഇൻവെർട്ടഡ് ജെന്നി' എന്ന സ്റ്റാമ്പിന് ഇന്ന് കോടിക്കണക്കിന് രൂപയാണ് വില!
നാണയങ്ങളുടെ കഥ പറയുന്ന ന്യൂമിസ്മാറ്റിക്‌സ്
പഴയതും പുതിയതുമായ നാണയങ്ങളും കറൻസികളും ശേഖരിക്കുന്ന വിനോദമാണ് ന്യൂമിസ്മാറ്റിക്‌സ്. പഴയ നാണയങ്ങൾ പരിശോധിച്ചാൽ അന്നത്തെ ഭരണാധികാരികളെയും അവർ ജീവിച്ചിരുന്ന കാലഘട്ടത്തെയും കുറിച്ച് അറിയാൻ സാധിക്കും. ഒരു രാജ്യം എത്രത്തോളം പണക്കാരായിരുന്നു എന്ന് അവരുടെ നാണയങ്ങൾ പറയും. നാണയങ്ങളിൽ കൊത്തിവെച്ചിരിക്കുന്ന രൂപങ്ങൾ അന്നത്തെ കാലത്തെ കലയും ഭാഷാ വൈഭവവും നമുക്ക് കാണിച്ചുതരുന്നു.
പുസ്തകപ്രേമികളുടെ ബിബ്ലിയോഫിലി
പുസ്തകങ്ങളോട് തീവ്രമായ സ്‌നേഹം തോന്നുകയും അവ നിരന്തരമായി ശേഖരിക്കുകയും ചെയ്യുന്ന ഹോബിയാണ് ബിബ്ലിയോഫിലി. പ്രിയപ്പെട്ട എഴുത്തുകാരുടെ കയ്യൊപ്പോടെയുള്ള പുസ്തകങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ്വ പുസ്തകങ്ങളുമൊക്കെ സ്വന്തമാക്കാൻ ഇവർക്ക് വലിയ ഇഷ്ടമാണ്. ഇതിനോട് ചേർത്തുവായിക്കാവുന്ന ഒരു ജാപ്പനീസ് വാക്കാണ് 'സുന്ദോകു (Tsundoku)'. പുസ്തകങ്ങൾ ഒരുപാട് വാങ്ങി കൂട്ടുകയും എന്നാൽ അവ വായിക്കാതെ അലമാരയിൽ അടുക്കിവെക്കുകയും ചെയ്യുന്ന ശീലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
കടൽമുത്തുകൾ തേടി കോങ്കോളജി
കടൽത്തീരങ്ങളിലും പുഴയോരങ്ങളിലും പ്രകൃതി ഒളിപ്പിച്ചുവെച്ചിരിക്കുന്ന മനോഹരമായ കക്കകളും ചിപ്പികളും ശേഖരിക്കുന്ന ഹോബിയാണ് കോങ്കോളജി (Conchology). കടൽ ജീവികളുടെ പുറന്തോടുകളായ ഇവയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ നിറങ്ങളും രൂപങ്ങളുമായിരിക്കും. ഈ മനോഹരമായ കക്കകൾ വീടുകളിൽ ക്രാഫ്റ്റ് വർക്കുകൾ ചെയ്യാനും അക്വേറിയങ്ങൾ അലങ്കരിക്കാനും ഉപയോഗിക്കാം.
പ്രകൃതിയെ അറിയാൻ ഹെർബേറിയം
സസ്യങ്ങളുടെ ഇലകൾ, പൂക്കൾ എന്നിവ പ്രത്യേക രീതിയിൽ ഉണക്കി, അമർത്തി, കാർഡുകളിൽ ഒട്ടിച്ച് വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ശേഖരത്തെയാണ് ഹെർബേറിയം എന്ന് വിളിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ചെടികളുടെ ഘടനയും അവയുടെ ശാസ്ത്രീയ നാമങ്ങളും വളരെ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന ഒരു സൂപ്പർ ആക്റ്റിവിറ്റിയാണിത്.
ഒരു നല്ല ഹോബി തുടങ്ങാൻ പ്രായമോ വലിയ പണമോ ഒന്നും ഒരു തടസ്സമല്ല. നമുക്ക് ചുറ്റുമുള്ള ചെറിയ വസ്തുക്കളിൽ നിന്ന് പോലും ഈ യാത്ര തുടങ്ങാം. തിരക്കുകൾക്കിടയിൽ മനസ്സിന് സന്തോഷം നൽകാനും പൊതുവിജ്ഞാനം വളർത്താനും പുതിയ കൂട്ടുകാരെ കണ്ടെത്താനും ഈ ശീലം നമ്മളെ സഹായിക്കും.
എന്നാൽ പിന്നെ പുതിയൊരു ഹോബി തുടങ്ങുകയല്ലേ?
Content Highlights: Introduction to popular collecting hobbies like Philately and Numismatics
Published: 30 Jun 2026, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented