ദുബായ്: ഇത്തിഹാദ് റെയിലിന്റെ ദുബായ് പാസഞ്ചർ സർവീസ് ബുധനാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കും. ദുബായിക്കും അബുദാബിക്കുമിടയിൽ പ്രതിദിനം 10 ട്രെയിൻ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇരു എമിറേറ്റുകൾക്കുമിടയിൽ സ്ഥിരമായി യാത്രചെയ്യുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമാകുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിലെ ദുബായ് അൽ യലായിസ് സ്റ്റേഷൻ ശൃംഖലയുടെ ഭാഗമാകുന്നതോടെ അബുദാബി, ദുബായ്, ഫുജൈറ എന്നീ മൂന്ന് എമിറേറ്റുകൾ തമ്മിൽ നേരിട്ട് ബന്ധിക്കപ്പെടും. ദുബായിക്കും അബുദാബിക്കുമിടയിലുള്ള യാത്രയ്ക്ക് വെറും ഒരു മണിക്കൂറും നാല് മിനിറ്റും മാത്രമാണ് സമയമെടുക്കുക. ദുബായിൽനിന്ന് ഫുജൈറയിലേക്ക് ഒരു മണിക്കൂറും പത്ത് മിനിറ്റും കൊണ്ട് എത്തിച്ചേരാനാകും. ഇതിനുപുറമേ അബുദാബിക്കും ഫുജൈറയ്ക്കുമിടയിൽ ദിവസേന ആറ് സർവീസുകളും ഇത്തിഹാദ് റെയിൽ നടത്തും.
റോഡിലെ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം വാഹനം ഓടിക്കുന്നതിന് പകരം യാത്രക്കാർക്ക് കൂടുതൽ ലാഭകരവും ആശ്വാസകരവുമായ യാത്രാനുഭവമാണ് ഇത്തിഹാദ് റെയിൽ വാഗ്ദാനം ചെയ്യുന്നത്. ഗ്യാരണ്ടീഡ് സീറ്റുകൾ, സൗജന്യ വൈഫൈ, ചാർജിങ് പോയിന്റുകൾ എന്നിവ ട്രെയിനുകളിൽ ലഭ്യമാണ്. യാത്രാസമയത്ത് ഓഫീസിലെ ജോലികൾ ചെയ്യാനോ, പുസ്തകം വായിക്കാനോ, കുടുംബത്തോടൊപ്പം ചെലവഴിക്കാനോ ട്രെയിൻ യാത്ര സൗകര്യമൊരുക്കുന്നു.
ആദ്യഘട്ടത്തിൽ ആരംഭിച്ച അബുദാബി-ഫുജൈറ സർവീസിൽ ഇതിനോടകം 1,50,000-ലധികം ആളുകൾ യാത്രചെയ്തതായി ഇത്തിഹാദ് റെയിൽ സ്ട്രാറ്റജി ആൻഡ് ഗ്രോത്ത് ഡയറക്ടർ അമീറ അൽ ഖ്‌ലൈഫി അറിയിച്ചു. ഉപഭോക്താക്കൾ സാധാരണയായി 10 ദിവസം മുൻപുതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
ദേശീയ പാസഞ്ചർ റെയിൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി നവംബർ 30-ന് മദീനത്ത് സായിദ്, ലീവ എന്നീ സ്റ്റേഷനുകളും ഡിസംബർ 30-ന് അൽ ദഫ്രയിലെ മറ്റ് സ്റ്റേഷനുകളും പ്രവർത്തനസജ്ജമാകും. 2027 മാർച്ച് 30-ഓടെ ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി സ്റ്റേഷൻ തുറക്കാനാണ് പദ്ധതി.
യു.എ.ഇയെയും ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'ഹഫീത് റെയിൽ'പദ്ധതി പൂർത്തിയാകുന്നതോടെ അയൽരാജ്യങ്ങളിലേക്കും ട്രെയിൻ സർവീസുകൾ വിപുലീകരിക്കപ്പെടും. ഇത് യാത്രക്കാർക്ക് മാത്രമല്ല, ചരക്ക് നീക്കത്തിനും പ്രാദേശിക വാണിജ്യ രംഗത്തിനും വലിയ മുന്നേറ്റമുണ്ടാക്കും. 2021 ഡിസംബറിൽ പ്രഖ്യാപിച്ച ഈ ബൃഹത്തായ പദ്ധതി നിശ്ചിത കാലാവധി പൂർത്തിയാകുന്നതിന് മൂന്ന് മാസം മുൻപേ അതിവേഗം പൂർത്തിയാക്കാൻ സാധിച്ചതായി ഇത്തിഹാദ് റെയിൽ മൊബിലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ അധ്ര അൽ മൻസൂരി അറിയിച്ചു.
പ്രവാസികൾക്ക് പുതിയ യാത്രാനുഭവം
വർഷങ്ങളായി അബുദാബി-ദുബായ് ഹൈവേയിലെ തിരക്കിലൂടെ സ്റ്റിയറിങ് കൈയ്യിലേന്തി വാഹനം ഓടിച്ചിരുന്ന യാത്രികർക്ക് ആശ്വാസത്തിന്റെ പുതിയൊരു വഴിതുറക്കുകയാണ് ഇത്തിഹാദ് റെയിൽ. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ദുബായ് അൽ യലായിസ് സ്റ്റേഷനിലേക്ക് എത്തുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ യാത്ര, രാജ്യത്തെ പ്രവാസികൾക്കും സ്വദേശികൾക്കും യാത്രാസങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിക്കുന്ന അനുഭവം സമ്മാനിക്കുന്നു.
സ്റ്റേഷനിൽ പ്രവേശിക്കുന്നത് മുതൽ ടിക്കറ്റ് മെഷീനുകളിൽ നിന്നുള്ള അതിവേഗ ടിക്കറ്റിങ്ങും കഫേകളും പ്രീമിയം ലോഞ്ചുകളും യാത്രക്കാരെ സ്വീകരിക്കുന്നു. ഗ്രേ നിറത്തിലുള്ള യൂണിഫോം അണിഞ്ഞ ജീവനക്കാരുടെ ആതിഥേയത്വത്തോടെ ട്രെയിനിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ പരമ്പരാഗത അറബിക് കാപ്പിയും കരക് ചായയും ഈന്തപ്പഴവും നൽകിയാണ് യാത്രികരെ ആനയിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ പായുമ്പോഴും പൂർണമായും ശബ്ദരഹിതമായ അത്യാധുനിക കോച്ചുകളാണ് ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്.
39 ദിർഹം മുതൽ നിരക്കുകൾ ആരംഭിക്കുന്ന 'കംഫർട്ട് ക്ലാസിൽ' ക്രമീകരിക്കാവുന്ന സീറ്റുകളും ചാർജിങ് പോയിന്റുകളും വിപുലമായ ലെഗ് റൂമും ലഭ്യമാണ്. 109 ദിർഹം നിരക്കുവരുന്ന 'പ്രീമിയം ക്ലാസിൽ' കൂടുതൽ വിസ്താരമുള്ള സീറ്റുകളാണ് നൽകിയിരിക്കുന്നത്. ഇതിനുപുറമേ ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകളും വീൽചെയർ ഏരിയകളും സജ്ജീകരിച്ചിട്ടുണ്ട്.
യാത്രയിലുടനീളം യു.എ.ഇയുടെ പരമ്പരാഗത വിഭവങ്ങളും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളും ഉപയോഗിച്ചുള്ള ലഘുഭക്ഷണങ്ങൾ ലഭ്യമാണ്. കാപിറ്റൽ കേറ്ററിങ് വികസിപ്പിച്ചെടുത്ത പ്രാദേശിക രുചികൾ അടങ്ങിയ 'ട്യൂണാകാഡോ സാന്റ്വിച്ച്', പരാത്ത, ലൂമി പൗഡർ വിഭവങ്ങൾ എന്നിവ യാത്രാവേളയിൽ കോച്ചുകളിൽ വിളമ്പുന്നു.
അബുദാബിയിൽനിന്ന് പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ ഓപ്പൺ ലാൻഡ്‌സ്‌കേപ്പുകളിലൂടെ നിശബ്ദമായി കുതിക്കുന്ന ട്രെയിൻ ദുബായിലെ അൽ യലായിസ് സ്റ്റേഷനിലെത്തുമ്പോൾ സുന്ദരമായ ഖലീജി സംഗീതത്തോടെയാണ് യാത്രക്കാരെ സ്വീകരിക്കുന്നത്. കേവലമൊരു ഗതാഗത മാർഗ്ഗത്തിനപ്പുറം യു.എ.ഇയുടെ പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന ഈ ട്രെയിൻയാത്ര വിനോദസഞ്ചാരികൾക്കും ദിവസേന ജോലിക്ക് പോകുന്ന പ്രവാസികൾക്കും പുതിയൊരു യാത്രാ സംസ്‌കാരം സമ്മാനിക്കും.
ടിക്കറ്റുകൾ ഓൺലൈനിൽ കുറഞ്ഞ നിരക്കിൽ
അബുദാബിക്കും ദുബായിക്കുമിടയിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളുടെ വിൽപന ഇത്തിഹാദ് റെയിൽ ആപ്പിലും വെബ്സൈറ്റിലും പുനരാരംഭിച്ചു. ഓൺലൈൻ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 'കംഫർട്ട് ക്ലാസ്' നിരക്ക് 39 ദിർഹമായിരിക്കും. അതേസമയം, സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകൾ വഴി നേരിട്ട് വാങ്ങുമ്പോൾ 60 ദിർഹമാണ് ഈടാക്കുക. കൂടുതൽ യാത്രാസൗകര്യങ്ങളും പ്രഭാതഭക്ഷണവും അടങ്ങുന്ന 'പ്രീമിയം ക്ലാസ്' ടിക്കറ്റുകൾക്ക് 109 ദിർഹമാണ് വില.
അൽ യലായിസ് സ്റ്റേഷനിലെ സൗകര്യങ്ങളും
ദുബായ് മെട്രോ കണക്റ്റിവിറ്റിയും
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിന് സമീപമുള്ള ദുബായ് അൽ യലായിസ് സ്റ്റേഷൻ അത്യാധുനിക സൗകര്യങ്ങളോടെയാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. സ്റ്റാർബക്‌സ്, ലുലു മാർട്ട്, ഡബ്ല്യു.എച്ച്. സ്മിത്ത്, മക്‌ഡൊണാൾഡ്‌സ് തുടങ്ങിയ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് പ്രത്യേക കാൽനടപ്പാലം വഴി വെറും അഞ്ച് മിനിറ്റ് കൊണ്ട് ദുബായ് മെട്രോയുടെ 'ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ്' സ്റ്റേഷനിലേക്ക് പ്രവേശിക്കാം.
ഇതിനായി ഇത്തിഹാദ് റെയിൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ 22 ദിർഹം (റെഗുലർ), 42 ദിർഹം (ഗോൾഡ്) നിരക്കുകളിലുള്ള 'നോൽ വൺ-ഡേ പാസുകൾ' കൂട്ടിച്ചേർക്കാൻ സാധിക്കും. ഒറ്റ ക്യു.ആർ കോഡ് ഉപയോഗിച്ച് മെട്രോ, ബസ്, ട്രാം എന്നിവയിലും തുടർച്ചയായി യാത്രചെയ്യാം. എക്‌സ്പോ സിറ്റിയിലേക്ക് ഇവിടെനിന്ന് 10 മിനിറ്റും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 27 മിനിറ്റും മാത്രമാണ് യാത്രാസമയം.
Published: 29 Sept 2026, 07:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented