പുണെ: കേതൻ അഗർവാൾ കൊലക്കേസിൽ നിർണായക തെളിവായി വിനോദ സഞ്ചാരികൾ എടുത്ത ഫോട്ടോ. പ്രതിയായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും കേതൻ അഗർവാളും ഒരുമിച്ച് നിൽക്കുന്നതാണ് വിനോദസഞ്ചാരികളെടുത്ത ഫോട്ടോയിൽ ഉൾപ്പെട്ടത്. ഇത് അന്വേഷണ സംഘം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കേസിൽ പ്രതികളായ സിയ ഗോയലിനും കാമുകൻ ചേതൻ ചൗധരിക്കുമെതിരേ 5,300 പേജടങ്ങുന്ന സമഗ്ര കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

To advertise here,

കേതൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് വിനോദ സഞ്ചാരികൾ എടുത്ത ഫോട്ടോയിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും കേതൻ അഗർവാളും വിനോദസഞ്ചാരികൾ എടുത്ത ഫോട്ടോയിൽ അബദ്ധത്തിൽ ഉൾപ്പെട്ടത്. സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും കേതൻ അഗർവാളും ഒന്നിച്ചു നിൽക്കുന്നതാണ് ഫോട്ടോയിൽ പതിഞ്ഞത്.  ഇത് കേസിൽ സുപ്രധാന തെളിവായി മാറുകയായിരുന്നു.

സംഭവ ദിവസം കോട്ട സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളുടെ പക്കലുള്ള ഡിജിറ്റൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പോലീസിന് സുപ്രധാന ദൃശ്യങ്ങൾ ലഭിച്ചത്. കേതനെ കൊലപ്പെടുത്തിയ കോട്ടയുടെ ഭാഗത്ത് കൃത്യസമയത്ത് മൂന്നുപേരും ഉണ്ടായിരുന്നുവെന്ന് ഫോട്ടോഗ്രാഫുകൾ വ്യക്തമാക്കുന്നുവെന്ന് പുണെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗിൽ പറഞ്ഞു.

സിയയും ചേതനും ഒന്നിച്ചാണ് കേതനെ ഉയരത്തിൽനിന്ന് തള്ളിയിട്ടതെന്ന് ചൂണ്ടിക്കാട്ടുന്ന സുപ്രധാന ദൃക്സാക്ഷി മൊഴിയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കേതനെ കോട്ടയിൽനിന്ന് മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ട ദൃക്സാക്ഷിയുടെ മൊഴിയാണിത്.

കുറ്റകൃത്യം നടന്ന സമയത്ത് ചേതൻ ചൗധരിയുടെ സാന്നിധ്യം ദൃക്സാക്ഷികളുടെ മൊഴിയിൽനിന്ന് സ്ഥിരീകരിച്ചു. കേതന്റെ മരണം സാധാരണ അപകടമെന്ന് വരുത്തിത്തീർക്കാനുള്ള യുവതിയുടെയും കാമുകന്റെയും ശ്രമങ്ങളെ പൊളിച്ചെഴുതുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. പ്രോസിക്യൂഷൻ ചിത്രങ്ങളെയും മൊഴികളെയും നിർണായക തെളിവായി കോടതിയിൽ ഉപയോഗിക്കും.

ജൂൺ 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുണെയിലെ പ്രമുഖ വ്യവസായിയായ കേതനാണ് കൊല്ലപ്പെട്ടത്. പ്രതിശ്രുത വധുവും കാമുകനും ചേർന്ന് നടത്തിയ ക്രൂര കൊലപാതകമായിരുന്നു കേതന്റെത്. സിയ ഗോയലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് കേതൻ അഗർവാളിനെ ലോഹഗഡ് കോട്ടയിലേക്ക് സിയ വിളിച്ചുവരുത്തിയത്. എന്നാൽ, സിയയും കാമുകനായ ചേതൻ ചൗധരിയും ചേർന്ന് കേതനെ കോട്ടയുടെ മുകളിൽനിന്ന് താഴ്ചയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

കേതനുമായുള്ള വിവാഹ നിശ്ചയത്തിന് മുമ്പുതന്നെ ചേതനുമായി സിയ അടുപ്പത്തിലായിരുന്നു. വിവാഹത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു ക്രൂര കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തൽ. ആഴ്ചകൾ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം. ക്രൈം സിനിമകൾ കണ്ടും കുറ്റകൃത്യം ചെയ്തതിനുശേഷം രക്ഷപ്പെടാനാവശ്യമായ രീതിയിലുള്ള പോഡ്കാസ്റ്റുകൾ കേട്ടുമായിരുന്നു ആസൂത്രണം. തുടർന്ന് സിസിടിവികളൊന്നും ഇല്ലാത്തിടത്തേക്ക് വിളിച്ചുവരുത്തി കേതനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേതന് സർപ്രൈസ് നൽകാനെന്ന വ്യാജേനയായിരുന്നു കോട്ടയിലേക്ക് വിളിച്ചുവരുത്തിയത്. 'മാഹി' എന്ന പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അതിൽ കൂടിയായിരുന്നു എല്ലാ ചാറ്റിങ്ങുകളും. കൊലപാതകാസൂത്രണവും ഈ വ്യാജ അക്കൗണ്ട് വഴിയായിരുന്നു. ഡിലീറ്റ് ചെയ്ത വാട്സാപ്പ് ചാറ്റുകൾ, കോൾ ഡീറ്റെയിൽസ്, റെക്കോർഡുകൾ, ലൊക്കേഷൻ ഡാറ്റ, സെർച്ച് ഹിസ്റ്ററികൾ തുടങ്ങിയവ ഉൾപ്പെടെ 12 ടിബി ഡിജിറ്റൽ ഡാറ്റകളാണ് ഫൊറൻസിക് വീണ്ടെടുത്തത്.

ആദ്യം അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും, കേതന്റെ സഹോദരിയുടെ സംശയവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ സിയ ഗോയൽ, ചേതൻ ചൗധരി, കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ ചേതന്റെ സുഹൃത്ത് റിതേഷ് ഹാംഗേ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.