
ന്യൂഡൽഹി: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ മലയാളി വിദ്യാർഥികൾക്ക് കേരള സർക്കാർ ടിക്കറ്റെടുത്ത് നൽകിയിരുന്നു. ഡൽഹിയിലെ കേരളാഹൗസിൽനിന്നാണ് ഇതിനുള്ള സഹായങ്ങൾ നൽകിയത്. ഇതിനിടെ, ഒരു വിദ്യാർഥിയുടെ ആവശ്യം കേട്ട് കേരളാഹൗസ് ജീവനക്കാർ ഒന്ന് അമ്പരന്നു. താൻ വിമാനത്തിൽ പോകണമെങ്കിൽ തന്റെ പൂച്ചയ്ക്കും വിമാന ടിക്കറ്റ് എടുത്തുനൽകണം എന്നായിരുന്നു വിദ്യാർഥിയുടെ ആവശ്യം!
പൂച്ചയ്ക്ക് ടിക്കറ്റെടുക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിയുടെ ആവശ്യം കേരള ഹൗസ് ജീവനക്കാർക്ക് നിരാകരിക്കേണ്ടിവന്നു. ഇതോടെ പൂച്ചയെ ഡൽഹിയിലെ ഒരു സുഹൃത്തിനെ ഏൽപ്പിച്ചശേഷം വിദ്യാർഥി കേരളത്തിലേക്ക് വിമാനം കയറുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെയാണ് പൂച്ചയ്ക്കൊപ്പം ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ ഒമ്പത് വിദ്യാർഥികൾ ഡൽഹിയിൽ എത്തിയത്. നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ടിക്കറ്റിനായി ഇവർ കേരള ഹൗസിനെ സമീപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡൽഹിയിൽ ഉള്ളതിനാൽ ഈ ആവശ്യം അദ്ദേഹത്തിന് മുന്നിൽ ഉന്നയിക്കാൻ കേരള ഹൗസ് ജീവനക്കാർ വിദ്യാർഥികളോട് പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ ആവശ്യം കേട്ട മുഖ്യമന്ത്രി വിദ്യാർഥികൾക്ക് വിമാന ടിക്കറ്റ് എടുത്ത് നൽകാൻ നിർദേശിച്ചു.
വിദ്യാർത്ഥികൾക്കായി കേരള ഹൗസിലെ നോർക്ക വിഭാഗം നടപടി ആരംഭിച്ചതോടെയാണ് 'പൂച്ച പ്രശ്നം' തുടങ്ങിയത്. വിദ്യാർത്ഥികളിൽ ഒരാൾ തനിക്കൊപ്പമുള്ള പൂച്ചയ്ക്കും ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥർ ഈ ആവശ്യം നിരാകരിച്ചു. പൂച്ചയില്ലാതെ തനിക്ക് നാട്ടിലേക്ക് പോകാൻ കഴിയില്ലെന്നായി വിദ്യാർത്ഥി. എങ്കിൽ ട്രെയിനിൽ ടിക്കറ്റെടുത്ത് നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ വിദ്യാർത്ഥി നിലപാട് മാറ്റി. ഒടുവിൽ പൂച്ച ഇല്ലാതെ വിദ്യാർത്ഥി മറ്റ് സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേക്ക് വിമാനം കയറി.
സ്വകാര്യ സർവ്വകലാശാലയിൽ കനത്ത ഫീസ് നൽകി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ഉയർന്ന നിരക്കിൽ വിമാന ടിക്കറ്റ് എടുത്ത് നൽകുന്നതിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് പൂച്ച വിവാദവും ഉയരുന്നത്. മുമ്പ്, യുദ്ധസമയത്ത് യുക്രൈനിൽനിന്ന് വന്ന വിദ്യാർത്ഥികളിൽ ചിലരും തങ്ങളുടെ വളർത്തുമൃഗങ്ങളെ സർക്കാർ ചെലവിൽ ഡൽഹിയിൽനിന്ന് നാട്ടിലെത്തിക്കാൻ ശ്രമിച്ചിരുന്നു.
Content Highlights: Kerala students evacuated from Lovely Professional University due to clashes arrived in Delhi., Chief Minister arranged free flight tickets for the students returning to Kerala., One student created a controversy by demanding a flight ticket for his pet cat, which was rejected by Kerala House officials., The student eventually left the cat with a friend in Delhi and boarded the flight to Kannur.
Published: 29 Sept 2026, 06:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented