
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ കഴിഞ്ഞ പതിപ്പിൽനിന്ന് (ഫയൽഫോട്ടോ)
ദുബായ്: ഒൻപതാമത് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിനായുള്ള (ഡിഎഫ്സി) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അടുത്തമാസം ഒന്നുമുതൽ 30 വരെ നീണ്ടുനിൽക്കുന്ന ചലഞ്ചിൽ പങ്കെടുക്കാൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.dubaifitnesschallenge.com) സൗജന്യമായി രജിസ്റ്റർചെയ്യാം.
ആരോഗ്യകരമായ ജീവിതശൈലിക്കായി 30 ദിവസം 30 മിനിറ്റുവീതം വ്യായാമംചെയ്യാൻ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2017-ലാണ് ഡിഎഫ്‌സി ആരംഭിച്ചത്. കഴിഞ്ഞ എട്ടുപതിപ്പുകളിലും അദ്ഭുതപ്പെടുത്തുന്ന ജനപിന്തുണയാണ് പരിപാടിക്ക് ലഭിച്ചത്.
യുഎഇയുടെ ‘സാമൂഹിക വർഷ’ത്തിന് അനുയോജ്യമായ വൈവിധ്യമാർന്ന കായികപരിപാടികളാണ് പുതിയപതിപ്പിലും ഉൾപ്പെടുത്തിയിട്ടുള്ളത്. ദുബായ് റൈഡ്, ദുബായ് റൺ, ദുബായ് സ്റ്റാൻഡ് അപ്പ് പാഡൽ, ദുബായ് യോഗ എന്നിങ്ങനെ നാല് പ്രധാന കായികപരിപാടികളാണ് ഡിഎഫ്സിയുടെ ഭാഗമായി ഇത്തവണ സംഘടിപ്പിക്കുക. ശൈഖ് സായിദ് റോഡ്, ഡൗൺടൗൺ ദുബായ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുനടക്കുന്ന വ്യത്യസ്തപരിപാടികളിലേക്ക് ജനലക്ഷങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന പരിപാടികൾക്കുപുറമേ വിവിധയിടങ്ങളിലായി സൗജന്യ ഫിറ്റ്‌നസ് ക്ലാസുകളും ബാസ്കറ്റ് ബോൾ, ഫുട്ബോൾ, പാഡൽ, വോളിബോൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ വാഗ്ദാനംചെയ്യുന്ന മൂന്ന് ഫിറ്റ്‌നസ് വില്ലേജുകളും ഈ കാലയളവിൽ സജീവമാകും. പരിപാടികളുടെ വിശദവിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. സാമൂഹികപ്രവർത്തനങ്ങൾക്കൊപ്പം ഒട്ടേറെ അന്താരാഷ്ട്ര കായികമത്സരങ്ങൾക്കും ദുബായ് ആതിഥേയത്വം വഹിക്കും.
ദുബായ് പ്രീമിയർ പാഡൽ പി വൺ, ദുബായ് ടി 100 ട്രയൽത്തൺ, ഡിപി വേൾഡ് ടൂർ ചാമ്പ്യൻഷിപ്പ്, ബേസ്‌ബോൾ യുണൈറ്റഡ് സീസൺ വൺ, എമിറേറ്റ്‌സ് എയർലൈൻ ദുബായ് റഗ്ബി സെവൻസ് എന്നിവയാണ് മത്സരങ്ങളിൽ ചിലത്. ലോകത്തെ ഏറ്റവുംസജീവമായ നഗരങ്ങളിലൊന്നാവുകയെന്ന എമിറേറ്റിന്റെ കാഴ്ചപ്പാടിനനുസൃതമാണ് ഫിറ്റ്‌നസ് ചലഞ്ച് എന്ന് ദുബായ് സ്പോർട്‌സ് കൗൺസിൽ (ഡിഎസ്‌സി) സെക്രട്ടറി ജനറൽ സഈദ് ഹാരിബ് പറഞ്ഞു. പ്രായഭേദമന്യേ എല്ലാവരിലും ആരോഗ്യക്ഷേമം പ്രോത്സാഹിപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് സ്പോർട്‌സ് കൗൺസിൽ, ഡിപി വേൾഡ്, ദുബായ് മുനിസിപ്പാലിറ്റി, മൈ ദുബായ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) എന്നിവയുടെ സഹകരണത്തോടെ ദുബായ് സാമ്പത്തിക വിനോദസഞ്ചാരവകുപ്പാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഡിഎഫ്‌സിയുടെ കഴിഞ്ഞപതിപ്പിൽ 27 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു.
Published: 03 Oct 2025, 03:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented