റിയാദ്: യമനിലെ യുദ്ധം നാളെ തന്നെ അവസാനിപ്പിക്കാൻ കഴിയുമെന്ന് യമനിൽ നിയമസാധുതയുള്ള സർക്കാറിനെ പിന്തുണക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സമാധാന പദ്ധതിയോട് ഹൂതി മിലീഷ്യകൾ യോജിച്ചാൽ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹൂതികളെ ചർച്ചാമേശയിലെത്തിക്കാൻ ആവശ്യമായ കാലമത്രയും സൈനിക സമ്മർദം തുടരുമെന്നും തുർക്കി അൽ മാലികി വ്യക്തമാക്കി.

To advertise here,

റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അൽ മാലികിയുടെ പ്രതികരണം. യമൻ സർക്കാറിന്റെ താൽക്കാലിക തലസ്ഥാനമായ ഏദന് ചുറ്റും സൗദി അറേബ്യ ചുവപ്പുരേഖ നിശ്ചയിച്ചിട്ടുണ്ടെന്നും നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം സഖ്യസേന ചെയ്യുമെന്നും തുർക്കി അൽ മാലികി മുന്നറിയിപ്പ് നൽകി. ഏദന് സമീപം ഏറ്റുമുട്ടലുകൾ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.

രാഷ്ട്രീയ പരിഹാരമാണ് ഏറ്റവും മികച്ച മാർഗമെന്ന് അൽ മാലികി പറഞ്ഞു. എന്നാൽ യമൻ സർക്കാറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പിന്തുണ നൽകേണ്ടതുണ്ട്. ഹൂതികൾ യമൻ സർക്കാറിനൊപ്പം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള റോഡ്മാപ്പ് നടപ്പാക്കാൻ തീരുമാനിച്ചാൽ യുദ്ധം നാളെ തന്നെ അവസാനിപ്പിക്കാനാകുമെന്നും തുർക്കി അൽ മാലികി കൂട്ടിച്ചേർത്തു.

രാഷ്ട്രീയ ഒത്തുതീർപ്പുണ്ടാകുന്നതുവരെ ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകാനും അവരുടെ നിലപാടുകളിൽ മാറ്റമുണ്ടാക്കാനും സൈനിക ശക്തി ഉപയോഗിക്കും. യമൻ സൈന്യത്തിന് 24 മണിക്കൂറും തുടർച്ചയായ വ്യോമപിന്തുണ നൽകുന്നുണ്ട്. സൗദി നഗരങ്ങൾക്ക് ഭീഷണിയാകാനുള്ള ഹൂതികളുടെ ശേഷി ദുർബലപ്പെടുത്തുന്നതിനും നടപടികൾ തുടരുകയാണെന്നും തുർക്കി അൽ മാലികി വ്യക്തമാക്കി.

ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപണ സംവിധാനങ്ങളും തകർക്കുന്നതിലും മിസൈലുകളുടെയും ഡ്രോണുകളുടെയും ചില ഘടകങ്ങൾ നശിപ്പിക്കുന്നതിലും സഖ്യസേന ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്നും അൽ മാലികി പറഞ്ഞു.

യുദ്ധത്തിന്റെ ഗതി മാറ്റാൻ സൗദി കരസേനയെ യമനിലേക്ക് അയക്കണമെന്ന നിർദേശം അദ്ദേഹം തള്ളി. യമൻ സർക്കാറിന്റെ സൈന്യത്തിന് ആവശ്യമായ പോരാളികളും ഗോത്രവിഭാഗങ്ങളുടെ പിന്തുണയും സൈനിക ശേഷിയുമുണ്ടെന്നും വിദേശത്തുനിന്ന് മറ്റൊരു സൈന്യത്തിന്റെ സഹായം തേടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൂതികൾ സൗദി അതിർത്തി കടന്നുകയറുന്നത് തടയാൻ രാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽ സൗദി സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. അതിർത്തിയോട് അടുക്കുന്ന ഏത് ഭീഷണിയും തകർക്കാൻ ആവശ്യമായതെല്ലാം സൗദി അറേബ്യ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യമൻ സൈന്യത്തിലെ ആഭ്യന്തര ഏകോപന പ്രശ്നങ്ങൾ പരിഹരിക്കാൻ സഖ്യസേന സജീവമായി ഇടപെടുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ടുതവണ ചില പോരായ്മകൾ യമൻ സർക്കാർ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പോരായ്മകൾ പരിഹരിച്ച് തന്ത്രപരവും യുദ്ധരംഗത്തുമുണ്ടാകുന്ന പിഴവുകൾ തിരുത്താൻ യമൻ സൈന്യത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അൽ മാലികി പറഞ്ഞു.

വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന മിസൈൽ പ്രതിരോധ ശേഖരം സൗദി അറേബ്യയിൽ കുറഞ്ഞുവരുകയാണെന്ന റിപ്പോർട്ടുകളും അദ്ദേഹം നിഷേധിച്ചു. രാജ്യങ്ങൾ തമ്മിലുള്ള സർക്കാർതല കരാറുകളിലൂടെയാണ് സൗദി ആയുധങ്ങൾ വാങ്ങുന്നതെന്നും പ്രതിരോധ ആയുധങ്ങളുടെ ശേഖരത്തിൽ കുറവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.