റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ദവാദ്മിയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശി സിക്കന്തർ ലുക്മാൻ അഹമ്മദിന്റെ (45) മൃതദേഹം മറവുചെയ്യുന്നതിനും കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും കൈത്താങ്ങായി കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ. കഴിഞ്ഞ 12 വർഷമായി ദവാദ്മിയിൽ ജോലി ചെയ്തിരുന്ന ലുക്മാന്റെ അന്ത്യയാത്രയിൽ ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ലാത്ത സാമൂഹിക പ്രവർത്തകരാണ് തുണയായത്.
ദവാദ്മിയിലെ കൃഷിയിടത്തിൽ ജോലി ചെയ്തുവരികയായിരുന്നു ലുക്മാൻ. താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സുഹൃത്തുക്കൾ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും ആരോഗ്യപ്രവർത്തകരും നടത്തിയ പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം മറവുചെയ്യുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കി. ദവാദ്മിയിൽ ഖബറടക്കം നടത്തി. ലുക്മാന്റെ അന്ത്യകർമങ്ങളിൽ കുടുംബത്തിന്റെ ഭാഗത്തുനിന്ന് റിയാദിലുള്ള ഒരു അകന്ന ബന്ധു മാത്രമാണ് പങ്കെടുത്തത്. പ്രദേശത്തെ നൂറുകണക്കിന് പ്രവാസികൾ അന്ത്യകർമങ്ങളിൽ പങ്കെടുത്തു.
ലുക്മാന് ലഭിക്കാനുള്ള ശമ്പളക്കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും സ്പോൺസറിൽനിന്ന് എംബസി മുഖേന കുടുംബത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കി.
കേളി ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ രാജേഷ് മലയാലപ്പുഴ, ചെയർമാൻ മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിൽ ഏരിയയിലെ ഭാരവാഹികളും അംഗങ്ങളും നടപടികൾക്കും ഖബറടക്കത്തിനും നേതൃത്വം നൽകി.
Published: 29 Nov 2026, 11:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented