ഒട്ടാവ: മെറ്റയുടെ സ്മാർട്ട് ഗ്ലാസ് മോഷ്ടിക്കാൻ ശ്രമിച്ച ഒരു മോഷ്ടാവിന് സംഭവിച്ച അമളിയുടെ രസകരമായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കനേഡിയൻ പോലീസ്. ഒരു ഐവെയർ ഷോപ്പിൽ നിന്ന് സ്മാർട്ട് ഗ്ലാസുകൾ മോഷ്ടിക്കാൻ പദ്ധതിയിട്ട മോഷ്ടാവിന് അപ്രതീക്ഷിത പിഴവ് മൂലം സ്വന്തം കുറ്റം മറച്ചുവെക്കാൻ കഴിയാത്ത അവസ്ഥയുണ്ടായതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

To advertise here,

ദൃശ്യങ്ങൾ ചിരിയുണർത്തുന്നതാണെങ്കിലും ആളെ തിരിച്ചറിയാൻ സാധിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നാണ് സൗത്ത് സിംകോ പോലീസ് സൗത്ത് (South Simcoe Poli-ce) നൽകിയിരിക്കുന്ന നിർദേശം. കാനഡയിലെ കുക്സ്ടൗണിലുള്ള ഒരു ഐവെയർ ഷോപ്പിലാണ് രസകരമായ ഈ മോഷണശ്രമം നടന്നത്. കടയിൽനിന്നും റെയ്-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസ് (Ray-Ban Meta smart glasses) ആണ് മോഷ്ടാവ് നൈസായി അടിച്ചുമാറ്റാൻ ശ്രമിച്ചത്.

ഇതിനിടെ ഇയാൾക്ക് പറ്റിയ ഒരു ചെറിയ അബദ്ധമാണ് ഇപ്പോൾ പോലീസിന് ഏറ്റവും വലിയ തെളിവായി മാറിയിരിക്കുന്നത്. കടയിൽ കയറി ഗ്ലാസ് ട്രയൽ നോക്കുന്നതിനിടെ, ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ഒറിജിനൽ ഗ്ലാസിന് പകരം താൻ കൊണ്ടുവന്ന വ്യാജ ഗ്ലാസ് തൽസ്ഥാനത്ത് വെച്ചാണ് അയാൾ മോഷണം നടത്തിയത്. എന്നാൽ, ഗ്ലാസ് ധരിക്കുന്നതിനിടെ അറിയാതെ അതിലെ റെക്കോർഡിങ് ഫീച്ചർ ഓൺ ചെയ്യുകയായിരുന്നു.

മോഷ്ടിച്ച ഗ്ലാസ് ധരിച്ച് നിൽക്കുന്ന അയാളുടെ വ്യക്തമായ ദൃശ്യങ്ങൾ ഗ്ലാസുമായി പെയർ ചെയ്തിരുന്ന ഉപകരണത്തിലേക്ക് തനിയെ അപ്ലോഡ് ആയി. പോലീസ് പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, 2026 നവംബർ 11-ന് വൈകുന്നേരം 7:30-ഓടെയാണ് സംഭവം നടന്നത്. കടയിൽ കയറിയ വ്യക്തി, റെയ്-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസ് ട്രയൽ നോക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. 

ഗ്ലാസ് ധരിച്ചിരിക്കുന്നതിനിടെ, ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുകയാണ് അയാൾ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒറിജിനൽ ഗ്ലാസിന് പകരം താൻ കൊണ്ടുവന്ന വ്യാജ ഗ്ലാസ് വച്ച ശേഷം, വ്യാജ ഗ്ലാസ് ജീവനക്കാരെ ഏൽപ്പിച്ച് അയാൾ കടയിൽ നിന്ന് കടന്നു കളഞ്ഞു. എന്നാൽ, പിന്നീട് ഗ്ലാസുകൾ മാറ്റിയിട്ടുണ്ടെന്ന് കടയിലെ ജീവനക്കാർ കണ്ടെത്തി.

തുടർന്ന് സ്മാർട്ട് ഗ്ലാസുമായി മുൻപ് പെയർ ചെയ്തിരുന്ന ഉപകരണം പരിശോധിച്ചപ്പോഴാണ് അപ്രതീക്ഷിതമായ കാഴ്ച കണ്ടത്. ഗ്ലാസുകൾ പരിശോധിക്കുന്നതിനിടെ പ്രതി അറിയാതെ റെക്കോർഡിങ് ഫീച്ചർ ഓൺ ചെയ്യുകയായിരുന്നു. ഇതിന്റെ ഫലമായി, മോഷ്ടിച്ച ഗ്ലാസ് ധരിച്ചിരിക്കുന്ന അയാളുടെ ദൃശ്യങ്ങൾ പെയർ ചെയ്തിരുന്ന ഉപകരണത്തിലേക്ക് തനിയെ അപ്ലോഡ് ആയി.

ഈ അപ്രതീക്ഷിത കണ്ടെത്തൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന ദൃശ്യങ്ങൾ നൽകി. ഈ വ്യക്തിയുടെ വ്യക്തമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും, അയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ഇത് പുറത്തുവിട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനാണ് സാധാരണയായി ശ്രമിക്കാറുള്ളത്. എന്നാൽ ഈ സംഭവത്തിൽ, പ്രതി സ്വന്തം പ്രവൃത്തികൾ തന്നെ അറിയാതെ റെക്കോർഡ് ചെയ്യുകയായിരുന്നു. ഈ വ്യക്തിയെ തിരിച്ചറിയുന്നവരോ അന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങൾ നൽകാൻ കഴിയുന്നനരോ സൗത്ത് സിംകോ പോലീസുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.