ജിദ്ദ: മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ ആശങ്കകൾക്കിടെ സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സൈനികരെ വിന്യസിച്ച് പാകിസ്താൻ. പ്രതിരോധ സഹകരണം സംബന്ധിച്ച് സൗദി, തുർക്കി പ്രതിനിധികളുമായി ഇസ്‌ലാമാബാദിൽ ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് പാക് സൈനിക വിന്യാസം.

To advertise here,

യെമനിലെ ഇറാൻ അനുകൂല ഹൂതി വിഭാഗത്തിന്റെ സൗദിക്കെതിരായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി. സൗദിയുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശക്തമായ പിന്തുണ നൽകുമെന്ന് മക്ക പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി പാകിസ്താനും തുർക്കിയും നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് മൂന്ന് രാജ്യങ്ങളും പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. ഇതുപ്രകാരം ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.

സൗദിയുടെ സുരക്ഷ, പരമാധികാരം, ഭൂപ്രദേശങ്ങളുടെ അഖണ്ഡത എന്നിവ സംരക്ഷിക്കാനുള്ള പാകിസ്താന്റെ ഉറച്ച പ്രതിബദ്ധതയുടെ ഭാഗമാണ് സൈനിക വിന്യാസമെന്ന് പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐ.എസ്.പി.ആർ. പ്രസ്താവനയിൽ അറിയിച്ചു. സൗദി അറേബ്യയുടെ ഭൂപ്രദേശത്തിനുള്ളിൽ, ഇരുരാജ്യങ്ങളും അംഗീകരിച്ച പ്രതിരോധ സഹകരണ ചട്ടക്കൂടിന് കീഴിലായിരിക്കും സൈനികർ ചുമതല നിർവഹിക്കുക. മേഖലയിലെ പുതിയ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സൗദിയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വിന്യാസം സഹായിക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.

എന്നാൽ എത്ര സൈനികരെയാണ് വിന്യസിക്കുന്നതെന്നോ അവരുടെ പ്രവർത്തന മേഖല, ചുമതലകൾ, വിന്യാസ കാലാവധി എന്നിവയെക്കുറിച്ചോ പാകിസ്താൻ വെളിപ്പെടുത്തിയിട്ടില്ല. 2025 സെപ്റ്റംബറിൽ ഒപ്പുവെച്ച ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലും പാകിസ്താൻ സൗദിയിലേക്ക് യുദ്ധവിമാനങ്ങളും സഹായവിമാനങ്ങളും അയച്ചിരുന്നു. ഇവ സൗദിയിലെത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്ച നടന്ന സൈനിക യാത്രയയപ്പ് ചടങ്ങിൽ പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, സൗദി അംബാസഡർ രാജെഹ് അൽബുഗാമി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷവും സൗദിയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ശക്തമായ പശ്ചാത്തലത്തിലാണ് മൂന്ന് രാജ്യങ്ങളും പ്രതിരോധ സഹകരണം കൂടുതൽ സജീവമാക്കുന്നത്. സൗദിയുടെ ഭൂപ്രദേശം സംരക്ഷിക്കുമെന്ന് പാകിസ്താൻ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും യെമനിലെ ഹൂതികൾക്കെതിരെ നേരിട്ട് ആക്രമണം നടത്തില്ലെന്നാണ് ഇസ്‌ലാമാബാദിന്റെ നിലപാട്. അമേരിക്കയെയും ഇറാനെയും വീണ്ടും ചർച്ചാ മേശയിലെത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങളിലും പാകിസ്താൻ പങ്കാളിയാണ്.

മക്കയിലെയും മദീനയിലെയും ഇസ്‌ലാമിന്റെ വിശുദ്ധ ഹറമുകളുടെ പവിത്രതയും സൗദിയുടെ സുരക്ഷയും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയിൽ പാകിസ്താൻ ഉറച്ചുനിൽക്കുന്നതായും സൈന്യം അറിയിച്ചു.