റിയാദ്: അബ്ഹ, ഖമീസ് മുഷൈത്, ജിസാൻ, നജ്‌റാൻ മേഖലകളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. ഹീനമായ ആക്രമണങ്ങളാണിതെന്ന് മന്ത്രിസഭ വിശേഷിപ്പിച്ചു.
രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യക്കുണ്ടെന്ന് മന്ത്രിസഭ ആവർത്തിച്ചു. യെമൻ ആസ്ഥാനമായ ഹൂതി സംഘം വാണിജ്യ കപ്പലുകൾക്കും ചെങ്കടലിലെ അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനുമെതിരെ നടത്തുന്ന ആക്രമണങ്ങളും മന്ത്രിസഭ തള്ളിപ്പറഞ്ഞു.
ഹൂതി ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയതായി സൗദി മാധ്യമമന്ത്രി സൽമാൻ അൽ ദോസരി അറിയിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സൗദിയിലെ വിവിധ നഗരങ്ങളിലായി 70-ലധികം പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റതായി സൈനിക വക്താവ് ചൊവ്വാഴ്ച അറിയിച്ചിരുന്നു.
പലസ്തീൻ പ്രദേശങ്ങളിലെ പുതിയ സംഭവവികാസങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി. ജറുസലേമിലെ ഇസ്രയേൽ നടപടികൾ തടയുന്നതിനുള്ള അറബ് രാജ്യങ്ങളുടെ ശ്രമങ്ങളും, ഇസ്രയേലിന്റെ തുടർച്ചയായ കുടിയേറ്റ വ്യാപന നയവും യോഗം വിലയിരുത്തി.
ചൊവ്വാഴ്ച ജിദ്ദയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ചു. ഈജിപ്ത്, ഗ്രീസ്, ഒമാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളും അദ്ദേഹം മന്ത്രിസഭയെ അറിയിച്ചു.
സൗദി അറേബ്യയുടെയും ജർമനിയുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ തന്ത്രപ്രധാനമായ സംവാദം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചതിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനയും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.
Content Highlights: Saudi Cabinet strongly condemns Houthi attacks on civilian and economic targets in Abha, Khamis Mushait, Jizan, and Najran., Reaffirms Saudi Arabia's right to protect its sovereignty and the safety of its citizens and residents., Prince Mohammed bin Salman chaired the weekly cabinet meeting in Jeddah., Cabinet discussed regional developments including Palestinian territories and international relations.
Published: 09 Sept 2026, 12:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented