റിയാദ്: ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർക്ക് പരിക്കേറ്റതായി സൈനിക വക്താവ് അറിയിച്ചു. ഹൂതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി പ്രദേശങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ പുതിയ ആക്രമണങ്ങളെ “അപകടകരമായ” നടപടിയെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വിശേഷിപ്പിച്ചു. ഹൂതികളുടെ “ശത്രുതാപരവും നിരുത്തരവാദപരവുമായ” സമീപനമാണ് ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അബ്ഹ, ഖമീസ് മുശൈത്ത്, ജിസാൻ, നജ്റാൻ നഗരങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളാണ് ഏറ്റവും പുതിയ ആക്രമണങ്ങളിൽ ലക്ഷ്യമിട്ടതെന്ന് അൽ മാലികി പറഞ്ഞു. ആക്രമണങ്ങളിൽ 73 സാധാരണക്കാർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.
സൗദിയുടെ ദേശീയ അടിസ്ഥാന സൗകര്യങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ഹൂതികൾ മനഃപൂർവം ലക്ഷ്യമിടുകയാണെന്ന് അൽ മാലികി ആരോപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഹൂതികളുടെ ശത്രുതാപരമായ നീക്കങ്ങൾ തടയുന്നതിനും നേരിടുന്നതിനും സഖ്യസേന ആവശ്യമായ എല്ലാ സൈനിക നടപടികളും സ്വീകരിക്കുമെന്നും അൽ മാലികി വ്യക്തമാക്കി. ഭീഷണിയുടെ ഉറവിടങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് അപകടം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.