റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ ചൊവ്വാഴ്ച രാവിലെ നിരവധി ഊർജ മേഖലയിലെ സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും നേരെയുണ്ടായ ആക്രമണഫലമായി വിവിധ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാവുകയും ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് നിരവധി സൗദികൾക്കും പ്രവാസികൾക്കും പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.

To advertise here,

സംഭവസ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ ഉടൻ രംഗത്തെത്തിയതായി മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ആക്രമണത്തെ തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായി. ഇതേത്തുടർന്ന് ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പ്രത്യേക പരിശീലനം നേടിയ ഫീൽഡ് സംഘങ്ങൾ തീ നിയന്ത്രണവിധേയമാക്കുന്നതിനും സ്ഥലങ്ങൾ സുരക്ഷിതമാക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു.

നിരവധി പൗരന്മാർക്കും പ്രവാസികൾക്കും വ്യത്യസ്ത തോതിലുള്ള പരിക്കുകളേറ്റിട്ടുണ്ട്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിവരികയാണ്. സംഭവത്തിന് ശേഷമുള്ള തുടർനടപടികളും പുരോഗമിക്കുകയാണ്. സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ അംഗീകരിച്ച പ്രവർത്തന പദ്ധതികൾക്കനുസരിച്ച് തുടരുന്നതിനുമായി അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.

അതേസമയം, അബ്ഹ, ഖമീസ് മുഷൈത്, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലെ സിവിലിയൻ, സാമ്പത്തിക സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 സിവിലിയൻമാർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയുടെ സുരക്ഷയ്ക്കും യമനിലെയും മേഖലയിലെയും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഹൂതികളുടെ ശത്രുതാപരമായ സമീപനവും ക്രിമിനൽ നടപടികളും അംഗീകരിക്കാനാകില്ലെന്ന് രാജ്യം വ്യക്തമാക്കി.

തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ ശേഷികൾ കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള നിയമപരമായ അവകാശം സൗദി അറേബ്യക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദി പ്രദേശത്തെയും വിഭവങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും തുടർച്ചയായ ഹൂതി ആക്രമണങ്ങൾ സിവിലിയൻമാർക്കും സിവിലിയൻ സ്ഥാപനങ്ങൾക്കും നേരെ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.