ജിദ്ദ: സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) വിവിധ ക്രിമിനൽ, ഭരണപര അഴിമതി കേസുകളിൽ വ്യാപക അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു. കഴിഞ്ഞ മാസം രാജ്യത്തുടനീളം 2,365 നിരീക്ഷണ പരിശോധനകളും ഹജ്ജ് സീസണിൽ വിശുദ്ധ കേന്ദ്രങ്ങളിലും സേവന സ്ഥാപനങ്ങളിലുമായി ഏകദേശം 15,000 അധിക പരിശോധനകളും നടത്തിയാതായി അധികൃതർ വ്യക്തമാക്കി. പരിശോധനകളുടെ ഭാഗമായി 480 സർക്കാർ ജീവനക്കാരെ ചോദ്യം ചെയ്യുകയും 160 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

To advertise here,

അറസ്റ്റിലായവരും അന്വേഷണ വിധേയരായവരും പ്രധാനമായും മുനിസിപ്പാലിറ്റി, ഹൗസിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, ഇസ്ലാമികകാര്യങ്ങൾ(ദഅ്വ-മാർഗനിർദേശം) എന്നീ മന്ത്രാലയങ്ങളിലെയും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെയും ജീവനക്കാരാണ്. ഇവർക്കെതിരെ കൈക്കൂലി സ്വീകരിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അധികാര സ്വാധീനം ഉപയോഗിച്ച് അനധികൃത നേട്ടങ്ങൾ കൈവരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പൊതു മുതൽ ദുരുപയോഗം ചെയ്യുന്നവരെയും വ്യക്തിപരമായ ലാഭത്തിനായി ഔദ്യോഗിക സ്ഥാനം ഉപയോഗിക്കുന്നവരെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നത് തുടരുമെന്ന് 'നസാഹ' വ്യക്തമാക്കി. സാമ്പത്തിക-ഭരണപര അഴിമതി കുറ്റങ്ങൾ കാലഹരണപ്പെടില്ലെന്നും നിയമലംഘകരെതിരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി ആവർത്തിച്ചു.