ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥൻ പിടിയിൽ. ചീഫ് എഞ്ചിനീയറായ ബി. രവീന്ദറിന്റെ നൂറുകോടിയിലധികം രൂപയുടെ ആസ്തികളാണ് തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ കണ്ടെത്തിയത്. രവീന്ദറിന്റെ വീട്, ഓഫീസ് എന്നിവയുൾപ്പെടെ 11 ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഈ സ്വത്തുക്കൾ പിടിച്ചെടുത്തത്. രേഖകളില്ലാത്ത ഇവ അനധികൃതമായി സമ്പാദിച്ചതാണെന്ന് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.
രംഗറെഡ്ഡി ജില്ലയിലെ വിവിധയിടങ്ങളിലായി അഞ്ച് പ്ലോട്ടുകൾ, നർസിംഗിയിലും നാനക്രാംഗുഡയിലുമായി നാല് റെസിഡൻഷ്യൽ ഫ്‌ലാറ്റുകൾ, ശംഷാബാദിനടുത്തുള്ള ഗുഡൂർ ഗ്രാമത്തിൽ നാല് ഏക്കർ കൃഷിഭൂമി, മോകിലയിൽ ഒരു വില്ല, കൊണ്ടാപ്പൂരിൽ ഒരു വാണിജ്യ സമുച്ചയം എന്നിവയാണ് സ്ഥാപര ആസ്തികളായി കണ്ടെത്തിയത്.
ഇതിനുപുറമേ 1.16 കോടി രൂപ വിലമതിക്കുന്ന ഇന്നോവ ഹൈക്രോസ്, ടാറ്റ സഫാരി, ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര എക്‌സ്യുവി എന്നിങ്ങനെ നാല് ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 36.7 ലക്ഷം രൂപ വിലമതിക്കുന്ന 1.44 കിലോ സ്വർണാഭരണങ്ങളും, 10 ലക്ഷം രൂപയുടെ 12.5 കിലോ വെള്ളിയും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തി. ഇവയ്‌ക്കെല്ലാം പുറമേ 3.82 ലക്ഷം രൂപ പണമായും 45.05 ലക്ഷം രൂപ ബാങ്ക് നിക്ഷേപമായും കണ്ടെത്തി. കൂടാതെ, 17.24 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും 9.32 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
രജിസ്‌ട്രേഷൻ രേഖകൾ പ്രകാരം ഈ സ്വത്തുക്കൾക്ക് 9.24 കോടി രൂപയാണ് ഔദ്യോഗിക മൂല്യം. എന്നാൽ, വിപണി വില പ്രകാരം ഇതിന് 100 കോടിയിലധികം രൂപ വിലമതിക്കുമെന്ന് എസിബി ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. രവീന്ദറിന്റെ വീടും ഓഫീസും കൂടാതെ അദ്ദേഹത്തിന്റെ ബന്ധുക്കൾ, കൂട്ടാളികൾ, ബിനാമികളെന്ന് സംശയിക്കുന്നവർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടെ ആകെ 11 കേന്ദ്രങ്ങളിലാണ് ബ്യൂറോ ഒരേസമയം പരിശോധന നടത്തിയത്. കൂടുതൽ ആസ്തികൾ, സാമ്പത്തിക ഇടപാടുകൾ, ബിനാമി നിക്ഷേപങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ബ്യൂറോ വ്യക്തമാക്കി. നിലവിൽ രവീന്ദറിനെ ജുഡീഷ്യൽ റിമാൻഡിലേക്ക് മാറ്റിയിരിക്കുകയാണ്. വരുമാനത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: HMDA Chief Engineer B. Ravinder arrested for possessing assets worth over 100 crores., Telangana ACB conducted raids across 11 locations including home and office., Seized assets include 5 plots, 4 luxury flats, agricultural land, and a commercial complex., Luxury vehicles, gold, silver, and significant cash deposits were recovered., The official is currently under judicial remand pending further investigation.
Published: 15 Jul 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented