റിയാദ്: നിയമലംഘകരായ വിദേശ തൊഴിലാളികൾക്ക് ഓൺലൈൻ സ്റ്റോറുകൾ ആരംഭിക്കുന്നതിനും നടത്തുന്നതിനും പരിശീലനം നൽകിയ സംഘത്തിനെതിരെ നടപടി. സൗദി വാണിജ്യ മന്ത്രാലയം, മാനവ വിഭവശേഷിസാമൂഹിക വികസന മന്ത്രാലയം, റിയാദ് പൊലീസ് ഫീൽഡ് എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

To advertise here,

റിയാദിലെ അൽ-ബത്താ മേഖലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കേന്ദ്രത്തിലാണ് സ്‌പോൺസർമാരിൽനിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്ത ഏഷ്യൻ തൊഴിലാളികൾക്ക് ഓൺലൈൻ സ്റ്റോറുകൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും പരിശീലനം നൽകിയിരുന്നത്. ആവശ്യമായ നിയമാനുമതികളോ ലൈസൻസുകളോ ഇല്ലാതെയായിരുന്നു പരിശീലനം.

ഓരോ നിയമലംഘകനിൽനിന്നും 300 സൗദി റിയാൽ ഈടാക്കിയായിരുന്നു പരിശീലനം. ഇ-കൊമേഴ്സ് മേഖലയിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് നൽകുമെന്ന വാഗ്ദാനവും നൽകിയിരുന്നു.പരിശോധനയിൽ നിയമലംഘകരായ തൊഴിലാളികളെ അധികൃതർ പിടികൂടി. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന രണ്ട് പേരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. വിദേശ നിക്ഷേപകനെ തുടർനിയമനടപടികൾക്കും നിശ്ചിത ശിക്ഷകൾ നടപ്പാക്കുന്നതിനുമായി നിക്ഷേപ മന്ത്രാലയത്തിന് കൈമാറിയതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.