മക്ക: വിശ്വാസത്തിന്റെ വിളി കേട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് സുരക്ഷിതവും സമാധാനപൂർണവുമായ ആരാധനാ അന്തരീക്ഷം ഉറപ്പാക്കുന്നത് സൗദി അറേബ്യയുടെ ദശാബ്ദങ്ങളായുള്ള പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നാണ്. മക്കയിലെ മസ്ജിദുൽ ഹറാമിന്റെയും മദീനയിലെ മസ്ജിദുന്നബവിയുടെയും സുരക്ഷയും തീർഥാടകരുടെ സംരക്ഷണവും കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയ സുരക്ഷാ സംവിധാനം കാലാനുസൃതമായി വികസിച്ചാണ് ഇന്നത്തെ വിപുലമായ സംവിധാനമായി മാറിയത്.സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വിശുദ്ധ ഹറമുകളുടെ സുരക്ഷാ സംവിധാനത്തിന്റെ വളർച്ചയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂർവ ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ടത്. അബ്ദുൽഅസീസ് ബിൻ അബ്ദുറഹ്‌മാൻ അൽ സൗദ് രാജാവിന്റെ കാലം മുതൽ നിലവിലെ ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് രാജാവിന്റെ കാലഘട്ടം വരെയുള്ള സുരക്ഷാ സംവിധാനത്തിന്റെ വളർച്ചയാണ് ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

To advertise here,

അബ്ദുൽഅസീസ് രാജാവിന്റെ കാലത്ത് തുടക്കം

അബ്ദുൽഅസീസ് രാജാവ് മക്കയിൽ പ്രവേശിച്ചതോടെ വിശുദ്ധ ഹറമുകളുടെ പരിപാലന ചരിത്രത്തിൽ പുതിയ അധ്യായത്തിനാണ് തുടക്കമായത്. ഹറമുകളുടെ വികസനത്തിൽ നിന്ന് വേറിട്ട ഒന്നായല്ല സുരക്ഷയെ കണ്ടത്. മസ്ജിദുൽ ഹറാമിലേക്കും മസ്ജിദുന്നബവിയിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള ഓരോ വഴിയിലും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്തമായി കണക്കാക്കി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്ന മക്കയിലും മദീനയിലും സ്ഥിരമായ സുരക്ഷാ സംവിധാനം രൂപപ്പെടുത്തുന്നതായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന ദൗത്യം. ഇതിന്റെ ഭാഗമായി പൊലീസ് സംവിധാനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള പരിശീലന സംവിധാനങ്ങളും വികസിപ്പിച്ചു.ഹിജ്‌റ 1354-ൽ അബ്ദുൽഅസീസ് രാജാവിന്റെ ഉത്തരവുപ്രകാരം പൊലീസ് സ്‌കൂൾ സ്ഥാപിച്ചതും സൗദിയിലെ ആധുനിക സുരക്ഷാ പരിശീലന സംവിധാനത്തിന്റെ വളർച്ചയിലെ നിർണായക ചുവടുവയ്പ്പായി.

വികസനത്തോടൊപ്പം വളർന്ന സുരക്ഷ

സൗദ് ബിൻ അബ്ദുൽഅസീസ് രാജാവിന്റെ കാലത്ത് മക്കയിലെയും മദീനയിലെയും വികസന പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി. അബ്ദുൽഅസീസ് രാജാവിന്റെ നിർദേശപ്രകാരം ആരംഭിച്ച മസ്ജിദുൽ ഹറാമിന്റെ ആദ്യ സൗദി വികസനം സൗദ് രാജാവിന്റെ കാലത്ത് പുരോഗമിക്കുകയും ഫൈസൽ രാജാവിന്റെ കാലത്ത് പൂർത്തിയാവുകയും ചെയ്തു.ഹറമിന്റെ വിസ്തീർണം വർധിച്ചതോടെ തീർഥാടകരുടെ എണ്ണവും വർധിച്ചു. കൂടുതൽ റോഡുകളും വിശാലമായ മുറ്റങ്ങളും പ്രവേശന-പുറത്തിറങ്ങൽ കവാടങ്ങളും ആവശ്യമായി വന്നു. ഇതോടെ തീർഥാടകരുടെ സഞ്ചാരം നിയന്ത്രിക്കുന്നത് ഒരു സാധാരണ സുരക്ഷാ പ്രവർത്തനം മാത്രമല്ലാതായി. റോഡുകൾ, പ്രവേശന കവാടങ്ങൾ, ഗതാഗത സംവിധാനം, സേവനങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെ ഏകോപിപ്പിക്കുന്ന ആൾക്കൂട്ട നിയന്ത്രണ സംവിധാനമായി അത് വളർന്നു.ഫൈസൽ രാജാവിന്റെ കാലത്ത് മക്കയിലും പുണ്യസ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തി. റോഡുകൾ, ജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും ഇതിനൊപ്പം നടന്നു. തിരക്ക് ഉണ്ടായ ശേഷം നിയന്ത്രിക്കുന്നതിനു പകരം, തിരക്ക് അപകടമായി മാറുന്നതിന് മുമ്പ് തന്നെ അത് തടയുക എന്ന സമീപനത്തിനും ഈ കാലഘട്ടത്തിൽ പ്രാധാന്യം ലഭിച്ചു.

ഖാലിദ് രാജാവിന്റെ കാലം: അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം

ഖാലിദ് രാജാവിന്റെ ഭരണകാലത്ത് സൗദി അറേബ്യ വലിയ അടിസ്ഥാന സൗകര്യ വികസന ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഹജ്ജ്, ഹറം വികസന മേഖലകളിലും അതിന്റെ പ്രതിഫലനം ഉണ്ടായി.ഹിജ്‌റ 1401-ൽ ജിദ്ദയിൽ കിംഗ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നത് തീർഥാടകരെ സ്വീകരിക്കുന്നതിലെ പ്രധാന നാഴികക്കല്ലായി. റോഡ് ശൃംഖലയുടെ വികസനം, ആശയവിനിമയ സംവിധാനങ്ങളുടെ പുരോഗതി, ഭരണ-സംഘടനാ സംവിധാനങ്ങളുടെ നവീകരണം എന്നിവയും തീർഥാടകരുടെ യാത്ര കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിച്ചു.

ഫഹദ് രാജാവിന്റെ കാലം: സുരക്ഷയും സാങ്കേതികവിദ്യയും കൈകോർത്ത കാലം

ഫഹദ് രാജാവിന്റെ ഭരണകാലം വിശുദ്ധ ഹറമുകളുടെ ചരിത്രത്തിലെ വലിയ പരിവർത്തന ഘട്ടങ്ങളിലൊന്നായിരുന്നു. മസ്ജിദുൽ ഹറാമിന്റെ രണ്ടാം സൗദി വികസനത്തോടെ വിസ്തൃതമായ മുറ്റങ്ങളും സൗകര്യങ്ങളും സേവന സംവിധാനങ്ങളും നിലവിൽ വന്നു.പുണ്യസ്ഥലങ്ങളിലെ ഗതാഗതം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലും വലിയ മാറ്റങ്ങളുണ്ടായി. തീപിടിത്തം പ്രതിരോധിക്കുന്ന ടെന്റുകൾ, മെച്ചപ്പെടുത്തിയ റോഡുകൾ, തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനുള്ള വിവിധ പദ്ധതികൾ തുടങ്ങിയവ ഈ കാലഘട്ടത്തിൽ നടപ്പാക്കി.അതായത്, സുരക്ഷ എന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രം ഒതുങ്ങാതെ കെട്ടിടങ്ങളുടെ രൂപകൽപ്പനയിലും റോഡുകളിലും ടെന്റുകളിലും ഗതാഗത സംവിധാനങ്ങളിലും ഉൾച്ചേർന്ന ഒന്നായി മാറുകയായിരുന്നു.

അബ്ദുല്ല രാജാവ്: കോടിക്കണക്കിന് തീർഥാടകരുടെ സഞ്ചാരത്തിന് പുതിയ മാതൃക

അബ്ദുല്ല രാജാവിന്റെ കാലത്ത് വിശുദ്ധ ഹറമുകൾ മറ്റൊരു വലിയ വികസന ഘട്ടത്തിലേക്ക് കടന്നു. മസ്ജിദുൽ ഹറാമിന്റെ മൂന്നാം സൗദി വികസനത്തിന് തുടക്കം കുറിച്ചതിനൊപ്പം മുറ്റങ്ങൾ, തുരങ്കങ്ങൾ, സേവന സൗകര്യങ്ങൾ, പ്രവേശന-പുറത്തിറങ്ങൽ സംവിധാനങ്ങൾ എന്നിവയിലും വലിയ വികസനം നടന്നു.മതാഫിന്റെ വികസനം, ജമറാത്ത് പാലം, മശാഇർ മെട്രോ എന്നിവ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റിയെങ്കിലും ലക്ഷ്യം ഒന്നായിരുന്നു ലക്ഷക്കണക്കിന് തീർഥാടകർക്ക് കൂടുതൽ സുഗമമായും സുരക്ഷിതമായും സമാധാനപൂർണമായും സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുക.ഇതോടെ ഹറമുകളുടെ രൂപകൽപ്പനയും അടിസ്ഥാന സൗകര്യങ്ങളും തന്നെ സുരക്ഷയുടെ ഭാഗമായിത്തീർന്നു.

സൽമാൻ രാജാവിന്റെ കാലം: ഡിജിറ്റൽ യുഗത്തിലെ സുരക്ഷ

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് രാജാവിന്റെ നേതൃത്വത്തിൽ ഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും വികസന പദ്ധതികൾ കൂടുതൽ വിപുലമായി തുടരുകയാണ്.സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളോട് ചേർന്ന് അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പരിവർത്തനം, ആൾക്കൂട്ട നിയന്ത്രണം, തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തൽ എന്നിവയെല്ലാം ഒരൊറ്റ സമഗ്ര സംവിധാനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ തുടർനേതൃത്വത്തിൽ മക്കയുടെയും മദീനയുടെയും വികസനം കൂടുതൽ സമഗ്രമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇന്നത്തെ സുരക്ഷാ സംവിധാനം മൈതാനത്തെ നിരീക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല. വിവരശേഖരണം, ആളുകളുടെ സഞ്ചാരത്തിന്റെ വിശകലനം, സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ തീരുമാനമെടുക്കൽ തുടങ്ങിയവയും സുരക്ഷാ സംവിധാനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

ഒറ്റ സുരക്ഷാ സംവിധാനമല്ല, സമഗ്രമായ ദേശീയ സംവിധാനം

വിശുദ്ധ ഹറമുകളുടെ സുരക്ഷ ഇന്ന് ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. സുരക്ഷാ ഏജൻസികൾ, ആരോഗ്യ സേവനങ്ങൾ, ഗതാഗത സംവിധാനങ്ങൾ, മുനിസിപ്പൽ വിഭാഗങ്ങൾ, പ്രവർത്തന സേവനങ്ങൾ, ഹറമുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകൾ ഏകോപിതമായി പ്രവർത്തിക്കുന്ന വിശാലമായ ദേശീയ സംവിധാനമാണിത്.തീർഥാടകരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആവശ്യങ്ങളും മാറുന്നു. സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുമ്പോൾ അതിനനുസരിച്ച് സുരക്ഷാ സംവിധാനങ്ങളും മാറിക്കൊണ്ടിരിക്കുന്നു.

സുരക്ഷ കെട്ടിടങ്ങളുടെ സംരക്ഷണം മാത്രമല്ല

വിശുദ്ധ ഹറമുകളുടെ സുരക്ഷ എന്നത് കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിലും റോഡുകളിൽ നിരീക്ഷണം നടത്തുന്നതിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും മാത്രം ഒതുങ്ങുന്നില്ല.ദൂരദേശങ്ങളിൽ നിന്ന് വിശ്വാസത്തിന്റെ വിളി കേട്ട് എത്തുന്ന തീർഥാടകനും, ശാന്തിയും സമാധാനവും തേടി ഉംറ നിർവഹിക്കുന്ന വിശ്വാസിയും, സുരക്ഷിതമായ അന്തരീക്ഷത്തിൽ ആരാധന നിർവഹിക്കാൻ എത്തുന്ന ഓരോ സന്ദർശകനുമാണ് ഈ സുരക്ഷാ സംവിധാനത്തിന്റെ കേന്ദ്രബിന്ദു.അബ്ദുൽഅസീസ് രാജാവിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനപരമായ സുരക്ഷാ സംവിധാനത്തിൽ നിന്ന് ഇന്നത്തെ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കുള്ള യാത്ര വിശുദ്ധ ഹറമുകളുടെ സുരക്ഷയുടെ ചരിത്രം കാലത്തിനൊപ്പം മാറിയ ഒരു സംവിധാനത്തിന്റെ കഥ കൂടിയാണ്.പഴയ അനുഭവങ്ങളും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുമ്പോൾ, അത് ചരിത്രത്തിന്റെ ഓർമ്മയായി മാത്രം നിലനിൽക്കുന്നില്ല. ഓരോ കാലഘട്ടത്തിലും പുതിയ ശേഷി ആർജിച്ച് വർത്തമാനത്തെ സുരക്ഷിതമാക്കുകയും ഭാവിയിലെ തീർഥാടകർക്കായി കൂടുതൽ സമാധാനപൂർണമായ അനുഭവം ഒരുക്കുകയും ചെയ്യുന്ന ഒരു തുടർച്ചയായ പൈതൃകമായി അത് മുന്നേറുകയാണ്.