പുതുക്കൽ വൈകിപ്പിച്ചത് നിരക്ക് വർധനയ്ക്കോ? സർക്കാർ നിലപാട് തിരുത്തണമെന്ന് കേളി

റിയാദ്: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതിയ പ്രീമിയം നിരക്കുകൾക്കെതിരെ പ്രവാസലോകത്ത് വ്യാപക പ്രതിഷേധം. മുൻ എൽഡിഎഫ് സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ പദ്ധതിയിൽ പ്രീമിയം കുത്തനെ ഉയർത്തിയതോടെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ആശങ്കയിലായിരിക്കുകയാണ്. പദ്ധതി പുതുക്കാനുള്ള നടപടികൾ അവസാന നിമിഷംവരെ വൈകിപ്പിച്ചത് വൻ നിരക്ക് വർധന നടപ്പാക്കാനായിരുന്നോ എന്ന ചോദ്യവും പ്രവാസികൾ ഉയർത്തുന്നു. നിരക്ക് വർധന പിൻവലിച്ച് പഴയ രീതിയിൽ പദ്ധതി തുടരണമെന്ന് കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.
പ്രവാസികളുടെ ആരോഗ്യസുരക്ഷയ്ക്കായി രൂപം നൽകിയ പദ്ധതിയിൽ പുതിയ നിരക്കുകൾ വന്നതോടെ പല പ്രായവിഭാഗങ്ങളിലും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത പരിരക്ഷയ്ക്ക് 51–60 പ്രായവിഭാഗത്തിൽ വാർഷിക പ്രീമിയം 21,722 രൂപയാണ്. 61–70 പ്രായവിഭാഗത്തിൽ ഇത് 28,326 രൂപയും 71–80 വിഭാഗത്തിൽ 48,279 രൂപയുമാണ്. അഞ്ച് ലക്ഷം രൂപയുടെ കുടുംബ പരിരക്ഷയ്ക്ക് 51–60 പ്രായവിഭാഗത്തിൽ 35,664 രൂപയും 61–70 വിഭാഗത്തിൽ 44,718 രൂപയുമാണ് പുതിയ നിരക്ക്. സാധാരണ പ്രവാസികൾക്ക് താങ്ങാനാവാത്ത ഈ നിരക്കുകൾ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
പ്രായപരിധി എടുത്തുകളഞ്ഞുവെന്ന പ്രഖ്യാപനം ഉയർത്തിക്കാട്ടുമ്പോഴും ഉയർന്ന പ്രായത്തിലുള്ളവർക്ക് ഈടാക്കുന്ന പ്രീമിയത്തെക്കുറിച്ച് സർക്കാർ മറുപടി പറയണം. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നത് മാത്രമല്ല പ്രധാനം; അത് താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാകണം. പ്രായം കൂടുന്തോറും രോഗസാധ്യതയും ചികിത്സാചെലവും വർധിക്കുന്ന സാഹചര്യത്തിൽ മുതിർന്ന പ്രവാസികൾക്ക് ഉയർന്ന പ്രീമിയം ചുമത്തുന്നത് അവരെ ആരോഗ്യപരിരക്ഷയിൽനിന്ന് അകറ്റും. പ്രായപരിധി നീക്കിയെന്ന പ്രചാരണത്തിന്റെ മറവിൽ നിരക്കുകൾ കുത്തനെ ഉയർത്തുന്നത് പ്രവാസികളോടുള്ള നീതിയല്ല.
പദ്ധതി പുതുക്കുന്നതിൽ വ്യക്തത വരുത്താതെ അവസാന നിമിഷംവരെ നീട്ടിക്കൊണ്ടുപോയതും ഇപ്പോൾ പുറത്തുവന്ന നിരക്കുകളും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പ്രവാസികൾ ചോദിക്കുന്നത്. പുതുക്കലിനായി കാത്തിരുന്നവർക്ക് മുൻകൂട്ടി സാമ്പത്തിക ആസൂത്രണം നടത്താനോ മറ്റ് പരിരക്ഷാ മാർഗങ്ങൾ കണ്ടെത്താനോ അവസരം ലഭിച്ചില്ല. തുടർചികിത്സ ആവശ്യമുള്ളവരും കുടുംബാംഗങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കായി നോർക്ക കെയറിനെ ആശ്രയിച്ചവരും ഇതോടെ ആശങ്കയിലായി. വൈകിയുള്ള അറിയിപ്പും ഉയർന്ന നിരക്കും ചേർന്ന് പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നോർക്ക കെയറിനെതിരായ പ്രതിഷേധം ഒരു പ്രീമിയം നിരക്കിനെക്കുറിച്ചുള്ള തർക്കം മാത്രമല്ല. പ്രവാസികളുടെ അധ്വാനവും പണവും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകുമ്പോൾ അവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ പിന്മാറരുത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഉയർന്ന നിരക്കുകളിൽനിന്ന് ആശ്വാസം തേടിയ പ്രവാസികൾക്ക് പൊതുപരിരക്ഷയെന്ന പ്രതീക്ഷയാണ് നോർക്ക കെയർ നൽകിയത്. ഇപ്പോഴത്തെ നിരക്കുകൾ ആ പ്രതീക്ഷയ്ക്ക് തിരിച്ചടിയാകുകയാണ്.
പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവരുടെ ആവശ്യങ്ങൾ സർക്കാരിന് മുന്നിലെത്തിക്കാനും രൂപം നൽകിയ ലോക കേരളസഭയുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ പ്രവാസികളുടെ ശബ്ദം ഉയർത്താനുള്ള പ്രധാന വേദിയും ഇല്ലാതായെന്ന് പേവാസികൾ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും കേട്ട് നയങ്ങൾ രൂപപ്പെടുത്തേണ്ടതിന് പകരം അവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങളിൽ വ്യക്തതയില്ലാത്ത സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. പ്രവാസികളുടെ ശബ്ദം കേൾക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സർക്കാർ ബാധ്യസ്ഥമാണ്.
നോർക്ക കെയർ പദ്ധതിയുടെ പഴയ നിരക്കുകളും പുതിയ നിരക്കുകളും തമ്മിലുള്ള താരതമ്യം പരസ്യപ്പെടുത്തണം. പ്രീമിയം വർധനയുടെ കാരണം വ്യക്തമാക്കണം. നിലവിലുള്ള അംഗങ്ങൾക്ക് പരിരക്ഷ മുടങ്ങാതിരിക്കാനുള്ള സംവിധാനം ഉറപ്പാക്കുകയും നിരക്കുകൾ താങ്ങാനാവുന്ന രീതിയിൽ പുനഃക്രമീകരിക്കുകയും വേണം. പ്രവാസികളെ ഉയർന്ന പ്രീമിയത്തിന്റെ പേരിൽ ആരോഗ്യ ഇൻഷുറൻസിൽനിന്ന് പുറത്താക്കുന്ന സാഹചര്യമുണ്ടാകരുത്.
നോർക്ക കെയർ പുതുക്കൽ വൈകിപ്പിച്ചതിന്റെ കാരണവും പുതിയ നിരക്കുകൾ നിശ്ചയിച്ചതിന്റെ വിശദാംശങ്ങളും സർക്കാർ വ്യക്തമാക്കണം. പ്രവാസികളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുന്ന തീരുമാനം പുനഃപരിശോധിച്ച് താങ്ങാനാവുന്ന നിരക്കിൽ പദ്ധതി തുടരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രവാസികളുടെ പ്രതിഷേധം അവഗണിക്കരുതെന്നും കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.
Published: 28 Oct 2026, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented