റിയാദ്: സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി വാണിജ്യ മന്ത്രാലയം. സ്ഥാപനങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും പണമിടപാടുകളും ഉടമകൾ കൃത്യമായി നിരീക്ഷിക്കണമെന്നും മറ്റുള്ളവർ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വാണിജ്യ ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ. സ്ഥാപനവുമായി ബന്ധപ്പെട്ട കരാറുകൾ, ഉടമ്പടികൾ, ഇടപാടുകൾ, സാമ്പത്തിക കൈമാറ്റങ്ങൾ എന്നിവയെക്കുറിച്ച് ഉടമകൾക്ക് വ്യക്തമായ അറിവുണ്ടായിരിക്കണം. അക്കൗണ്ടുകൾ വഴി നടക്കുന്ന ഇടപാടുകൾ നിരന്തരം നിരീക്ഷിക്കണമെന്നും നിയമലംഘനങ്ങളുടെയോ കുറ്റകൃത്യങ്ങളുടെയോ പേരിൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
അജ്ഞാതരിൽനിന്ന് പണമായി നിക്ഷേപങ്ങളോ ബാങ്ക് ട്രാൻസ്ഫറുകളോ സ്വീകരിക്കുക, സ്ഥാപനവുമായി കരാർ ബന്ധമില്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ രാജ്യത്തിനകത്തും പുറത്തും പണം കൈമാറുക, ഉടമയുടെ അറിവില്ലാതെ അംഗീകൃത പ്രതിനിധി മുഖേന ബാങ്കിങ് ഇടപാടുകൾ നടത്തുക എന്നിവ നിയമവിരുദ്ധമായ ഇടപാടുകളുടെ പരിധിയിൽ വരാം. വ്യക്തമായ വാണിജ്യ ആവശ്യങ്ങളില്ലാതെ ഒരു സ്ഥാപനത്തിന്റെ പേരിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതും അവയ്ക്കിടയിൽ വ്യക്തമായ ബന്ധമില്ലാത്തതും ദുരുപയോഗത്തിന് വഴിയൊരുക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്ഥാപനത്തിന്റെ വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ നിക്ഷേപം, പണം കൈമാറ്റം, പിൻവലിക്കൽ, പർച്ചേസ് തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ നിയമാനുസൃതമായ വാണിജ്യ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ സാമ്പത്തിക ഇടപാടുകളിലും ജാഗ്രത പുലർത്തണമെന്നും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Published: 04 Nov 2026, 08:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented