
റിയാദ്: സ്പോൺസറുടെ മകന്റെ നിർദേശപ്രകാരം കടയിലെത്തിയ പാർസൽ ഏറ്റുവാങ്ങി സൂക്ഷിച്ചതിന്റെ പേരിൽ മയക്കുമരുന്ന് കേസിൽ കുടുങ്ങി 20 വർഷത്തെ തടവുശിക്ഷ നേരിടേണ്ടിവന്ന ഇന്ത്യക്കാരന് തുണയായത് കേളി കലാ സാംസ്കാരിക വേദിയുടെ ശക്തമായ ഇടപെടൽ. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിക്കാനായതോടെ കോടതിയിൽനിന്ന് മോചനം ലഭിച്ച സംഭവം സൗദിയിലെ പ്രവാസികൾക്ക് വലിയ മുന്നറിയിപ്പുകൂടിയാണ്.
അൽഖർജ് മേഖലയിൽ പിതാവും മകനും ചേർന്ന് നടത്തുന്ന വക്കാലയിലാണ് സംഭവം നടന്നത്. സ്പോൺസറുടെ കടയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഷംസാണ് അറിയാതെ മയക്കുമരുന്ന് കേസിൽ പ്രതിയായത്. സ്പോൺസറുടെ മൂത്ത മകൻ ഫോണിൽ വിളിച്ച് കടയ്ക്കു മുന്നിൽ ഒരു വാഹനം എത്തിയിട്ടുണ്ടെന്നും അതിലുള്ള സാധനങ്ങൾ സ്ഥാപനത്തിനുള്ളിൽ ഇറക്കിവെക്കണമെന്നും പിന്നീട് വന്ന് എടുത്തുകൊള്ളാമെന്നും അറിയിക്കുകയായിരുന്നു. പരിചയമുള്ളവരുടെ നിർദേശമാണെന്ന വിശ്വാസത്തിൽ തൊഴിലാളികൾ പാർസൽ കടയ്ക്കുള്ളിൽ ഇറക്കിവെച്ചു. എന്നാൽ വാഹനത്തിൽ എത്തിച്ച സാധനങ്ങൾ മയക്കുമരുന്നായിരുന്നുവെന്ന കാര്യം ഇവർ അറിഞ്ഞിരുന്നില്ല.
പിന്നീട് സ്ഥലത്തെത്തിയ സിഐഡി സംഘം സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. വാഹനത്തിലെ സാധനങ്ങൾ സ്പോൺസറുടെ മകന്റെ നിർദേശപ്രകാരമാണ് ഏറ്റുവാങ്ങിയതെന്ന് തൊഴിലാളികൾ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. നിർദേശം നൽകിയ നമ്പറിലേക്ക് തിരികെ വിളിക്കാൻ സിഐഡി ആവശ്യപ്പെട്ടു. എന്നാൽ ഫോണിൽ സംസാരിച്ചിരുന്നത് മൂത്ത മകനായിരുന്നില്ല, ഇളയ മകനായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് വീട്ടിൽ നടത്തിയ പരിശോധനയിൽ സമാനമായ വസ്തുക്കൾ കണ്ടെത്തി. ഇതോടെ കടയിൽ ജോലി ചെയ്തിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.
സംഭവസമയത്ത് പിതാവ് നാട്ടിലായിരുന്നു. വിവരം അറിഞ്ഞതോടെ അവധി റദ്ദാക്കി അദ്ദേഹം അടിയന്തരമായി സൗദിയിലെത്തി. മകൻ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും കോടതി 20 വർഷത്തെ തടവുശിക്ഷ വിധിച്ചതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി.
ഈ ഘട്ടത്തിലാണ് തടവിലായ പ്രവാസിയുടെ പിതാവ് അൻസാരി സഹായം തേടി കേളി കലാ സാംസ്കാരിക വേദിയെ സമീപിച്ചത്. കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനി വിഷയത്തിൽ ഇടപെട്ടു. ഇന്ത്യൻ എംബസിയെ വിവരങ്ങൾ ധരിപ്പിച്ച് നിയമനടപടികളിൽ ഇടപെടുന്നതിനും ജയിലിൽ സന്ദർശനം നടത്തുന്നതിനുമുള്ള അനുമതിപത്രം ലഭ്യമാക്കി. തുടർന്ന് എട്ടുമാസത്തോളം കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും ശേഖരിച്ച് നിയമസഹായത്തിനുള്ള ശ്രമങ്ങൾ തുടർന്നു.
അഭിഭാഷകനെ കണ്ടെത്തി കേസ് വിശദമായി അവതരിപ്പിച്ചു. പ്രതിയുടെ നിരപരാധിത്വം തെളിയിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അഭിഭാഷകൻ പ്രധാന കോടതിയിൽ ഹർജി സമർപ്പിച്ചു. തുടർന്നുള്ള നാലുമാസത്തെ നിയമനടപടികൾക്കൊടുവിൽ കേസ് വീണ്ടും പരിഗണിക്കുകയും പ്രതി കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ തടവിലായിരുന്ന ഇന്ത്യക്കാരന് മോചനം ലഭിച്ചു.
മറ്റൊരാളുടെ നിർദേശപ്രകാരം എത്തുന്ന പാർസലുകൾ ഏറ്റുവാങ്ങുന്നതും സൂക്ഷിക്കുന്നതും കൈമാറുന്നതും എത്രത്തോളം അപകടകരമായ നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. സൗദിയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. പാർസലിൽ എന്താണെന്നറിയില്ലെന്ന വിശദീകരണം മാത്രം ഇത്തരം കേസുകളിൽ രക്ഷയാകണമെന്നില്ല.
ഒരു പാർസൽ ഏറ്റുവാങ്ങിയതിന്റെ പേരിൽ 20 വർഷത്തെ തടവുശിക്ഷ നേരിടേണ്ടിവന്ന പ്രവാസിയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വാതിൽ തുറക്കാൻ കേളിയുടെ ഇടപെടലിന് കഴിഞ്ഞു. പ്രവാസികളുടെ പ്രതിസന്ധികളിൽ സംഘടനകൾ നൽകുന്ന നിയമസഹായത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും പ്രസക്തി കൂടി ഈ സംഭവം വ്യക്തമാക്കുന്നു.
Published: 04 Nov 2026, 07:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented