ജിദ്ദ: ഹജ്ജിന്റെ പേരില്‍ നടക്കാറുള്ള തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കുവാന്‍ സുരക്ഷിതവും സുഗമവുമായ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഔദ്യോഗിക ഹജ്ജ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആയ നുസൂക് ആപ്പ് ഉപയോഗിക്കാന്‍ ഹജ്ജ് തീര്‍ത്ഥാടകരോട് സൗദി അറേബ്യ അഭ്യര്‍ത്ഥിച്ചു. തീര്‍ത്ഥാടകരുടെ ആവശ്യകത അനുസരിച്ച് വ്യത്യസ്ത ബജറ്റുകളിലുള്ള മുന്‍ഗണനകളോടുകൂടിയ വിവിധ ഹജ്ജ് പാക്കേജുകള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.

To advertise here,

കുറഞ്ഞ ചിലവില്‍ ഹജ്ജ് ചെയ്യാന്‍ അവസരമെന്ന വ്യാജ വാഗ്ദാനവുമായി പലരും രംഗത്തുവരാറുണ്ട്. ഇത്തരം വഞ്ചനാപരമായ ഹജ്ജ് പ്രചാരണങ്ങള്‍ക്കെതിരെ സൗദി അറേബ്യ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ഹജ്ജ് പ്ലാറ്റ്ഫോമായ 'നുസുക് ഹജ്ജ്' വഴി 50-ലധികം രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുയോജ്യമായ പാക്കേജുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് വിശുദ്ധ തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുഗമവും മതപരവുമായ അനുഭവം ഉറപ്പാക്കുന്നതാണ്.

ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ കേന്ദ്രീകൃത പ്ലാറ്റ്ഫോമായ നുസുക് ആപ്പ് നിലവില്‍ 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഔദ്യോഗികമായി ആറ് ഹജ്ജ് പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ആഡംബരം വരെയുള്ള പാക്കേജുകള്‍ വ്യത്യസ്ത ബജറ്റുകളും മുന്‍ഗണനകളും അടിസ്ഥാനമാക്കിയാണ് നല്‍കുന്നത്. എല്ലാ സേവനങ്ങളും സൗദി അറേബ്യയുടെ തീര്‍ത്ഥാടന ചട്ടങ്ങള്‍ക്കനുസരിച്ചുള്ള നിലവാരമുള്ളതാണ്.

ആറ് സേവന പാക്കേജുകള്‍:
സ്റ്റാന്‍ഡേര്‍ഡ്: ആരോഗ്യകരവും താങ്ങാനാവുന്ന ഫീസ് ഈടാക്കുന്നതുമാണ് സ്റ്റാന്‍ഡേര്‍ഡ് സേവനം. ഹജ്ജ് തീര്‍ത്ഥാടനത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് പാക്കേജ്. കുറഞ്ഞത് 14 ദിവസത്തേക്ക് 3-സ്റ്റാര്‍ ഹോട്ടലുകളിലോ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലോ താമസ സൗകര്യം നല്‍കും. മജര്‍ അല്‍ കബ്ഷിലോ അല്‍ മുഐസിമിലോ ഹജ്ജ് ക്യാമ്പ് പ്രയോജനപ്പെടുത്താനാകും.

സ്റ്റാന്‍ഡേര്‍ഡ് ഷിഫ്റ്റിംഗ്: മിതമായ ബജറ്റിനുള്ളില്‍ ദീര്‍ഘദൂര താമസം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് സ്റ്റാന്‍ഡേര്‍ഡ് ഷിഫ്റ്റിംഗ് പാക്കേജ്. തീര്‍ത്ഥാടകര്‍ക്ക് 14 ദിവസത്തെ കാലയളവില്‍ മൂന്നോ നാലോ സ്റ്റാര്‍ ഹോട്ടലുകളിലും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും താമസ സൗകര്യം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്നു. മജര്‍ അല്‍ കബ്ഷിലോ അല്‍ മുഐസിമിലോ ഹജ്ജ് ക്യാമ്പ് പ്രയോജനപ്പെടുത്താനാകും.

പ്രീമിയം: സുഖസൗകര്യങ്ങളുടെയും സൗകര്യങ്ങളുടെയും സമന്വയമായ പ്രീമിയം പാക്കേജാണിത്. 4-സ്റ്റാര്‍ ഹോട്ടലുകളില്‍ കുറഞ്ഞത് 10 ദിവസത്തെ താമസം ലഭ്യമാകും. പ്രധാന പുണ്യ സ്ഥലങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശനത്തോടെ മികച്ച ഹജ്ജ് സേവനം നല്‍കുന്നു.

പ്രീമിയം ഷിഫ്റ്റിംഗ്: ഉയര്‍ന്ന സേവനവും പ്രവേശനക്ഷമതയും സന്തുലിതമാക്കുന്നതാണ് ഈ പാക്കേജ്. 4-സ്റ്റാര്‍ അല്ലെങ്കില്‍ 3-സ്റ്റാര്‍ ഹോട്ടലുകളിലോ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലോ 14 ദിവസത്തെ താമസം വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങളും സേവനവും നിലനിര്‍ത്തിക്കൊണ്ട് പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ ബന്ധപ്പെടാനുള്ള സൗകര്യം അനുവദിക്കുന്നു.

ആഡംബരം: ഒരു ആഡംബര അനുഭവത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആഡംബര പാക്കേജില്‍ 5-സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായി 10 ദിവസത്തെ താമസം ഉള്‍പ്പെടുന്നതാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം, സുഖസൗകര്യം, ഹജ്ജ് ആചാരങ്ങളിലേക്കുള്ള പ്രവേശനം എന്നിവ വാഗ്ദാനം ചെയ്യുന്നു.

ആഡംബര ഷിഫ്റ്റിംഗ്: ഈ പാക്കേജില്‍, 5-സ്റ്റാര്‍ അല്ലെങ്കില്‍ 4-സ്റ്റാര്‍ ഹോട്ടലുകളിലോ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലോ 14 ദിവസത്തെ താമസമാണ് നല്‍കുന്നത്. തീര്‍ത്ഥാടനത്തിലുടനീളം മികച്ച സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

ഈവര്‍ഷത്തെ ഹജ്ജിന് തുടക്കമാകുമ്പോള്‍ എല്ലാ തീര്‍ത്ഥാടകരും അംഗീകൃത ആപ്പുകള്‍ വഴി ഹജ്ജിന് ബുക്ക് ചെയ്യാനും വിസ, യാത്രാ സമയക്രമങ്ങള്‍ പാലിക്കാനും പാക്കേജുകള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കാനും സൗദി സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.