മക്ക: മക്ക അടക്കമുള്ള വിശുദ്ധ സ്ഥലങ്ങള്‍ക്കായുള്ള 'റോയല്‍ കമ്മീഷന്‍' സെന്‍ട്രല്‍ മക്ക മേഖലയിലും അനുബന്ധ പുണ്യ സ്ഥലങ്ങളിലും ഹജ്ജുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിലവാരമുള്ള വിവിധ പദ്ധതികളും സംരംഭങ്ങളുമാണ് ഈ വര്‍ഷത്തെ ഹജ്ജ് സീസണിന്റെ ഭാഗമായി നടപ്പാക്കിയിട്ടുള്ളത്. ഗതാഗത സംവിധാനങ്ങള്‍, ഫീല്‍ഡ്, ആരോഗ്യ തുടങ്ങിയ സേവനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. മക്കയില്‍ 36,000 ചതുരശ്ര മീറ്റര്‍ കാല്‍നട പാതകള്‍ നിര്‍മ്മിച്ചു, 10,000 തണല്‍ മരങ്ങളും നട്ടുപിടിപ്പിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് വികസന തന്ത്രത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, ഫീല്‍ഡ്, ആരോഗ്യ സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.

To advertise here,

മക്കയുടെ മധ്യ ഭാഗത്ത് വീതിയേറിയ നടപ്പാതകള്‍ നിര്‍മ്മിച്ചു. നടപ്പാതകളില്‍ തണല്‍ വിരിക്കാനായി സംവിധാനം ഒരുക്കിയത് കാല്‍നട യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുകയും പരിസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തു. ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും ഒരുക്കി.

ദുല്‍ ഖഅദ 15 മുതല്‍ ദുല്‍ ഹിജ്ജ 30 വരെയുള്ള സേവനത്തിനായി 431 സ്റ്റോപ്പുകളും നാല് സെന്‍ട്രല്‍ സ്റ്റേഷനുകളും ഉള്‍ക്കൊള്ളുന്ന 12 റൂട്ടുകളിലായി 400 ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഉയര്‍ന്ന തിരക്കേറിയ റൂട്ടുകളില്‍ ബസ് സേവനം വര്‍ദ്ധിപ്പിച്ചു.

തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഹജ്ജ് കര്‍മ്മ ചടങ്ങ് നടക്കുന്ന മുസ്ദലിഫയിയില്‍ 170,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള റബ്ബര്‍ കൊണ്ടുള്ള കാല്‍നടപാത ഒരുക്കിയിട്ടുണ്ട്. ചൂട് മൂലം ഉണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു പാതകള്‍ക്കരികെ തണല്‍ നല്‍കുന്നതിനുള്ള 10,000 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

മിനായിലെ ഫീല്‍ഡ് വികസന സേവനത്തിന്റെ ഭാഗമായി 200 കിടക്കകളുള്ള ഒരു ആശുപത്രി, പ്രഥമശുശ്രൂഷയും ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ക്കുമായി വഴികളില്‍ 71 അടിയന്തര ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായുണ്ട്.

ഹജ്ജ് സീസണ്‍ മുഴു സമയവും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ തണലുള്ള ഇരിപ്പിടങ്ങള്‍ക്കരികെ പുതുതായി 400 വാട്ടര്‍ കൂളറുകളുകളാണ് സ്ഥാപിച്ചിട്ടുണ്ട്. മിനയില്‍ കൂടുതല്‍ ഹാജിമാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ട് നിലകളുള്ള ടെന്റ് യൂണിറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ബഹുനില വിശ്രമമുറികള്‍ നിര്‍മ്മിച്ചു. ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന തീര്‍ത്ഥാടക ക്യാമ്പുകളുടെ സ്ഥലങ്ങള്‍ മുമ്പത്തേക്കാള്‍ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു.

നൂതന സംരംഭങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 'ഇലക്ട്രിക് സ്‌കൂട്ടര്‍' സേവനം ഇവര്‍ഷവും തുടര്‍ന്നും ലഭ്യമാകും. ചെറിയ ഗതാഗത സംവിധാനം എന്ന നിലയില്‍ ഹാജിമാരുടെ ആരാധനാക്രമങ്ങള്‍ക്കിടയില്‍ യാത്ര സുഗമമാക്കുന്നതിനുമായി മൂന്ന് റൂട്ടുകളാണ് 'ഇലക്ട്രിക് സ്‌കൂട്ടര്‍' സേവനത്തിനായി ഒരുക്കിയിരിക്കുന്നത്.