ന്യൂഡൽഹി: അടുത്ത മൂന്നുനാലു പതിറ്റാണ്ടുകളിൽ വിദ്യാർഥികളെടുക്കുന്ന തീരുമാനങ്ങളാണ് വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ സ്വാധീനിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തലമുറയ്ക്കും അതത് കാലഘട്ടത്തിന്റെ വെല്ലുവിളികളും ദേശീയ ഉത്തരവാദിത്വങ്ങളുമുണ്ടെന്ന് ഐ.ഐ.ടി. ഡൽഹിയുടെ 57-ാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കവേ മോദി പറഞ്ഞു.

To advertise here,

വരുംവർഷങ്ങളിലെ വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വികസനക്കുതിപ്പിന് അടിത്തറയാകും. അതിനാൽ ഓരോ തീരുമാനവും രാജ്യത്തിന് എങ്ങനെയാണ് പ്രയോജനപ്പെടുക എന്നതിനെക്കുറിച്ച് ചിന്തിക്കണം. ലോകവും സാങ്കേതികവിദ്യയും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. പഠിക്കുന്നവർ ജയിക്കും. അടുത്ത മൂന്ന് പതിറ്റാണ്ടിനിടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. അതിനാൽ തുടർച്ചയായി പഠനം നടത്തുകയും ജിജ്ഞാസ നിലനിർത്തുകയും വേണം. പുതിയ സാഹചര്യങ്ങളേയും വെല്ലുവിളികളേയും തുറന്ന മനസ്സോടെ സമീപിക്കുന്നവർക്ക് പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാൻ കഴിയുമെന്നും മോദി വിദ്യാർഥികളോട് പറഞ്ഞു.

സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചും രാജ്യത്ത് യുവാക്കൾക്കായി ഉയർന്നുവരുന്ന പുതിയ മേഖലകളെക്കുറിച്ചും മോദി സംസാരിച്ചു. രാജ്യത്തെ ആദ്യ സെമികണ്ടക്ടർ യൂണിറ്റിൽ ഉത്പാദനം ആരംഭിച്ചതായും ചിപ്പുകൾമുതൽ കപ്പലുകൾവരെ ഇനി രാജ്യത്തെ യുവാക്കളുടെ കൈകളാൽ ഇവിടെത്തന്നെ നിർമിക്കപ്പെടുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും മോദി പറഞ്ഞു.