സലാല: നബിയും സ്വഹാബത്തും താബിഉകളും ഇമാമുമാരും അവരെ പിന്തുടർന്ന മഹാന്മാരായ ഔലിയാക്കളും ഉലമാക്കളും ജീവിച്ചു കാണിച്ച പാരമ്പര്യ വഴിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിഭാവനം ചെയ്യുന്നതെന്നും കേരള മുസ്ലിംകൾ സമസ്തയുടെ തീരുമാനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അതാണ് ഇഹപര വിജയത്തിന് ഉത്തമമായ മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

മാതൃരാജ്യത്തെ സ്‌നേഹിക്കുന്നതിനൊപ്പം പ്രവാസികൾക്ക് തൊഴിൽ ചെയ്ത് ജീവിക്കാൻ അവസരമൊരുക്കുന്ന നാടിനോടും സ്‌നേഹവും കൂറും പുലർത്തണം. ഭിന്നതയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സലാലയിൽ നടന്ന ചടങ്ങിൽ എസ്.ഐ.സി സലാല പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‌മാൻ ഫൈസി അരിമ്പ്ര, അൻവർ മുഹ്യുദ്ദീൻ ഹുദവി എന്നിവർ പ്രഭാഷണം നടത്തി. അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ ആമുഖ ഭാഷണം നിർവഹിച്ചു.

വി.പി. അബ്ദുസ്സലാം ഹാജി, റഷീദ് കൽപറ്റ, അബ്ദുല്ല അൻവരി എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് ഹാജി, അബ്ദുൽ ഹമീദ് ഫൈസി എന്നിവർക്കുള്ള മൊമന്റോകൾ ജിഫ്രി തങ്ങൾ കൈമാറി.

കേന്ദ്ര നേതാക്കളായ അഷ്റഫ് ഹാജി, അലി ഹാജി, അബ്ദുൽ ഫത്താഹ്, റഹ്‌മത്തുള്ള മാസ്റ്റർ, ഹസ്സൻ ഫൈസി, മദ്‌റസ അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. മൊയ്തു നവാസിന്റെ നേതൃത്വത്തിൽ വിഖായ വളണ്ടിയർമാർ പരിപാടി നിയന്ത്രിച്ചു. റയീസ് ശിവപുരം സ്വാഗതവും എ.പി. അബ്ദുറസാഖ് നന്ദിയും പറഞ്ഞു. വനിതകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.