മസ്‌കറ്റ്: ആഗോള വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ഒത്തുചേരുന്ന 'ഗ്ലോബൽ എജ്യുക്കേഷൻ കോൺക്ലേവ് ഒമാൻ 2026' നവംബർ 18, 19 തീയതികളിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രക്ഷാകർത്തൃത്വത്തിൽ ഇന്ത്യൻ സ്‌കൂൾ ഒമാൻ ഡയറക്ടർ ബോർഡ് ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 'ഭാവിക്കായി സജ്ജമായ സ്ഥാപനങ്ങൾക്കായി അധ്യാപകരെ ശാക്തീകരിക്കുക' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ ഒമാൻ, യുകെ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കളും വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുക്കും.

To advertise here,

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയിക്കുന്ന ലോകത്തിനായി അധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എങ്ങനെ സജ്ജമാക്കാം എന്നതാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. ശേഷി അധിഷ്ഠിത വിദ്യാഭ്യാസം, എഐയും ഡിജിറ്റൽ അധ്യാപന രീതിയും, എല്ലാവരെയും ഉൾക്കൊള്ളുന്ന ക്ലാസ് മുറികൾ, അധ്യാപകരുടെ ക്ഷേമവും നേതൃത്വവും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നൈപുണ്യങ്ങൾ എന്നീ അഞ്ച് പ്രധാന മേഖലകളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ശില്പശാലകൾ എന്നിവയ്ക്ക് പുറമെ കലാ-കരകൗശല പ്രദർശനവും കെയർ ആൻഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ പ്രത്യേക പ്രദർശനവും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഏതൊരു രാജ്യത്തിന്റെയും ഭാവിയുടെ യഥാർത്ഥ ശില്പികൾ അധ്യാപകരാണെന്നും പുതിയ ആശയങ്ങളുമായും ആത്മവിശ്വാസത്തോടെയും സ്‌കൂളുകളെ ഭാവിയിലേക്ക് നയിക്കാൻ ഈ സമ്മേളനം അധ്യാപകർക്ക് കരുത്തേകുമെന്നും ഇന്ത്യൻ സ്‌കൂൾ ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒമാനിലെയും അന്താരാഷ്ട്ര സ്‌കൂളുകളിലെയും പ്രിൻസിപ്പൽമാർ, അധ്യാപകർ, കൗൺസിലർമാർ, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.