മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ദാർസൈറ്റിൽ പുതിയ സ്‌പോർട്‌സ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.  ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസേയാണ് പുതിയ ഗ്രൗണ്ട് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചത്. ദീർഘകാലമായുള്ള സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

To advertise here,

ഇന്ത്യൻ സ്കൂൾസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷാലിമാർ മൊയ്തീൻ, ബോർഡ് അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി വ്യക്തികൾ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.

സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച മുൻകാല നേതാക്കളെയും ഇപ്പോഴത്തെ ഭരണസമിതിയെയും അംബാസഡർ അഭിനന്ദിക്കുകയും  പുതിയ കളിസ്ഥലം കുട്ടികൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

ഒമാൻ ദേശീയഗാനത്തോടും ഇന്ത്യയുടെ ദേശീയഗാനത്തോടും കൂടി ആരംഭിച്ച ചടങ്ങിൽ ശിലാഫലകം അനാച്ഛാദനംചെയ്തും കായിക പതാക ഉയർത്തിയുമാണ് അംബാസഡർ ഗ്രൗണ്ട് ഉത്ഘാടനം ചെയ്തത്. തുടർന്ന് ബാപ്പു, സി.വി. രാമൻ, ടാഗോർ, വിവേകാനന്ദ എന്നീ നാല് ഹൗസുകളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റും ടോർച്ച് റണ്ണും നടത്തി. .

ഒമാൻ ദേശീയ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ മുസാഫർ നാസിർ ശിരാൽക്കറുടെ സാന്നിധ്യത്തിൽ സ്കൂളിന്റെ 34-ാമത് വാർഷിക അത്‌ലറ്റിക് മീറ്റും ചടങ്ങിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കായിക മത്സരങ്ങളും കരാട്ടെ, തായ്‌കോണ്ടോ, ജിംനാസ്റ്റിക്സ് തുടങ്ങിയ ആയോധനകലകളുടെ പ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.

മാർച്ച് പാസ്റ്റിൽ സി.വി. രാമൻ ഹൗസ് ട്രോഫി കരസ്ഥമാക്കിയപ്പോൾ വിവേകാനന്ദ ഹൗസ് രണ്ടാം സ്ഥാനം നേടി. വിവിധ ദേശീയ തല മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. വിദ്യാർത്ഥികളുടെ സർവ്വതോമുഖമായ വളർച്ചയ്ക്കും കായികമികവിനും പുതിയ ഗ്രൗണ്ട് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.