മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തിലെ നിരവധി ആളുകൾ പങ്കെടുത്തു. രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളിലും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടന്നു.

To advertise here,

മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയാണ് സംഘടിപ്പിച്ചത്. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി പ്രശാന്ത് പിസെ ദേശീയ പതാക ഉയർത്തി. മബേല ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വന്ദേമാതരം ആലാപനത്തിന് ശേഷമാണ് പതാക ഉയർത്തൽ ചടങ്ങ് നടന്നത്. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം അദ്ദേഹം വായിച്ചു.

ഇന്ത്യൻ സ്കൂൾ വിദ്യാഥികൾ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ തുടങ്ങി രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി ആളുകൾ എംബസ്സി അങ്കണത്തിൽ ഒത്തുചേർന്നു. അവധി ദിവസം ആയതിനാൽ കൂടുതൽ ആളുകൾ പരിപാടികളിൽ സംബന്ധിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും എംബസി പരിസരത്ത് അരങ്ങേറി.

രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളിലും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ സ്കൂൾ അൽ ഗുബ്രായിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി പ്രശാന്ത് പിസെ വിദ്യാർഥികളുമായി സംവദിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മ്ദ് സൽമാൻ, ഡോക്ടർ പി മുഹമ്മദലി, അഹമ്മദ് റഹീസ് തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർഥികളുടെ വിവിധ കലാപ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.